Social Media - 2024

"കന്യാസ്ത്രീകള്‍ കാരുണ്യത്തിന്റെ മാലാഖമാര്‍, അവരെ ആക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ട്": മുസ്ലിം യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു

സ്വന്തം ലേഖകന്‍ 06-03-2017 - Monday

തങ്ങള്‍ക്ക് ഉള്ളതെല്ലാം ഉപേക്ഷിച്ച് അവശരെയും നിരാലംബരേയും പരിപാലിക്കുന്ന കന്യാസ്ത്രീകളെ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് മുസ്ലിം യുവാവ് എഴുതിയ അനുഭവ കുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഷക്കീര്‍ കെ‌പി എന്ന യുവാവ് മാര്‍ച്ച് 2-നു ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുന്നത്. സമൂഹത്തിലെ വലിച്ചറിയപ്പെടുന്ന ജീവിതങ്ങൾക്ക് ഒരുപാട് തുണയേകുന്ന, സ്നേഹവും കാരുണ്യവും കൊണ്ട് ജീവിതം നൽകുന്ന കന്യാസ്ത്രീകളെ അടച്ചാക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ടെന്നും ഷക്കീര്‍ പോസ്റ്റില്‍ കുറിച്ചു.

ഷക്കീറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിലാണ് ഞാൻ പഠിച്ചത്. കന്യാസ്ത്രീകളായ സിസ്റ്റർമാർ മാനേജ് ചെയ്യുന്ന കോളയാട് സെൻറ് സേവിയേഴ്‌സ് യു പി സ്‌കൂളിൽ. നന്മ നിറഞ്ഞ ഒരുപാട് സിറ്റർമാർ എനിക്ക് അധ്യാപകരായിട്ടുണ്ടായിട്ടുണ്ട്. തുണികളിൽ നൂല് കൊണ്ട് വർണ ചിത്രങ്ങൾ തുന്നാൻ പഠിപ്പിച്ചിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട 'തുന്നൽ സിസ്റ്റർ' അഞ്ച്, ആറ്, ഏഴ് ക്‌ളാസ്സുകളിൽ എനിക്ക് ക്ലാസ് ടീച്ചർമാരായിരുന്ന സിസ്റ്റർ ക്ലെമെന്റസ്, ഇഗ്‌നേഷ്യസ്, ഡിവോട്ട സിസ്റ്റർ എന്റെ മനസ്സിൽ ഇന്നും എന്നും ഞാൻ ഓർത്തു വെക്കുന്ന പ്രിയ ഗുരുനാഥൻമാരുടെ പേരുകളാണ്.

വികൃതികൾക്കു നല്ല ചൂരൽ പ്രയോഗം നടത്തുമ്പോഴും ഞാനടക്കമുള്ള വിദ്യാർത്ഥികളുടെ ഭാവിയിലും, സ്വഭാവ രൂപീകരണത്തിലും, ഈ പ്രിയപ്പെട്ട സിസ്റ്റർമാരുടെ ഇടപെടലുകളും, ഉപദേശങ്ങളും ചെലുത്തിയ സ്വാധീനം ഈയവസരം നന്ദിയോടെ സ്മരിക്കുകയാണ്. ഇവരൊന്നും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.

കോൺവെന്റ് വാസകാലത്തു നാലാം ക്‌ളാസ്സുകാരിയായ ഒരു കുട്ടിയോട് ക്രൂരയായ ഒരു സിസ്റ്റർ കാണിച്ച പീഡനത്തിന്റെ കഥ ആ കുട്ടി തന്നെ ഇപ്പോൾ പുറത്ത് പറഞ്ഞിരിക്കുന്നു. അതിന്റെ പേരിൽ കന്യാസ്ത്രീ വിഭാഗത്തെ മുഴുവൻ താറടിച്ചു കാണിക്കുന്ന ചർച്ചകളും, പ്രതികരണങ്ങളും കാണുന്നത് കൊണ്ടാണ് ഇതെഴുതേണ്ടി വരുന്നത്. എല്ലാ വിഭാഗത്തിലും ഉണ്ട് ക്രൂര മനസ്സുള്ളവർ. അത്തരം ആളുകളിൽ നിന്നുണ്ടാവുന്ന ചെയ്തികളിൽ അയാൾ പ്രതിനിധാനം ചെയ്യുന്ന ഒരു വിഭാഗത്തെ മുഴുവൻ തിന്മയുടെ ആളുകളായി ചിത്രീകരിക്കുന്നത് ശരിയാണോ?

കന്യാസ്ത്രീകളായ സിസ്റ്റർമാർ കാരുണ്യത്തിന്റെ പ്രതീകങ്ങളാണ്. അവർ സമൂഹത്തിൽ ചെയ്യുന്ന സേവനം വളരെ വലുതാണ്. കോളയാട് ടൗണിനടുത്ത് പുന്നപ്പാലം എന്ന സ്ഥലത്തു ഒരു വൃദ്ധ സദനം ഉണ്ട്. അവിടെയും ഉണ്ട് കുറച്ച് കന്യാസ്ത്രീകൾ. കന്യാസ്ത്രീ വിഭാഗങ്ങൾക്കെതിരെ കല്ലെറിയുന്ന പ്രിയ സുഹൃത്തുക്കൾ അവിടെയൊന്നും പോയി നോക്കണം. സ്വന്തം മക്കൾ ഉപേക്ഷിച്ച വൃദ്ധരായ , അവശരായ നൂറു കണക്കിന് മാതാപിതാക്കളെ പരിപാലിക്കുന്ന സിസ്റ്റർമാർ.

അവശരായ വൃദ്ധജനങ്ങളുടെ കാഷ്ടവും, മൂത്രവും കോരി വൃത്തിയാക്കായി അവരെ സ്വന്തം പോലെ പരിചരിക്കുന്ന മാലാഖമാർ !! ഈ പുണ്യം അവർ ചെയ്യുന്നത് വലിയ ശമ്പളം കിട്ടുന്നത് കൊണ്ടോ, അല്ലെങ്കിൽ എന്തെങ്കിലും സ്ഥാന മാനങ്ങളോ, പുരസ്കാരങ്ങളോ പ്രതീക്ഷിച്ചല്ല. വിശ്വാസത്തിന്റെ ഭാഗമായുള്ള ദൈവ പുണ്യം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.

കൊളയാടിനടുത്ത് തന്നെ അരയങ്ങാട് എന്ന ഒരു സ്ഥലം ഉണ്ട്. അവിടെയും ഉണ്ട് ഉണ്ട് സ്നേഹ ഭവൻ എന്ന ഒരു സ്ഥാപനം. മനസ്സിന്റെ സമനില തെറ്റിയ ആളുകളെ , തെരുവിൽ അലയുന്നവരെ പരിചരിക്കുന്ന ഒരു വിഭാഗം അവിടെയും ഉണ്ട്. കേരളത്തിൽ അങ്ങിനെ കന്യാസ്ത്രീ സമൂഹം നടത്തുന്ന എത്രയോ അനാഥ, അഗതി സ്ഥാപനങ്ങൾ ഉണ്ട്. ഇവരൊക്കെ കന്യാസ്ത്രീകളാവാൻ കോൺവെന്റുകളിലെ നിന്ന് തന്നെയാണ് ജീവിതം ചിട്ടപ്പെടുത്തിയത്.

അവിടെയൊക്കെ ക്രൂരമായ പരിശീലനം ആയിരുന്നു കിട്ടിയിരുന്നതെങ്കിൽ ഈ കന്യാസ്ത്രീകളക്ക് കരുണയുള്ള മനസ്സിന്റെ ഉടമകളായി മാറാൻ കഴിയുമായിരുന്നില്ല. അവരൊക്കെ ഇങ്ങനെ ജീവിക്കാൻ പഠിച്ചത് സ്നഹേത്തിന്റെയും, കരുണയുടെയും അന്തരീക്ഷത്തിൽ നിന്ന് തന്നെയാവണം. അത്കൊണ്ട് തന്നെ കന്യാ സ്ത്രീകളുടെ കോൺവെന്റ്‌കളെല്ലാം ക്രൂര പീഡനത്തിന്റെ കേന്ദ്രങ്ങളാണെന്നു വരുത്തി തീർക്കുന്നത് അനീതിയാണ്.

നാലാം ക്‌ളാസ്സുകാരിയോട് ക്രൂരത കാണിച്ച സിസ്റ്ററോടും,പതിനാറു വയസ്സുകാരിയെ ഗർഭിണിയാക്കിയ വികാരിയോടും പുച്ഛവും വെറുപ്പും ഉണ്ട്. അത്തരം പിശാച്ചുക്കളെയും, അതിനു കൂട്ട് നിന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. ഇത്തരം അനുഭവങ്ങൾ ഇനിയൊരാൾക്കും ഉണ്ടാവാതിരിക്കാനുള്ള നടപടികൾ ഉണ്ടാവണം.

പക്ഷേ ഇത്തരം സംഭവങ്ങളുടെ പേരിൽ സമൂഹത്തിലെ വലിച്ചറിയപ്പെടുന്ന ജീവിതങ്ങൾക്ക് ഒരുപാട് തുണയേകുന്ന, സ്നേഹവും കാരുണ്യവും കൊണ്ട് ജീവിതം നൽകുന്ന ഒരു വിഭാഗത്തെ മുഴുവൻ അടച്ചക്ഷേപിച്ച് അവരുടെ ആത്മാഭിമാനത്തെ ഇല്ലായ്മ ചെയ്യുന്നത് ശരിയല്ല. മദർ തെരേസയെ പോലുള്ളവര്‍ കന്യാസ്ത്രീ സമൂഹത്തിന്റെ നന്മയുടെ പ്രതീകങ്ങളാണ്.


Related Articles »