News

ലൂസിഫര്‍ സാത്താന്‍ സഭയുടെ സ്ഥാപകന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 17-03-2017 - Friday

ടെക്സാസ്: സാത്താന്റെ സാമ്രാജ്യം ദൈവരാജ്യത്തിന് മേല്‍ പ്രബലപ്പെടുകയില്ല എന്നതിന് ഉത്തമസാക്ഷ്യവുമായി മക്-കെല്‍വിയുടെ ജീവിതം ശ്രദ്ധേയമാകുന്നു. ടെക്സാസിലെ ഗ്രേറ്റര്‍ ചര്‍ച്ച് ഓഫ് ലൂസിഫര്‍ എന്ന സാത്താന്‍ സഭയുടെ സ്ഥാപകനായ മക്-കെല്‍വി ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് കൊണ്ടാണ് ക്രിസ്തുവിനായി തന്റെ ജീവിതം സമര്‍പ്പിച്ചത്. നേരത്തെ താന്‍ ആരംഭിച്ച സാത്താന്‍ സഭയിലേക്ക് അനേകരെ സ്വീകരിച്ച മക്-കെല്‍വി ഇന്ന് ക്രിസ്തുവിനെ പ്രഘോഷിച്ചു കൊണ്ട് ജീവിതം ധന്യമാക്കുകയാണ്.

2015 ഒക്ടോബര്‍ 30-നു ഇരുട്ടിന്റെ രാജാവായ ലൂസിഫറിനെ ആരാധിച്ചിരുന്ന ഒരു കൂട്ടം ആളുകളെ ഒരുമിപ്പിച്ചുകൊണ്ടാണ് മക്-കെല്‍വി ലൂസിഫേറിയന്‍ സഭ എന്ന സാത്താന്‍ ആരാധക കൂട്ടായ്മയ്ക്കു രൂപം കൊടുത്തത്. സഹോദരിയുടെ അപ്രതീക്ഷിത മരണവും പണത്തോടും അധികാരത്തോടുമുള്ള ആഭിമുഖ്യവുമാണ് മക്-കെല്‍വിയെ സാത്താന്‍ ആരാധനയിലേക്ക് എത്തിച്ചത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ തുടങ്ങിയ സാത്താനിക സഭയുടെ വളര്‍ച്ച വളരെ വേഗത്തിലായിരിന്നു.

അന്ധകാരത്തിന്റെ ശക്തിയിലേക്ക് അതിവേഗം സ്വാധീനിക്കപ്പെട്ട മക്-കെല്‍വി അനേകരെ സാത്താന്‍ സഭയിലേക്ക് ക്ഷണിച്ചു. “നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ദൈവം” എന്ന സാത്താന്‍ ആരാധകരുടെ വാക്കുകള്‍ തന്നില്‍ ഏറെ സ്വാധീനിച്ചിരിന്നതായി മക്-കെല്‍വി പറയുന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ താന്‍ ചെയ്യുന്നത് വലിയ തെറ്റാണെന്നുള്ള ചിന്ത മക്-കെല്‍വിയെ വേട്ടയാടുവാന്‍ തുടങ്ങി. ഒരു ക്രൈസ്തവ ദേവാലയത്തില്‍ പോകണമെന്നുള്ള അതിയായ ആഗ്രഹം മക്-കെല്‍വിയില്‍ ഉടലെടുത്തു. അധികം താമസിയാതെ തന്നെ അദ്ദേഹം സ്പ്രിംഗ് ഫസ്റ്റ് ദേവാലയത്തില്‍ എത്തി. തുടര്‍ന്നു നിരവധി വചനപ്രഘോഷകരുമായി കൂടികാഴ്ച നടത്തിയ അദ്ദേഹം ക്രിസ്തുവിനു മുന്നില്‍ ജീവിതം അടിയറവ് വെക്കുകയായിരിന്നു.

ക്രിസ്തുവിനെ അറിഞ്ഞതിന് ശേഷം താന്‍ അനുഭവിക്കുന്ന സന്തോഷവും ശക്തിയും വിവരിക്കാനാവാത്തതാണെന്നു മക്-കെല്‍വി തുറന്നു പറയുന്നു. ഇന്ന് ടെക്സാസിലെ വിവിധ ദേവാലയങ്ങളില്‍ പോയി ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചും പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ചും പ്രഘോഷിക്കുകയാണു മക്-കെല്‍വി. ദൈവത്തില്‍ നിന്നും എത്രമാത്രം അകലെയാണെങ്കിലും, ദൈവസ്നേഹം തിരിച്ചറിഞ്ഞു ക്രിസ്തുവിലേക്ക് തിരികെ എത്തുവാന്‍ തന്റെ ജീവിതസാക്ഷ്യം അനേകര്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് മക്-കെല്‍വി.


Related Articles »