News - 2024

അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ക്യൂബയിൽ കത്തോലിക്ക ദേവാലയം

സ്വന്തം ലേഖകന്‍ 24-05-2017 - Wednesday

താമ്പ: അറുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി ക്യൂബയിൽ കത്തോലിക്കാ ദേവാലയം പണിയുന്നു. ഫ്ലോറിഡ ഇടവകയുടെ സഹകരണത്തോടെ ദേവാലയ നിർമ്മാണം നടക്കുന്നത്. ക്യൂബയിലെ സാൻഡിനോയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ദേവാലയത്തോടൊപ്പം സിനഗോഗിന്റെ പുനരുദ്ധാരണവും നടത്തുന്നുണ്ട്. കമ്മ്യൂണിസിറ്റ് മേധാവിത്വം നിലനില്‍ക്കുന്ന ക്യൂബയിൽ മതസ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നതാണ് ദേവാലയത്തിന്റെ നിര്‍മ്മാണം.

പുതിയ ദേവാലയ നിർമ്മിതിയുടെ സന്തോഷം താമ്പയിലെ സെന്‍റ് ലോറൻസ് വികാരി ഫാ. റാമോൺ ഹെർണാഡസ് പങ്കുവെച്ചു. സംഭാവനകളിലൂടെ നിർമ്മാണത്തിനാവശ്യമായ തുക സമാഹരിക്കാനായതിൽ ഇടവകാംഗങ്ങൾ സന്തുഷ്ടരാണെന്നും അടുത്ത വർഷത്തോടെ ദേവാലയത്തിൽ ബലിയർപ്പിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തോളം ഡോളറാണ് സെന്‍റ് ലോറൻസ് ഇടവകയിൽ നിന്ന് സംഭാവന ലഭിച്ചത്.

സാൻഡിനോയില്‍ രൂപീകൃതമാകുന്ന പുതിയ ദേവാലയത്തെ ഫാ.സിറിലോ കാസ്ട്രോ എന്ന വൈദികനാണ് നയിക്കുക. എണ്ണൂറ് ചതുരശ്ര അടിയുള്ള ദേവാലയത്തിൽ ഇരുനൂറോളം ആളുകളെ ഉൾകൊള്ളാനാകും. കൃഷിയും മത്സ്യ ബന്ധനവും മുഖ്യവരുമാന മാർഗ്ഗമായ ക്യൂബൻ തീരദേശത്ത് നാല്പതിനായിരത്തോളം ജനങ്ങളാണ് തിങ്ങിപാർക്കുന്നത്.

ക്യൂബൻ ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം വരുന്ന ക്രൈസ്തവർ, ദേവാലയങ്ങളുടെ അഭാവവും മതപീഡനങ്ങളും മൂലം തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചിട്ടില്ലായെന്നതിന് തെളിവാണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണമെന്ന്‍ വിലയിരുത്തപ്പെടുന്നു. അതേസമയം ഹവാനായിലും സാന്‍റിയാഗോയിലും ദേവാലയങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. പില്‍കാലത്ത് രാജവ്യാപകമായി നിലനിന്നിരുന്ന നിരീശ്വരവാദത്തെ തുടർന്ന് നിരവധി ക്രൈസ്തവ നേതാക്കളാണ് രാജ്യത്തു പീഡനത്തിനിരയായത്.


Related Articles »