News

പോളണ്ട് പ്രധാനമന്ത്രിയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 29-05-2017 - Monday

വാര്‍സോ: പോളണ്ടിലെ പ്രധാനമന്ത്രിയായ ബീറ്റാ സിട്ലോയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചു. മെയ് 27 ശനിയാഴ്ചയാണ് ബീറ്റാ സിഡ്ലോയുടെ 25 വയസ്സുകാരനായ മകന്‍ തിമോത്തിയൂസ് സിഡ്ലോ അഭിഷിക്തനായത്. ഇന്നലെ ഞായറാഴ്ച (28/05/2017) പ്രെസിസന്‍ ദേവാലയത്തില്‍ നവവൈദികന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രധാനമന്ത്രിയും കുടുംബാംഗങ്ങളും അടക്കം നൂറുകണക്കിനു ആളുകളാണ് പങ്കെടുത്തത്. രൂപതാ വൈദികനാണ് ഫാ. തിമോത്തിയൂസ് സിഡ്ലോ.

തങ്ങളുടെ മകന്‍ ഒരു കത്തോലിക്കാ വൈദികനായതില്‍ തങ്ങള്‍ അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നതായി പോളിഷ് പ്രധാനമന്ത്രി ബീറ്റാ സിട്ലോയും ഭര്‍ത്താവായ എഡ്വാര്‍ഡ് സിട്ലോയും പറഞ്ഞു. പോളണ്ടിലെ ബില്‍സ്കോ സൈവിക്ക് രൂപതാംഗമാണ് ഫാദര്‍ തിമോത്തിയൂസ് സിട്ലോ. വരുന്ന ജൂണ്‍ 4 പെന്തക്കോസ്ത് ഞായറാഴ്ച ക്രാക്കോവിലെ ഹോളിക്രോസ്സ് ദേവാലയത്തില്‍ വെച്ച് ഫാദര്‍ തിമോത്തിയൂസ് സിഡ്ലോ തന്റെ ആദ്യത്തെ പരമ്പരാഗത ലത്തീന്‍ കുര്‍ബ്ബാന അര്‍പ്പിക്കും.

ശക്തമായ ക്രൈസ്തവ സാക്ഷ്യവുമായി പോളണ്ട് നിലകൊള്ളുകയാണ്. കഴിഞ്ഞ വര്‍ഷം യേശുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിന്നു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡായുടെ സാന്നിധ്യത്തില്‍ പോളിഷ് ബിഷപ്പുമാരാണ് ക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കണ്‍സര്‍വേറ്റീവ് ലോ ആന്‍ഡ്‌ ജസ്റ്റിസ് പാര്‍ട്ടിയാണ് രാജ്യത്തു അധികാരത്തിലിരിക്കുന്നത്.

വിവാഹം, സ്വവര്‍ഗ്ഗ രതി, ഭ്രൂണഹത്യ തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാ സഭയുടെ നിലപാടുമായി യോജിച്ചു പോകുന്ന പാര്‍ട്ടിയാണ് കണ്‍സര്‍വേറ്റീവ് ലോ ആന്‍ഡ്‌ ജസ്റ്റിസ് പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം തന്നെ പാസാക്കിയിരിന്നു.


Related Articles »