News - 2024

പ്രോലൈഫ് വിജയം; ആഗോള ഗര്‍ഭഛിദ്ര സംഘടനക്ക് കെനിയയില്‍ വിലക്ക്

സ്വന്തം ലേഖകന്‍ 20-11-2018 - Tuesday

നെയ്റോബി: അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ ഗര്‍ഭഛിദ്ര സംഘടനയായ മേരി സ്റ്റോപ്സിന് ആഫ്രിക്കന്‍ രാജ്യമായ കെനിയന്‍ റിപ്പബ്ലിക്കില്‍ വിലക്ക്. ഇക്കഴിഞ്ഞ നവംബര്‍ 14-നാണ് കെനിയയിലെ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് ബോര്‍ഡ് ഇതുസംബന്ധിച്ച കത്തയച്ചത്. സംഘടന ഏതെങ്കിലും വിധത്തില്‍ ഗര്‍ഭഛിദ്രം നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. തെറ്റിദ്ധാരണ പരത്തുംവിധത്തിലുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. "കെനിയന്‍ റിപ്പബ്ലിക്കിലുള്ള മേരി സ്റ്റോപ്സ് അബോര്‍ഷന്‍ കേന്ദ്രങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അബോര്‍ഷന്‍ ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ഉടന്‍ നിര്‍ത്തികൊള്ളണമെന്ന് നിര്‍ദ്ദേശിക്കുന്നു" എന്നാണ് കത്തിന്റെ ഉള്ളടക്കം.

‘സിറ്റിസണ്‍ ഗോ ആഫ്രിക്ക’ വഴി നിരവധി പ്രോലൈഫ് സംഘടനകള്‍ നല്‍കിയ പരാതിയുടെ പുറത്താണ് നടപടിയെന്നും കത്തിലുണ്ട്. വിലക്കിന് പുറമേ അടുത്ത 60 ദിവസത്തേക്ക് തങ്ങളുടെ കേന്ദ്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആഴ്ചതോറും ബോര്‍ഡിന് സമര്‍പ്പിക്കണമെന്നും കത്തില്‍ പറയുന്നു. മേരി സ്റ്റോപ്സ് കേന്ദ്രങ്ങള്‍ ആഫ്രിക്കയില്‍ അബോര്‍ഷന്‍ പ്രചരിപ്പിക്കും വിധത്തിലുള്ള പരസ്യങ്ങള്‍ നല്‍കി വരികയായിരിന്നു. ഇതേതുടര്‍ന്നു ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നു കഴിഞ്ഞ വര്‍ഷം മുതല്‍ക്കേ ‘സിറ്റിസണ്‍ ഗോ ആഫ്രിക്ക’ വഴി പ്രോലൈഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു.

പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയുടെ തലവനായ എസെക്കിയേല്‍ മുടുവ നിരോധനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതിനുമുന്‍പും ഇവരുടെ പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം വകവെക്കാതെ അവര്‍ പരസ്യങ്ങള്‍ ചെയ്തുവരികയായിരുനുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെനിയന്‍ ഭരണഘടനയനുസരിച്ച്, അമ്മയുടെ ആരോഗ്യത്തിനോ, ജീവനോ ഭീഷണിയായിട്ടുള്ള സാഹചര്യങ്ങളിലൊഴികെ അബോര്‍ഷന്‍ നിയമവിരുദ്ധമാണ്.

യുകെ ആസ്ഥാനമായ മേരി സ്റ്റോപ്സ് അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റവും വലിയ അബോര്‍ഷന്‍ പ്രചാരകരാണ്‌. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ പറയുന്നതനുസരിച്ച് ലോകമെങ്ങുമായി 37 രാഷ്ട്രങ്ങളില്‍ മേരി സ്റ്റോപ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. 1985 മുതലാണ് മേരി സ്റ്റോപ്സ് കെനിയയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കെനിയന്‍ ആരോഗ്യ മന്ത്രാലയം മെയ് മാസം പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം നിയമവിരുദ്ധമായ അബോര്‍ഷന്‍ നിമിത്തമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്533 മില്യണ്‍ കെനിയന്‍ ഷില്ലിങ്ങ്സാണ് (52.9 ലക്ഷം ഡോളര്‍) രാജ്യം ഇതുവരെ ചിലവഴിച്ചിരിക്കുന്നത്.


Related Articles »