News - 2024

'നിഗൂഢ അത്താഴ' ചിത്രം വീണ്ടും സിറിയൻ ദേവാലയത്തില്‍

സ്വന്തം ലേഖകന്‍ 19-01-2019 - Saturday

മാലുലാ: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയയിലെ ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശത്തിന്റെ സമയത്തു മോഷണം പോയ 'അന്ത്യ അത്താഴത്തിന്റെ' മാതൃകയിലുള്ള ചിത്രം പഴയ അൾത്താരയിലേക്കു തന്നെ തിരികെയെത്തിച്ചു. യേശുക്രിസ്തു സംസാരിച്ച അറമായ ഭാഷ ഇപ്പോഴും പ്രചാരത്തിലിരിക്കുന്ന മാലുലാ എന്ന സിറിയൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് സെർജിയൂസ് ആൻഡ് ബച്ചൂസ് ദേവാലയത്തിൽ നിന്നും മോഷണം പോയ 'മിസ്റ്റിറീസ് സപ്പർ' ചിത്രത്തിന്റെ പകര്‍പ്പാണ് ഒടുവില്‍ തിരികെയെത്തിച്ചിരിക്കുന്നത്. 2014-ല്‍ ഗ്രാമം അൽ നുസ്റ തീവ്രവാദ സംഘടനയുടെ കീഴിലായിരുന്ന സമയത്താണ് ചിത്രം മോഷണം പോകുന്നത്.

വിവിധ സംഘടനകളുടെ സഹായത്താലാണ് ചിത്രത്തിന്റെ പകർപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത്. ചിത്രത്തിന്റെ പകർപ്പ് തിരികെയെത്തുന്നതു വഴി സിറിയൻ ക്രൈസ്തവ സമൂഹത്തിനെ ഒന്നിപ്പിക്കാനും സമാധാനപരമായ സഹവർത്തിത്വത്തിൽ വിശ്വസിക്കുന്നവരുടെ ഐക്യം ശക്തിപ്പെടുത്താനും സഹായകമാകുമെന്ന സാക്ഷ്യമാണ് ഇതിലൂടെ നൽകാൻ സാധിക്കുന്നതെന്ന് ചിത്രം തിരികെയെത്തിക്കാൻ മുൻകൈയെടുത്തവർ 'ഏജൻസിയ ഫിഡ്സ്' മാധ്യമത്തോട് പറഞ്ഞു. 'അന്ത്യ അത്താഴത്തിന്റെ' ചിത്രത്തിൽ മുകൾഭാഗത്ത് യേശുവിന്റെ കുരിശുമരണവും, താഴ്ഭാഗത്ത് അന്ത്യത്താഴവുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

സാധാരണ അന്ത്യത്താഴ ചിത്രങ്ങളിൽ നിന്നും തീർത്തും വിഭിന്നമായി യേശുവിനെ മേശയുടെ ഇടതുവശത്തായിട്ടാണ് ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. യേശുവും ശിഷ്യന്മാരും അർദ്ധവൃത്താകൃതിയിലുള്ള മേശയ്ക്കുചുറ്റുമാണ് ഇരിക്കുന്നത്. ദേവാലയത്തിന്റെ പ്രധാന അൾത്താരയും അർദ്ധവൃത്താകൃതിയിൽ ഉള്ളതാണ്. ഡമാസ്കസില്‍ നിന്ന് 55 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന മാലുല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് സെർജിയൂസ് & ബച്ചൂസ് ദേവാലയം മെൽക്കൈറ്റ് കത്തോലിക്ക സഭയുടെ കൈവശമുള്ളതാണ്. ഏതാണ്ട് ഏഴു മാസത്തോളം ഗ്രാമം തീവ്രവാദികളുടെ അധീനതയിലായിരുന്നു.

ഗ്രാമം സൈന്യം തിരിച്ചു പിടിച്ചതിനുശേഷം സിറിയൻ സർക്കാരും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ട ചിത്രങ്ങളും മറ്റ് രേഖകളും ക്രിസ്ത്യാനികൾ നേരിട്ട് പീഡനങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു. തീവ്രവാദികൾ എത്തുന്നതിനുമുമ്പ് അയ്യായിരത്തോളം സിറിയക്കാർ ജീവിച്ചിരുന്ന മാലുല ഗ്രാമത്തിൽ ക്രൈസ്തവരായിരുന്നു ഭൂരിപക്ഷം ആളുകളും. ഇന്ന്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്.


Related Articles »