News

മറിയം ത്രേസ്യായുടെ വിശുദ്ധ പദവിക്ക് പാപ്പയുടെ അംഗീകാരം: തീയതി പിന്നീട്

സ്വന്തം ലേഖകന്‍ 14-02-2019 - Thursday

വത്തിക്കാന്‍ സിറ്റി: നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഹോളിഫാമിലി സന്യാസിനീ സമൂഹ സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ഡിക്രി പുറപ്പെടുവിക്കാന്‍ നാമകരണത്തിനായുള്ള തിരുസംഘത്തിന് മാര്‍പാപ്പയുടെ അനുമതി. മറിയം ത്രേസ്യായെ കൂടാതെ ഇംഗ്ലണ്ടിലെ കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂമാനെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ തിരുസംഘത്തിന്റെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്ചിയുവിന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശം നല്‍കി.

നാമകരണം സംബന്ധിച്ചു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കര്‍ദ്ദിനാള്‍ ആഞ്ചലോ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് കാരണമായ അത്ഭുതം അടുത്തിടെ കര്‍ദ്ദിനാളുമാരുടെ തിരുസംഘം അംഗീകരിച്ചിരിന്നു.

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറിയം ത്രേസ്യായെയും കര്‍ദ്ദിനാള്‍ ജോണ്‍ ന്യൂമാനെയും കൂടാതെ അഞ്ചുപേരെ ധന്യപദവിയിലേക്ക് ഉയര്‍ത്തുവാനും പാപ്പ അനുമതി നല്‍കി. ഹംഗറിയില്‍ കമ്യൂണിസ്റ്റ് തടവറയില്‍ ദീര്‍ഘകാലം കഴിഞ്ഞ കര്‍ദ്ദിനാള്‍ ജോസഫ് മിന്‍സെന്തി, ഇറ്റാലിയന്‍ വൈദികനും, തിരുക്കുടുംബ നാമത്തിലുള്ള അല്‍മായ പ്രസ്ഥാനത്തിന്‍റെ (Secular Institute of the Holy Family) സ്ഥാപകനുമായ ദൈവദാസന്‍ ജോണ്‍ ബാപ്റ്റിസ്റ്റ് സുവബോനി, സ്പെയിന്‍ സ്വദേശിയും ഈശോ സഭ വൈദികനുമായ ദൈവദാസന്‍ ഇമ്മാനുവേല്‍ ഗാര്‍ഷ്യാ നിയേത്തോ, ഇറ്റലിയില്‍ നിന്നുള്ള സന്യസ്ഥയും സുവിശേഷത്തിന്‍റെ മിഷണറി സഹോദരിമാരുടെ സന്ന്യാസ സമൂഹ സ്ഥാപകയുമായ ദൈവദാസി സെറഫീന ഫോര്‍മായ്, മംഗലവാര്‍ത്തയുടെ സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകയായ കൊളംബിയക്കാരി ബേര്‍ണിസ് ദൂങ്ക്വേ എന്നിവരെയാണ് ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നത്.


Related Articles »