News - 2024
നീതി നിഷേധിച്ച സിസ്റ്റര്‍ കണ്‍സീലിയക്കു വേണ്ടി സ്വരമുയര്‍ത്തി അരുണാചല്‍ സ്ത്രീത്വം
സ്വന്തം ലേഖകന്‍ 09-03-2019 - Saturday
മിയാവോ: ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ വിദൂര ഗ്രാമത്തിലെ സ്ത്രീകളുടെ ഇക്കൊല്ലത്തെ വനിതാ ദിനാചരണം വ്യത്യസ്തമായി. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ തടവില്‍ കഴിയുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ അംഗമായ സിസ്റ്റര്‍ കണ്‍സീലിയ ബസ്ലക്കു വേണ്ടി സ്വരമുയര്‍ത്തിയാണ് അരുണാചലിലെ ചാങ്ങ്ലാങ്ങ് ജില്ലയിലെ നിയോട്ടാന്‍ ഗ്രാമത്തിലെ സ്ത്രീകള്‍ വനിതാ ദിനം ആഘോഷിച്ചത്.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളെ പോലും മാനിക്കാതെ, മാസങ്ങളായി തടവറയില്‍ പാര്‍പ്പിച്ചിരിക്കുന്ന സിസ്റ്റര്‍ കണ്‍സീലിയുടെ മോചനം ഉടന്‍ സാധ്യമാകണമെന്നും കന്യാസ്ത്രീയുടെ നിരപരാധിത്വം തങ്ങള്‍ക്ക് അറിയാമെന്നും കിഴക്കന്‍ അരുണാചല്‍പ്രദേശിലെ കത്തോലിക്കാ വനിതകളുടെ കൂട്ടായ്മയുടെ പ്രസിഡന്റായ ലിക്രോ മൊസ്സാങ്ങ് പറഞ്ഞു. “വ്യാജ കുറ്റാരോപണങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ ബസ്ലയുടെ വേദനയില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളും പങ്കുചേരുന്നു. സിസ്റ്റര്‍ ബസ്ല നിരപരാധിയാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ വര്‍ഷത്തെ വനിതാ ദിനം ആചരിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്”. അവര്‍ വ്യക്തമാക്കി.
വനിതകളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മക്കു പിന്തുണ പ്രഖ്യാപിച്ച് ഗ്രാമത്തിലെ പുരുഷന്മാരും, യുവജനങ്ങളും സിസ്റ്റര്‍ ബസ്ലക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈ 5-നാണ് സിസ്റ്റര്‍ ബസ്ല അറസ്റ്റിലാവുന്നത്. മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോള്‍ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. പോലീസ് കുറ്റപത്രം സമര്‍പ്പിക്കുവാന്‍ വൈകിപ്പിക്കുന്നതാണ് മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിട്ടും സിസ്റ്റര്‍ ബസ്ല ജെയിലില്‍ കഴിയുന്നതിന്റെ കാരണം. ഇതിനെ സുപ്രീം കോടതി അടക്കം ചോദ്യം ചെയ്തിരിന്നു.
സിസ്റ്റര്‍ ബസ്ലയുടെ മോചനത്തിന് പുറമേ, ഇന്ത്യയും-പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യവും, ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവര്‍ക്ക് സ്ഥിര താമസാനുവാദം നല്‍കുവാനുള്ള അരുണാചല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധങ്ങളും കണക്കിലെടുത്ത് സ്വന്തം രാഷ്ട്രത്തിലും, സംസ്ഥാനത്തിലും സമാധാനം പുലര്‍ന്നു കാണുവാന്‍ വേണ്ടിയും നിയോട്ടാനിലെ വനിതകള്‍ പ്രാര്‍ത്ഥിച്ചു.