India - 2024

വിവാദ കാര്‍ട്ടൂണിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു

സ്വന്തം ലേഖകന്‍ 13-06-2019 - Thursday

കോട്ടയം: ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയ കേരള ലളിതകലാ അക്കാദമിയുടെ നടപടിയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ക്രൈസ്തവ പ്രതീകങ്ങളെ അശ്ലീലപരമായ രീതിയില്‍ ചിത്രീകരിച്ച കാര്‍ട്ടൂണിസ്റ്റിന്റെ പ്രകോപനപരമായ നിലപാടിനെ പിന്തുണയ്ക്കുന്ന കേരളസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലളിതകലാ അക്കാദമിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സര്‍ക്കാരിന്റെ ചര്‍ച്ച് ബില്ല് ഉള്‍പ്പെടെയുള്ള െ്രെകസ്തവ വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയായി മാത്രമേ ഈ അവാര്‍ഡ് നിര്‍ണയത്തെയും കാണുന്നതെന്ന്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവിച്ചു.

വിശ്വാസത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിനു പുരസ്‌കാരം പ്രഖ്യാപിച്ച കേരള ലളിതകലാ അക്കാദമി നടപടി പിന്‍വലിച്ച് മാപ്പു പറയണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന സഭാ അവഹേളനത്തിനു സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്‍ക്കരുതെന്നും വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ അക്കാദമി ഖേദം പ്രകടിപ്പിച്ച് തെറ്റുതിരുത്തണമെന്നും ബിഷപ്പ് മാര്‍ കണ്ണൂക്കാടന്‍ കൂട്ടിച്ചേര്‍ത്തു.

ഇടതു സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ മുഖമാണ് അവാര്‍ഡ് നിര്‍ണയത്തിലൂടെ വ്യക്തമാകുന്നതെന്നും അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കണമെന്നും കെസിവൈഎം സംസ്ഥാന പ്രസിഡന്റ്‌ സിറിയക് ചാഴികാടന്‍ പറഞ്ഞു. മതചിഹ്നങ്ങളെ അവഹേളിക്കുന്ന ആധുനിക സാംസ്കാരിക സമീപനങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പ്രതികരിച്ചു. കാര്‍ട്ടൂണ്‍ അവാര്‍ഡിന് നീചമായ ചിത്രം വരച്ചവ്യക്തിയും അവാര്‍ഡു തീരുമാനിച്ച കമ്മിറ്റിയും സമൂഹത്തോട് മാപ്പ്പറയണം.വിശ്വാസികളുടെ സംയമനം എന്തുമാകാമെന്ന കാഴ്ചപ്പാടില്‍ ആരും എത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »