India - 2024

ലോകം വെറുക്കുന്ന സഹനത്തെ അല്‍ഫോന്‍സാമ്മ വിളിച്ചത് സ്നേഹം: മാര്‍ ജോസ് പുളിക്കല്‍

സ്വന്തം ലേഖകന്‍ 27-07-2019 - Saturday

ഭരണങ്ങാനം: ലോകം വെറുക്കുന്ന സഹനത്തെ അല്‍ഫോന്‍സാമ്മ വിളിച്ചത് സ്നേഹമെന്നായിരിന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. ഭരണങ്ങാനത്ത് അല്‍ഫോന്‍സാ തിരുനാളിന്റെ എട്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. സഹനമെന്ന സമസ്യയുടെ മുന്പില്‍ ഇന്ന് ആധുനികലോകം വഴിമുട്ടി നില്‍ക്കുകയാണെന്നും സഹനം സ്‌നേഹമാണെന്ന് ജീവിതംകൊണ്ട് മൊഴിമാറ്റം നടത്തിയവളാണു വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍ഫോന്‍സാമ്മ കുരിശിന്‍ ചുവട്ടിലിരുന്നു ധ്യാനിച്ചു പഠിച്ച വിശുദ്ധ രഹസ്യങ്ങള്‍ ജീവിതം വ്യാഖ്യാനിച്ചാണ് സഹനങ്ങള്‍ സ്‌നേഹമാണെന്ന് ലോകത്തെ പഠിപ്പിച്ചതെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. തോമസ് വലിയവീട്ടില്‍, ഫാ. മാത്യു ചീരാംകുഴി സിഎംഐ, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. അഗസ്റ്റിന്റെ തെരുവത്ത്, ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം ഫാ. മാത്യു പാറത്തൊട്ടി ആഘോഷമായ റംശ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. ജപമാല മെഴുകുതിരി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഫാ. ജോസഫ് കുറുപ്പശേരിയില്‍ കാര്‍മ്മികത്വം വഹിച്ചു.

ഇന്നു രാവിലെ 11നു മലങ്കര റീത്തില്‍ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് അയ്മനം നവധ്വനി ഡയറക്ടര്‍ ഫാ. ബിജു മൂലക്കര ബധിരര്‍ക്കുവേണ്ടി പ്രത്യേകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് മഠത്തിലേക്കു ജപമാല, മെഴുകുതിരി പ്രദക്ഷിണം.


Related Articles »