News

പീഡാസഹന സമയത്ത് യേശു ധരിച്ചിരുന്ന മേലങ്കിയുടെ പ്രദര്‍ശനം ഫ്രാൻസിൽ

സ്വന്തം ലേഖകന്‍ 05-04-2016 - Tuesday

"പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു - ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍വേണ്ടിയാണ്‌ പടയാളികള്‍ ഇപ്രകാരം ചെയ്തത്" (യോഹന്നാന്‍ 19:23-24).

കാല്‍വരിയിലെ പീഡാസഹനസമയത്ത് യേശു ധരിച്ചിരുന്നതായി കരുതപ്പെടുന്ന ഈ മേലങ്കിയുടെ പ്രദര്‍ശനം ഫ്രാൻസിൽ ആരംഭിച്ചു. തുന്നലില്ലാതെ നെയ്യപ്പെട്ട ഈ മേലങ്കിയുടെ പ്രദര്‍ശനം ഫ്രാൻസിലെ അര്‍ജെന്റെയുവിലുള്ള സെന്റ്‌ ഡെനിസ് ബസിലിക്കയിൽ ഏപ്രില്‍ 10 വരെയായിരിക്കും നടക്കുക.

800-ലാണ് ഈ തിരുശേഷിപ്പ് ഫ്രാന്‍സില്‍ എത്തുന്നത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ ചക്രവര്‍ത്തിനിയായിരുന്ന ഐറിന്‍ - ചാര്‍ളിമേയിനെ വിവാഹം കഴിക്കാമെന്നും അതുവഴി രണ്ടു രണ്ടുരാജ്യങ്ങളും തമ്മില്‍ ഐക്യമുണ്ടാക്കാമെന്നും പ്രതീക്ഷിച്ചു കൊണ്ട് ഈ തിരുശേഷിപ്പ് ചാര്‍ളിമെയിന്‍ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യപ്പെട്ട വേളയില്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കി. പക്ഷേ ആ വിവാഹം നടന്നില്ല, കാരണം അപ്പോഴേക്കും ഐറിന്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടിരുന്നു. അമൂല്യമായ ഈ സമ്മാനം ചാര്‍ളിമേയിന്‍ സുരക്ഷിതമായി സൂക്ഷിക്കുവാനായി അപ്പോള്‍ അര്‍ജെന്റെയുവിലെ ‘ഹുമിലിറ്റി ഓഫ് ഔര്‍ ലേഡി’ സന്യാസിനീ സഭയുടെ ആശ്രമാധിപയായിരുന്നു തന്റെ മകളായ തിയോഡ്രഡിനെ ഏല്‍പ്പിച്ചു.

നോര്‍മന്‍ ആക്രമണ കാലത്ത്‌ അവിടത്തെ കന്യകാസ്ത്രീകള്‍ ഈ തിരുശേഷിപ്പ് നശിപ്പിക്കപ്പെടാതിരിക്കുന്നതിനായി ഒരു ഭിത്തിക്ക് പുറകില്‍ ഒളിച്ചു വെച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പകുതി വരെ അത് അവിടെ തന്നെയിരുന്നു. അപ്പോഴേക്കും ആ ആശ്രമം വിശുദ്ധ ഡെനിസിന്റെ ബെനഡിക്ടന്‍ സന്യാസിമാരുടെ ഉടമസ്ഥതയിലായി. 1131-ല്‍ അവര്‍ രാജാവായിരുന്ന ലൂയീസ്‌ ഏഴാമനു വേണ്ടി ഈ മേലങ്കിയുടെ ഒരു ഗംഭീര പ്രദര്‍ശനമൊരുക്കി. കൂടാതെ വിശുദ്ധ ലൂയീസും ഈ തിരുശേഷിപ്പിനെ 1255ലും പിന്നീട് 1260ലുമായി രണ്ടു പ്രാവശ്യം വണങ്ങിയിട്ടുണ്ട്. 1544-ല്‍ ഫ്രാന്‍സിസ്‌ ഒന്നാമന്‍ രാജാവ് ഈ തിരുശേഷിപ്പ് മോഷണം പോകാതിരിക്കുവാനായി കോട്ടകെട്ടി സംരക്ഷിച്ചുവെന്ന് ചരിത്രം പറയുന്നു.