News

ഇത്ര ചെറുതാകാന്‍ എത്ര വളരേണം: വൈദികനില്‍ നിന്ന് ആശീര്‍വ്വാദം സ്വീകരിച്ച് പാപ്പ

സ്വന്തം ലേഖകന്‍ 29-08-2019 - Thursday

വത്തിക്കാന്‍ സിറ്റി: ലോകം ആദരിക്കുന്ന വ്യക്തിത്വത്തിന് ഉടമയും നൂറ്റിമുപ്പതു കോടി കത്തോലിക്ക വിശ്വാസികളുടെ തലവനുമായ ഫ്രാന്‍സിസ് പാപ്പയുടെ എളിമയുടെ തെളിമയാര്‍ന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. അടുത്ത നാളില്‍ പൗരോഹിത്യം സ്വീകരിച്ച യുവ നവ വൈദികനില്‍ നിന്ന്‍ ആശീര്‍വ്വാദം സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ശിരസ്സ് കുനിച്ചാണ് ലോകത്തിന്റെ വലിയ ഇടയന്‍ ആശീര്‍വ്വാദം ഏറ്റുവാങ്ങുന്നതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

കാരുണ്യത്തിന്റെയും എളിമയുടെയും ദീപസ്തംഭമായി ലോകം വാഴ്ത്തുന്ന പാപ്പയുടെ ഈ പ്രവര്‍ത്തി ഏറെ ഹൃദയസ്പര്‍ശിയാണെന്നും അനേകര്‍ക്ക് പ്രചോദനമേകുന്നതാണെന്നും മിക്കവരും നവമാധ്യമങ്ങളില്‍ കുറിച്ചു. പാപ്പയ്ക്കു ആശീര്‍വ്വാദം നല്കിയ വൈദികന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ എല്ലാവര്‍ക്കും നവമാധ്യമങ്ങളില്‍ പറയാന്‍ രണ്ടു കാര്യങ്ങളെയുള്ളൂ, ഇത്ര ചെറുതാകാന്‍ എത്ര വളരേണം; പത്രോസിന്റെ പിന്‍ഗാമിയെ ആശീര്‍വ്വദിച്ച ആ കരങ്ങള്‍ എത്രയോ ഭാഗ്യമുള്ളവ.

കര്‍ത്താവേ, നീ സ്ഥാപിച്ച പൗരോഹിത്യം എത്രയോ ശ്രേഷ്ഠം. ‍


Related Articles »