Life In Christ - 2024

സകല മരിച്ചവരുടെയും തിരുനാള്‍ ഹൃസ്വമായ ഈ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുവാനുള്ള സമയം: വിശ്വാസികളോട് ഫിലിപ്പീന്‍സ് കൊട്ടാരം

സ്വന്തം ലേഖകന്‍ 02-11-2019 - Saturday

മനില: സകല പരേതാത്മാക്കളുടെയും ഓര്‍മ്മയാചരണത്തില്‍ കത്തോലിക്ക വിശ്വാസികള്‍ക്കൊപ്പം പങ്കുചേര്‍ന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയും, കാര്യാലയവുമായ മലാക്കനാങ്ങ് കൊട്ടാരവും. സകല മരിച്ചവരുടെയും തിരുനാള്‍ ഹൃസ്വമായ ഈ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുവാനുള്ള സമയമാണെന്നു പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവായ സാല്‍വഡോര്‍ പനേലോ തന്റെ പ്രസ്താവനയിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡ്യുട്ടര്‍ട്ടെയും മരിച്ചവരുടെ ഓര്‍മ്മയാചരണ ദിന സന്ദേശം നല്‍കുകയുണ്ടായി.

നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുമായി ചിലവിട്ട നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സൃഷ്ടാവിനൊപ്പം ചേര്‍ന്ന അവര്‍ക്കായി നമ്മുടെ പ്രാര്‍ത്ഥനയും സ്നേഹവും നല്‍കുവാനും, അവരുടെ സംരക്ഷണത്തിനായി ദൈവത്തോട് അപേക്ഷിക്കുവാനുള്ള അവസരമാക്കി മാറ്റണമെന്നാണ് മലാക്കനാങ്ങ് കൊട്ടാരത്തിനുവേണ്ടി പനേലോ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മാത്രമല്ല, ഹൃസ്വമായ ഈ ലോക ജീവിതത്തെക്കുറിച്ച് ഓര്‍ക്കുവാനും, ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി ജീവിക്കുവാനും ജീവിച്ചിരിക്കുന്നവരെ ഓര്‍മ്മിപ്പിക്കുവാനുള്ള അവസരം കൂടിയാണ് സകല ആത്മാക്കളുടേയും ദിനമെന്നും പനേലോ പറഞ്ഞു.

മരിച്ചവര്‍ക്കുള്ള ദിനത്തില്‍ നന്മയും, കരുണയും, ക്ഷമയുമുള്ളവരായിരിക്കുന്നതിനൊപ്പം, സമൂഹത്തില്‍ നാം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ വരുത്തുന്ന ശക്തിയായി തീരുകയും, പരസ്പരം സ്നേഹിക്കുകയും ചെയ്യാം. നമ്മെ വിട്ടുപിരിഞ്ഞവരെ പ്രിയപ്പെട്ടവരേ ഓര്‍മ്മിക്കുകയും അവരുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അവസരത്തില്‍, നമ്മുടെ നിത്യജീവിതത്തില്‍ നമ്മളെ നയിച്ചു കൊണ്ടിരിക്കുന്ന വിശുദ്ധരുടെ സ്തുത്യര്‍ഹമായ ജീവിതങ്ങളെക്കുറിച്ചും ഓര്‍ക്കണമെന്ന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഡൂട്ടര്‍ട്ടെ തന്റെ സകല ആത്മാക്കളുടേയും ദിന സന്ദേശത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ബാങ്കോക്കില്‍വെച്ച് നടക്കുന്ന 35-മത് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ (ASEAN) ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ പോകേണ്ടതിനാല്‍ ഒക്ടോബര്‍ 31-ന് ഡൂട്ടര്‍ട്ടെ തന്റെ മാതാപിതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ദവാവോ സിറ്റിയിലെ കത്തോലിക്കാ സെമിത്തേരിയില്‍ നേരിട്ടെത്തി കല്ലറ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.


Related Articles »