News - 2024

ത്യാഗ സ്മരണയില്‍ ആഗോള സമൂഹം ദുഃഖവെള്ളി ആചരിച്ചു

സ്വന്തം ലേഖകന്‍ 11-04-2020 - Saturday

തിരുവനന്തപുരം: യേശുവിന്റെ പീഡാനുഭവ സ്മരണ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ വിശ്വാസികളെ പൂർണ്ണമായും ഒഴിവാക്കിയാണ് പള്ളികളിൽ പ്രാർത്ഥനകളും ശുശ്രൂഷകളും നടത്തിയത്. ഓശാന ഞായറും പെസഹ വ്യാഴവും ആചരിച്ച പോലെ നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകൾ. അതേസമയം വീടുകളില്‍ കുരിശിന്റെ വഴിയും കരുണകൊന്തയും ചൊല്ലിയും മെത്രാന്മാരും വൈദികരും നേതൃത്വം നല്കിയ തിരുകര്‍മ്മങ്ങളില്‍ ഓണ്‍ലൈന്‍ വഴി തത്സമയം പങ്കുചേര്‍ന്നും വിശ്വാസികള്‍ പ്രാര്‍ത്ഥിച്ചു. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴി ശുശ്രൂഷകൾ ലൈവായി പ്രദർശിപ്പിച്ചു. കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ രാവിലെ 9.30നോട് കൂടെ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മലങ്കര കത്തോലിക്ക സഭയുടെ ദുഃഖവെള്ളി ശുശ്രൂഷകൾ രാവിലെ 11 മണിയോടെ ആരംഭിച്ച് ഉച്ചയ്ക്ക് 2ന് സമാപിച്ചു. പട്ടം ബിഷപ്പ് ഹൗസ് ചാപ്പലിൽ നടന്ന ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു.

പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ യേശുവിന്റെ പീഡാനുഭവ അനുസ്മരണച്ചടങിന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് 3 മുതൽ 4.30 വരെയായിരുന്നു ചടങ്ങുകൾ. പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് ഫാ. ജോർജ് വർഗീസ്, ഫാ. ഫിലിപ്പ് ഐസക്ക് എന്നിവർ നേതൃത്വം നൽകി. വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളി, പാളയം സമാധാന രാജ്ഞി ബസിലിക്ക, പാളയം എം.എം.പള്ളി, സിഎസ്ഐ കത്തീഡ്രൽ, പിഎംജി ലൂർദ് ഫൊറോന പള്ളി, പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളി, പോങ്ങൂംമൂട് സെന്റ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന പള്ളി തുടങ്ങി നഗരത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിലും ദുഃഖ വെള്ളി ആചരിച്ചു. വത്തിക്കാനില്‍ ഇന്നലെ രാത്രി പീഡാനുഭവ സ്മരണയും കുരിശിന്റെ വഴിയും നടന്നു. ജനപങ്കാളിത്തമില്ലാതെയായിരിന്നു ശുശ്രൂഷകള്‍.

ഉയർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി നാളെ ആഗോള സമൂഹം ഈസ്റ്റർ ആഘോഷിക്കും. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ഉണ്ടാകും. വിശ്വാസികൾക്ക് വീട്ടിലിരുന്നു ചടങ്ങുകൾ വീക്ഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ ലൈവ് സ്ട്രീമിങ് നടത്തും. മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റർ തിരുകർമ്മങ്ങൾക്കു കർദ്ദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് വൈകീട്ട് എഴുമണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ തിരുകർമ്മങ്ങൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിക്കും. ഇന്നു രാത്രി 11 ന് തിരുകർമ്മങ്ങൾ തുടങ്ങും. സമൂഹ മാധ്യമങ്ങളിലൂടെ ശുശ്രൂഷകൾ നേരിട്ട് വിശ്വാസികൾക്ക് കാണാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.


Related Articles »