News - 2024

അന്തോണീസ് പുണ്യവാളന്റെ നാമധേയത്തില്‍ ശ്രീലങ്കന്‍ നാവിക സേന പുതിയ ദേവാലയം പണിയുന്നു.

സ്വന്തം ലേഖകന്‍ 14-05-2016 - Saturday

കൊളംമ്പോ: വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നാമത്തില്‍ പുതിയ ദേവാലയം പണിയുവാന്‍ ശ്രീലങ്കന്‍ നാവിക സേന തീരുമാനിച്ചു. കച്ചത്തീവ് ദ്വീപിലാണു പുതിയ ദേവാലയം ഉയരുന്നത്. ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള ആയിരക്കണക്കിനു വിശ്വാസികളെത്തി പ്രാര്‍ത്ഥന നടത്തുന്ന സ്ഥലമാണിത്. ആദ്യം ഇന്ത്യയുടെ ഭാഗമായിരുന്ന ദ്വീപ് 1974-ല്‍ ലങ്കയ്ക്കു വിട്ടു നല്‍കുകയായിരുന്നു.

രാമേശ്വരത്തു നിന്നും രണ്ടു മണിക്കൂറില്‍ താഴെ ബോട്ടിലൂടെ സഞ്ചരിച്ചാല്‍ കച്ചത്തീവില്‍ എത്താം. 10 മില്യണ്‍ രൂപയാണു ദേവാലയ നിര്‍മ്മാണത്തിനായി നാവിക സേന നല്‍കുന്നത്. നാവിക സേനാംഗങ്ങള്‍ തന്നെയാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. വൈദികരുടെ അശീര്‍വാദത്തോടെ ദേവാലയത്തിനുള്ള കല്ലിടീല്‍ കര്‍മ്മം കഴിഞ്ഞ ദിവസം നടന്നു. പാദുവയിലെ അന്തോണീസ് പുണ്യവാളന്റെ നാമത്തിലുള്ള ദേവാലയത്തില്‍ തിരുനാള്‍ നടത്തുന്നതു വലിയ നോമ്പിലെ രണ്ടാം ഞായറാഴ്ചയാണ്. കഴിഞ്ഞ നൂറു വര്‍ഷമായി ഇവിടെ തിരുനാള്‍ നടത്തി വരുന്നു. 1905-ല്‍ പണികഴിപ്പിച്ചതാണ് പഴയ ദേവാലയം.

കടലില്‍ നിന്നും നേരിടാവുന്ന ആപത്തുകളില്‍ നിന്നും തങ്ങളെ സംരക്ഷിക്കുവാന്‍ മധ്യസ്ഥത അണയ്ക്കുന്നതു അന്തോണീസ് പുണ്യവാളനാണെന്നു മത്സ്യതൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ദ്വീപില്‍ പ്രവേശിക്കുവാന്‍ വിസായോ പാസ്‌പോര്‍ട്ടോ ആവശ്യമില്ലെന്നതും ഇന്ത്യന്‍ തീര്‍ത്ഥാടകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. 6 മാസത്തിനുള്ളില്‍ പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാവികസേന തലവന്‍ അക്രം അലവി UCA ന്യൂസിനോട് പറഞ്ഞു.


Related Articles »