News

തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്ത പ്രതിയ്ക്കൊപ്പം പോകാന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയോട് പാക്ക് കോടതി

പ്രവാചക ശബ്ദം 07-08-2020 - Friday

ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധപൂര്‍വ്വം വിവാഹം ചെയ്ത പ്രതിയ്ക്കു അനുകൂലമായ നിലപാട് സ്വീകരിച്ച് കോടതിയും. ഓഗസ്റ്റ് നാലിന് ലാഹോര്‍ ഹൈക്കോടതിയാണ് മൈറ (മരിയ) ഷഹ്ബാസ് എന്ന പതിനാലുകാരിയെ വീട്ടില്‍ നിന്നും തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത ഇസ്ലാം മതസ്ഥന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ ആക്കിക്കൊണ്ടുള്ള ഫൈസലാബാദ് ജില്ലാ കോടതി വിധിയെ മറികടന്നുകൊണ്ടാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജി രാജാ മുഹമ്മദ്‌ ഷാഹിദ് അബ്ബാസിയുടെ വിചിത്രമായ വിധി. ‘ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

ഇസ്ലാം മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള ലാഹോര്‍ ഹൈക്കോടതി വിധിയെ 'അവിശ്വസനീയം' എന്ന് മരിയയുടെ അഭിഭാഷകന്‍ ഖലീല്‍ താഹിര്‍ സന്തു വിശേഷിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് മൊഹമ്മദ്‌ നാകാഷ് എന്ന മുസ്ലീമും അയാളുടെ രണ്ട് അനുയായികളും മദീന പട്ടണത്തിലെ വീട്ടില്‍ നിന്നും മരിയയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുന്നത്. ആകാശത്തേക്ക് വെടിയുതിര്‍ത്ത് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയ ശേഷം മരിയയെ നിര്‍ബന്ധപൂര്‍വ്വം കാറിലേക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്ന്‍ ദൃക്സാക്ഷികളും മൊഴി നല്‍കിയെങ്കിലും കോടതി വിലയ്ക്കെടുത്തില്ല. പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്നും വിവാഹം ചെയ്തുവെന്നുമാണ് നാകാഷ് ഉയര്‍ത്തിയ അവകാശവാദം.

നേരത്തെ വിവാഹം നടത്തിക്കൊടുത്തതായി സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന മുസ്ലീം പുരോഹിതന്‍ തനിക്ക് ഈ വിവാഹത്തില്‍ യാതൊരു പങ്കുമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നു സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഫൈസലാബാദ് ജില്ലാക്കോടതിയില്‍ തെളിയിക്കപ്പെട്ടിരിന്നില്ല. മരിയക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന ആധികാരികമായ സ്കൂള്‍ സര്‍ട്ടിഫിക്കറ്റും മാതാപിതാക്കള്‍ ഫൈസലാബാദ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നു വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാകാഷിനും, കൂട്ടുകാര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തു പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സംരക്ഷണയില്‍ വിടുകയായിരിന്നു.

എന്നാല്‍ ഈ വിധി റദ്ദാക്കിക്കൊണ്ട് മരിയയെ നാകാഷിനൊപ്പം വിടുവാന്‍ ലാഹോര്‍ ഹൈക്കോടതി വിധിക്കുകയായിരിന്നു. വിധി വന്നപ്പോള്‍ മരിയ കരയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 2014-ല്‍ ‘ദി മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ്‌ പീസ്‌ പാക്കിസ്ഥാന്‍’ നടത്തിയ പഠനത്തില്‍ രാജ്യത്തു ഓരോ വര്‍ഷവും ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്ന ആയിരത്തോളം സ്ത്രീകളും, പെണ്‍കുട്ടികളും തട്ടിക്കൊണ്ടു പോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരയായി കൊണ്ടിരിക്കുന്നതായി വ്യക്തമായിരിന്നു. എന്നാല്‍ ഇത്തരം കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിനു അനുകൂലമായി പാക്ക് നിയമപീഠവും നിലകൊള്ളുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »