Wednesday Mirror

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും

ആന്‍റോ അക്കര / പ്രവാചക ശബ്ദം 16-09-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം ഉപേക്ഷിക്കണമെന്ന സംഘപരിവാർ കൽപ്പന ധിക്കരിച്ചതിൻ്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ധീരവിശ്വാസിയാണ് ശങ്കരകോളിലെ കത്തോലിക്കനായ കന്തേശ്വർ ഡിഗൾ. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിന് ഒരാഴ്ച മുമ്പ് ആ പ്രദേശത്തുള്ള ക്രൈസ്തവരെല്ലാം, ആഗസ്റ്റ് 16-ലെ ഗ്രാമസഭയിൽ പങ്കെടുക്കണമെന്നും വീടുകളിൽനിന്ന് ബൈബിൾ കൂടെക്കൊണ്ടുവരണമെന്നും മൗലികവാദികൾ ആവശ്യപ്പെട്ടിരുന്നു. ഇതിൽ എന്തോ ഗൂഢാലോചന ഉണ്ടെന്ന് സംശയിച്ച കന്തേശ്വർ ആ ഗ്രാമസഭയിൽ സംബന്ധിച്ചില്ല. അദ്ദേഹം ഭയപ്പെട്ടതു തന്നെ സംഭവിച്ചു. എല്ലാ ക്രൈസ്തവരും ഹിന്ദുക്കളാകണം അല്ലെങ്കിൽ സ്ഥലം വിട്ടുപോകണമെന്ന് ഹിന്ദുനേതാക്കൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം ആജ്ഞാപിച്ചു. സമ്മേളനത്തിനെത്തിയ ക്രിസ്ത്യാനികൾ കൊണ്ടുവന്നിരുന്ന ബൈബിളുകൾ ചുട്ടുചാമ്പലാക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. (ബൈബിൾ ദഹനം ജറെ 36 :21-25).

കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന് ഭയന്ന് കന്ധമാലിൽനിന്ന് എത്രയും വേഗം പലായനം ചെയ്യാൻ 50 വയസുള്ള കന്തേശ്വർ തീരുമാനിച്ചു. വൈകാതെ തൻ്റെ ആടുവളർത്തൽ അവസാനിപ്പിച്ചു. 32 ആടുകളെ വിറ്റുകിട്ടിയ പണം ബാങ്കിലിട്ടതിനുശേഷം ഭാര്യാസമേതം ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചു. കന്തേശ്വരിൻ്റെ വിവാഹിതനായ ഏക മകൻ രാഘവ് അവിടെ സാലിയാസഹി എന്ന ചേരിയിലാണ് പാർത്തിരുന്നത്. വിലപിടിപ്പുള്ളവയെല്ലാം ഒരു വലിയ പെട്ടിയിലാക്കി, അവർ തങ്ങളുടെ ഗ്രാമത്തിൽ നിന്ന് 240 കി.മീ. ദൂരെയുള്ള തലസ്ഥാന നഗരിയിലേക്ക് പോയി.

രണ്ടുദിവസം കഴിഞ്ഞ് ബാക്കിയുള്ള രണ്ടു ഡസനിലേറെ ആടുകളെക്കൂടി വിൽക്കുന്നതിനായി കന്തേശ്വർ തനിച്ച് ശങ്കരകോളിലേക്ക് മടങ്ങി.18 ആടുകളെ വിറ്റു. ആഗസ്റ്റ് 23-നു രാത്രി സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട വിവരം കേട്ടപ്പോൾ, കന്ധമാലിൽ തുടർന്നു താമസിക്കുന്നത് അപകടമായിരിക്കുമെന്ന് മനസ്സിലാക്കിയ കന്തേശ്വർ ആദ്യത്തെ ബസിനു തന്നെ ശങ്കരകോൾ വിടാൻ തീരുമാനിച്ചു. അതിരാവിലെ ഭുവനേശ്വറിലേക്കുള്ള ബസിൽ കയറി കന്തേശ്വർ മകൻ രാഘവിനെ ഫോൺ വിളിച്ചു പറഞ്ഞു: "ഞാൻ അങ്ങോട്ട് വരികയാണ്."

കന്തേശ്വറിനെ പിടികൂടാൻ സംഘം ചേർന്ന അവിടത്തെ കാവിപ്പട അദ്ദേഹം സ്ഥലം വിട്ടു എന്നറിഞ്ഞപ്പോൾ ക്ഷുഭിതരായി. മരം മുറിച്ചിട്ട് മാർഗ്ഗതടസ്സം സൃഷ്ടിക്കാൻ അവർ ഉടനെ അദബാഡിയിലെ കാവി സംഘത്തിന് സന്ദേശമയച്ചു. വഴിയിൽ മരം മുറിച്ചിട്ടതുകൊണ്ട് മുന്നോട്ട് പോകാനാവാതെ അദബാഡിയിലെ സ്‌കൂളിനടുത്ത് ബസ് നിറുത്തി. കാത്തുനിന്നിരുന്ന അക്രമിസംഘം കൊലവിളി മുഴക്കി ബസിലേക്ക് ഇരച്ചുകയറി. കന്തേശ്വറിനെ മർദ്ദിച്ചവശനാക്കി. പുറത്തേക്ക് വലിച്ചിഴച്ചു; കന്തേശ്വറിൻ്റെ പക്കലുണ്ടായിരുന്ന മുപ്പതിനായിരം രൂപ കവർന്നെടുക്കുകയും ചെയ്തു.

കന്തേശ്വർ ആ കാപാലികരുടെ മുന്നിൽ മുട്ടുകുത്തി ജീവനുവേണ്ടി കെഞ്ചി. എന്നാൽ അവർ മൃഗീയ മർദ്ദനം തുടരുകയാണ് ചെയ്തത്. രക്തം വാർന്ന് ഒഴുകുകയായിരുന്ന കന്തേശ്വറിനെ ബന്ധിച്ച് സമീപത്തുള്ള ദക്കൽപങ്ക ഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അന്നേദിവസം കന്തേശ്വറിനെ അവിടെത്തന്നെ നിറുത്തി. അടുത്തദിവസം അവർ ദുത്തുൽകഗം ഗ്രാമത്തിലുള്ള മേഘനാഥ്‌ ദിഗൾ, സർക്കാർ ജീവനക്കാരിയായ അദ്ദേഹത്തിൻ്റെ ഭാര്യ പ്രിയതമ എന്നീ ക്രൈസ്തവ ദമ്പതിമാരെയും അവിടെ കൊണ്ടുവന്നു.

വൈകിട്ട് കാവിപ്പട അവിടെ വലിയ ആഘോഷം സംഘടിപ്പിച്ചു. അതിൻ്റെ ഭാഗമായി അനേകം ആടുകളെ ബലിയർപ്പിച്ച് സദ്യ നടത്തി. കന്തേശ്വറിൻ്റെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന ആടുകളും അതിൽ ഉണ്ടായിരുന്നു. മൂന്നു ക്രൈസ്തവരെയും കൈകൾ കെട്ടി ബന്ദികളാക്കിയതിനുശേഷം അക്രമികൾ മദ്യപിച്ചും നൃത്തം ചെയ്തും തിമർത്തു.

പൂജയുടെ സമയത്ത് ക്രൈസ്തവരെ ആ ജനക്കൂട്ടത്തിൻ്റെ നടുവിൽ ഇരുത്തി. പിന്നീട് അഞ്ചുപേർ മാറിമാറി പ്രിയതമയെ ബലാത്സംഗം ചെയ്തു. ഭർത്താവ് ഉൾപ്പെടെയുള്ള ആ രണ്ടു ക്രൈസ്തവരുടെ കൺമുന്നിലാണ് ഈ പൈശാചിക കൃത്യം അങ്ങേറിയത്. തുടർന്ന് അവർ മൂവരുടെയും കഴുത്തിൽ കയറുകൾ കെട്ടി ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് വലിച്ചുമുറുക്കി വകവരുത്തി. അവർ കൊല്ലപ്പെട്ടശേഷവും ക്രൂരതാണ്ഡവം അവസാനിച്ചില്ല. കൊല്ലപ്പെട്ടവരുടെ ഗുഹ്യഭാഗങ്ങൾ മുറിച്ചുമാറ്റാൻ ആ നരാധമന്മാർ മടിച്ചില്ല, പിന്നീട് മൃതശരീരങ്ങൾ നദിയിലേക്കെറിഞ്ഞ് വിനയോന്മത്തരായി അവർ സ്ഥലം വിട്ടു. ഒമ്പതു ദിവസങ്ങൾക്കു ശേഷം 45 കി.മീ. അകലെയുള്ള മാജിപാഡയിലാണ് ചീഞ്ഞഴുകിയ നിലയിൽ ജഡങ്ങൾ കണ്ടെത്തിയത്.

ടെലിവിഷൻ ചാനലുകളിൽ ഈ ദൃശ്യങ്ങൾ കണ്ട് കന്തേശ്വറിൻ്റെ മകൻ രാജേന്ദ്ര സംഭവസ്ഥലത്തേക്ക് പാഞ്ഞുചെന്ന് പിതാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു. "ബസിൽ നിന്ന് തട്ടിക്കൊണ്ടു പോയതറിഞ്ഞതുമുതൽ പിതാവിനെ കുറിച്ച് ഞാൻ വലിയ ഉത്കണ്ഠയിലായിരുന്നു." രാഘവ് പറഞ്ഞു. സലിയസാഹി ചേരിയിലുള്ള തൻ്റെ വീട്ടിൽ സ്ഥാപിച്ച പിതാവിൻ്റെ ചിത്രത്തിനു മുന്നിൽ നിന്നുകൊണ്ടാണ് രാഘവ് ഈ കദനകഥ വിവരിച്ചത്."അച്ഛൻ്റെ കൊലപാതകത്തിൽ പ്രതികളായവരെയെല്ലാം കോടതി വെറുതെ വിട്ടെന്നറിഞ്ഞപ്പോൾ ഞാൻ സ്തബ്ധനായിപ്പോയി," അത് പറയുമ്പോൾ ആ മകൻ്റെ മുഖത്തു ധാർമികരോഷം പ്രകടമായിരുന്നു.

അതിനിന്ദ്യമായി വധിക്കപ്പെട്ട പിതാവിൻ്റെ പേരിട്ട ഓട്ടോറിക്ഷ കൊണ്ടാണ് രാഘവ് കുടുംബം പുലർത്തുന്നത്.

കന്ധമാലിലെ കിരാത കൃത്യങ്ങൾ വിചാരണ ചെയ്യാൻ സ്ഥാപിച്ച, അതിവേഗ കോടതി (ഫാസ്റ്റ് ട്രാക്ക് കോർട്ട്) 2009 സെപ്റ്റംബർ 24-നാണ് കന്തേശ്വറിൻ്റെ ഘാതകരെ വെറുതെ വിട്ടത്. പ്രതികൾക്കെതിരെ 'തെളിവില്ല' എന്നായിരുന്നു കാരണം. വിചാരണയുടെ കാലത്ത് സംഘപരിവാറിൻ്റെ ഭീഷണിമൂലം പലസാക്ഷികളും കൂറുമാറിയിരുന്നു. അങ്ങനെ കുറ്റവിമുക്തനാക്കപ്പെട്ടവരിൽ ഒരാളാണ് ബി.ജെ.പി.നേതാവ് മനോജ് പ്രധാന. വേറെ ആറ് ക്രൈസ്തവരെക്കൂടി കൊന്നൊടുക്കിയതിലും ഏഴു തീവയ്‌പിലും പ്രതിയായിരുന്നു മനോജ്.

പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നെങ്കിലും ഇരുമ്പഴികൾക്കു പിന്നിൽ കിടക്കുമ്പോൾ 2009 ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. അയാളെ സ്ഥാനാർത്ഥിയായി നിറുത്തി. ഏഴു കൊലപാതകങ്ങളിൽ പ്രതിയായിരുന്ന ആ ബി.ജെ.പി. നേതാവ് ജയിലിൽ കിടക്കുമ്പോൾത്തന്നെ എം.എൽ.എ. ആയി തെരഞ്ഞെടുക്കപ്പെട്ടത് ഭാരതത്തിൻ്റെ ജനാധിപത്യത്തിന് തീരാക്കളങ്കമായി മാറി.

രസാനന്ദ് പ്രധാൻ- കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി ‍

നാലു പ്രധാൻ സഹോദരന്മാരിൽ ഏറ്റവും ഇളയവനായ രസാനന്ദ് പ്രധാൻ ആണ് കന്ധമാലിലെ ആസൂത്രിതമായ കലാപത്തിലെ ആദ്യത്തെ ഇരയും രക്തസാക്ഷിയും. എട്ടു വർഷം മുമ്പ് പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ച് തളർന്നുകിടന്നിരുന്ന രസാനന്ദ് ആഗസ്റ്റ് 24-ന് സന്ധ്യയ്ക്ക് കത്തിച്ചാമ്പലാകുന്നത് ദൂരെനിന്ന് നിസഹായരായി നോക്കിനിൽക്കാനേ മറ്റു തളർന്നുകിടന്നിരുന്ന രസാനന്ദ് ആഗസ്റ്റ് 24 -ന് സന്ധ്യയ്ക്ക് കത്തിച്ചാമ്പലാകുന്നത് ദൂരെനിന്ന് നിസഹായരായി നോക്കിനിൽക്കാനേ മറ്റു മൂന്നു പേർക്കും സാധിച്ചുള്ളൂ. അവരിൽ മോത്തിലാൽ മുൻസൈനികനും അനുജൻ രബീന്ദ്രനാഥ്‌ അപ്പോഴും സൈന്യസേവനത്തിലായിരുന്നു.

ചക്കപ്പാടിനടുത്തുള്ള ഗെദ്രഗാം ഗ്രാമത്തിൽ 42 ക്രൈസ്തവ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പലയിടങ്ങളിലും ക്രൈസ്തവർ ആക്രമിക്കപ്പെട്ടിരുന്നതിനാൽ തങ്ങളുടെ സ്ഥിതി അപകടത്തിലാണെന്നു ഈ കുടുംബക്കാർ മനസ്സിലാക്കി. സ്വാമി ലക്ഷ്മണാനന്ദ ആദ്യം തമ്പടിച്ചതും ഹിന്ദു ഭക്തസഹസ്രങ്ങൾ സന്ദർശിച്ചിരുന്നതുമായ കന്ധമാലിലെ ഏറ്റവും വലിയ ക്ഷേത്രം ചക്കപ്പാടിലായിരുന്നു. അതിനടുത്ത് ക്രൈസ്തവർ താമസിച്ചിരുന്ന ഏകഗ്രാമമായിരുന്നു ഗദ്രഗാം.

ആസന്നമായ ആക്രമണത്തിൽനിന്ന് സ്വയം രക്ഷിക്കാൻ ക്രൈസ്തവരെ സംഘടിപ്പിക്കുന്നതിന്, സൈനികരായ പ്രധാൻ സഹോദരന്മാർ നേതൃത്വം നൽകി. പക്ഷെ, നൂറുകണക്കിനാളുകളുടെ സായുധസംഘം ഗ്രാമം വളഞ്ഞ് തങ്ങളുടെ ഭവനങ്ങൾ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ക്രൈസ്തവർ പ്രാണരക്ഷാർത്ഥം ചിതറിയോടി.

"വൈകി മാത്രമാണ് രസാനന്ദ് വീട്ടിനകത്താണെന്ന് ഞങ്ങൾ ഓർത്തത്," മോട്ടിലാൽ ദുഃഖഭാരത്തോടെ അനുസ്മരിച്ചു. "ഞങ്ങൾ പട്ടാളക്കാരാണെന്ന് അറിയാമായിരുന്ന അവർ വീട് വളഞ്ഞശേഷം സിനിമാ രീതിയിൽ ഞങ്ങളെ വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ മുന്നോട്ടുവന്ന് ഇളയവനെ രക്ഷിക്കുക," ബാപ്റ്റിസ്റ്റ് സഭാംഗമായ മോത്തിലാൽ, ആ ബീഭത്സരംഗം വിവരിച്ചു. ഇരുട്ടിൻ്റെ മറവിലായിരുന്ന തങ്ങളെ പുറത്തുകൊണ്ടുവരുവാനാണ്, മനസ്സിൽ നിറയെ വെറുപ്പും കൈകളിൽ മാരകായുധങ്ങളുമായി വന്ന അക്രമികൾ ഇങ്ങനെ ഭീഷണി മുഴക്കുന്നതെന്ന് നിരായുധരായ സഹോദരന്മാർ തിരിച്ചറിഞ്ഞു.

ഒളിച്ചിരുന്നിടത്തുനിന്ന് വീടിൻ്റെ അടുത്തുപോലും ചെല്ലാൻ കഴിഞ്ഞില്ല. സ്വന്തം ഗ്രാമംവിട്ട് തൻ്റെ രണ്ട് ഇളയ സഹോദരന്മാരോടും അവരുടെ കുടുംബങ്ങളോടും കൂടെ ഭുവനേശ്വറിലേക്ക് പലായനം ചെയ്ത മോത്തിലാൽ പറഞ്ഞു. കന്ധമാലിൽ നിന്ന് 250 കി.മീ. ദൂരത്തുള്ള ഭുവനേശ്വറിൽ വച്ചാണ് 2008 സെപ്തംബറിൽ ഞാൻ അവരെ ആദ്യമായി കണ്ടത്. നാടുംവീടും വിട്ട് പലായനം ചെയ്യേണ്ടിവന്ന നൂറുകണക്കിന് ക്രൈസ്തവരെപ്പോലെ ഇവരും ഭുവനേശ്വറിലേക്കുള്ള ബസ് കയറിയത് കുട്ടികളെയും കൊണ്ട് സഹോദരൻ്റെ ദുരന്തത്തെക്കുറിച്ചുള്ള ഓർമകളുമായി ദീർഘദൂരം വനാന്തരങ്ങളിലൂടെ നടന്നലഞ്ഞാണ്.

1999-ലെ കാർഗിൽ യുദ്ധത്തിൽ, രാജ്യത്തിനുവേണ്ടി പോരാടിയ സൈനികരായ ഈ സഹോദരന്മാർക്ക് പിന്നീട് സ്വന്തം ഗ്രാമത്തിൽ പ്രവേശിക്കാൻ സാധിച്ചത് ഒക്ടോബർ 5-നാണ്, അതും പോലീസ് അകമ്പടിയോടുകൂടി. കലാപകാരികൾ അഗ്നിക്കിരയാക്കിയ സഹോദരൻ്റെ ഓർമയ്ക്ക് 41-ആം ദിവസം മരണാനന്തര ചടങ്ങുകൾ നടത്തുവാനും കത്തിച്ചുകളഞ്ഞിടത്തുനിന്ന് എല്ലിൻ കഷണങ്ങൾ ശേഖരിക്കാനാണ് പോലീസ് സംരക്ഷണയിൽ അവർ അവിടെ പോയത്.

കൊല്ലപ്പെട്ട രസാനന്ദിൻ്റെ ജ്യേഷ്ഠന്മാരിൽ രണ്ടാമനായ രബീന്ദ്ര പ്രധാൻ ദൃഢസ്വരത്തിൽ പറഞ്ഞു: "ഞങ്ങൾ അവൻ്റെ ഭൗതികാവശിഷ്ടം ഇവിടെത്തന്നെ സംസ്കരിക്കുവാൻ തീരുമാനിച്ചു. " തകർക്കപ്പെട്ട ദൈവാലയത്തിനു മുൻഭാഗത്തായി സംസ്കരിക്കുവാൻ തീരുമാനിച്ചു" കുഴിമാടത്തിനടുത്തു വച്ചാണ് 2012-ലെ നവവത്സരദിനത്തിൽ അദ്ദേഹം ഇതു പറഞ്ഞത്. അക്രമികൾ കത്തിച്ചു ചാമ്പലാക്കിയ വീട്ടിൽ നിന്ന് വെറും 50 അടി അകലത്തിലായിരുന്നു ഈ കബറിടം.

"ദൈവാലയ പുനർനിർമാണം പൂർത്തിയായാൽ ഉടനെത്തന്നെ ഞങ്ങൾ ഈ കബറിടം മനോഹരമാക്കും. ആരംഭത്തിൽ ഞങ്ങളെല്ലാവരും ഭയചകിതരായിരുന്നു. രസാനന്ദയുടെ വീരരക്തസാക്ഷിത്വം ഞങ്ങൾക്ക് ധൈര്യവും ആവേശവും പകർന്നിരിക്കുന്നു" രബീന്ദ്ര കൂട്ടിച്ചേർത്തു: ഇളയ സഹോദരൻ്റെ രക്തസാക്ഷിത്വത്തിനുശേഷം ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച രബീന്ദ്ര തങ്കളുടെ സഹോദരൻ്റെയും കുടുംബത്തിൻ്റെയും സഹനങ്ങളെക്കുറിച്ച് സാക്ഷ്യം നല്കാൻ ഒഡീഷയ്ക്കു പുറത്തേക്കും യാത്ര ചെയ്യുന്നു.

തുടരും... (അടുത്ത ബുധനാഴ്ച: വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും)

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]


Related Articles »