News - 2024

ചരിത്ര പ്രസിദ്ധമായ വരാപ്പുഴ പള്ളിയെ മൈനര്‍ ബസിലിക്ക പദവിയിലേക്ക് മാര്‍പാപ്പ ഉയർത്തി

ഫാ. ജിയോ തരകന്‍/ പ്രവാചക ശബ്ദം 27-01-2021 - Wednesday

വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയമായിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ മൈനര്‍ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കർമ്മലീത്ത മിഷ്ണറിമാർ ആണ് ഗോത്തിക് ശിൽപകലാ രീതിയിൽ ദേവാലയം പണികഴിപ്പിച്ചത്. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെ തന്നെ ഭരണസിരാ കേന്ദ്രമായിരുന്നു വരാപ്പുഴ ദേവാലയം.

നിലവില്‍ കേരളത്തിൽ പത്ത് ബസിലിക്കകളാണ് ആകെ ഉള്ളത്. എറണാകുളം, തൃശ്ശൂർ, അങ്കമാലി, ചമ്പക്കുളം എന്നിവ സീറോ മലബാർ സഭയുടെ കീഴിലും, തിരുവനന്തപുരം സീറോ മലങ്കര സഭയുടെ കീഴിലും, കൊച്ചി, വല്ലാർപാടം, ആലപ്പുഴ, പള്ളിപ്പുറം, വരാപ്പുഴ എന്നിവ ലത്തീൻ സഭയുടെ കീഴിലും ആണ്. 2016ൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ചമ്പക്കുളം ദേവാലയമായിരുന്നു അവസാനമായി വത്തിക്കാനിൽ ബസിലിക്കയായി ഉയർത്തിയിരുന്നത്.

ഇന്ത്യയിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ആദ്യത്തെ ബസിലിക്കയായിരിക്കും ഈ ദേവാലയം. കർമല മാതാവിന്‍റെയും, വിശുദ്ധ യൗസേപ്പിതാവിന്‍റെയും നാമധേയത്തിലാണ് ഈ ബസിലിക്ക. ഇന്ത്യയിലെ മിഷൻ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളവർ ആണ് കർമ്മലീത്ത (ഒ.സി.ഡി.) മിഷ്ണറിമാർ. വരാപ്പുഴ ദേവാലയത്തോട് ചേർന്ന് കർമ്മലീത്ത സന്യസികളുടെ (OCD) ആശ്രമവും സ്ഥിതി ചെയ്യുന്നുണ്ട്.


Related Articles »