News - 2024

ദുരിതങ്ങളുടെ അറുതിയ്ക്കായി ദേശീയ പ്രാര്‍ത്ഥനാ ദിനാചരണവുമായി വെനിസ്വേലന്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 29-01-2021 - Friday

കാരാക്കസ്: വിശ്വാസം, പ്രത്യാശ, സാഹോദര്യം എന്നീ വികാരങ്ങളാല്‍ വെനിസ്വേലയെ ഐക്യപ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി രണ്ടിന് ദേശീയ പ്രാര്‍ത്ഥനാ വിചിന്തനദിനമായി ആചരിക്കുവാന്‍ വെനിസ്വേലന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (സി.‌ഇ.വി). സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികളോടൊപ്പം പകര്‍ച്ചവ്യാധിയും, പടര്‍ന്നതോടെ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്താണ് മെത്രാന്‍ സമിതിയുടെ തീരുമാനം. രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്‍മാര്‍ക്ക് ശാക്തീകരണത്തിനും, പ്രത്യാശയ്ക്കും, വെനിസ്വേലന്‍ ജനതയുടെ വിശ്വാസത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഒരു അവസരമായിരിക്കും ദേശീയ പ്രാര്‍ത്ഥനാദിനമെന്ന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

സേവനത്തിന്റെ മാതൃകയും, ദരിദ്രരുടെ ആശ്രയവും, വിശ്വാസത്തിന്റെ സാക്ഷ്യവുമായ ധന്യന്‍ ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്സിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തുന്ന ചടങ്ങ് മുന്നില്‍ക്കണ്ടുകൊണ്ട് കൂടിയാണ് മെത്രാന്‍മാരുടെ തീരുമാനം. ആത്മാവിന്റെ ഐക്യം എല്ലാ വൈവിധ്യങ്ങളേയും സമന്വയിപ്പിക്കുകയും എല്ലാ പൊരുത്തക്കേടുകളേയും മറികടക്കുകയും ചെയ്യുമെന്ന് 2003-ല്‍ ലോക സമാധാന ദിനാചാരണത്തോടനുബന്ധിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞതിനെ ഉദ്ധരിച്ചുകൊണ്ട് ചര്‍ച്ചകളിലൂടെ നേടിയെടുക്കുന്ന സമാധാനമല്ല തങ്ങള്‍ പ്രഖ്യാപിക്കുന്ന സമാധാനം എന്ന് മെത്രാന്‍മാരുടെ പ്രസ്താവനയില്‍ എടുത്ത് പറയുന്നു.

രാജ്യത്തെ സഹോദരീ-സഹോദരന്‍മാര്‍ക്കിടയില്‍ സ്നേഹം, ഐക്യം, പ്രതീക്ഷ എന്നിവ ഉത്തേജിപ്പിക്കുവാനുള്ള ഒരവസരമാണ് ദേശീയ പ്രാര്‍ത്ഥനാ ദിനം. സത്യം, നീതി, സ്നേഹം, സ്വാതന്ത്ര്യം എന്നീ സമാധാനത്തിന്റെ നാലു അടിസ്ഥാന വ്യവസ്ഥകള്‍ പുനസ്ഥാപിക്കുവാനുള്ള വെനിസ്വേലന്‍ മക്കളുടെ വിശ്വാസത്തില്‍, പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുവാന്‍ എല്ലാ കുടുംബങ്ങളേയും ക്ഷണിച്ചു കൊണ്ടാണ് മെത്രാന്‍ സമിതിയുടെ പ്രസ്താവന അവസാനിക്കുന്നത്.

ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013-ല്‍ വെനിസ്വേലന്‍ പ്രസിഡന്റ് പദവിയിലേക്ക് മഡൂറോ തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ വെനിസ്വേല അക്രമത്തിന്റേയും അശാന്തിയുടേയും താഴ്‌വരയായി മാറിയിരിക്കുകയാണ്. വിലകയറ്റവും, നാണയപ്പെരുപ്പവും മൂലം ലക്ഷകണക്കിന് ആളുകളാണ് കൊറോണയ്ക്കു മുന്‍പ് വെനിസ്വേലയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകൾ ജീവൻ നിലനിർത്താനായി സന്നദ്ധ സംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം ജനത്തിനും ആശ്വാസമേകുന്നത് കത്തോലിക്ക സഭയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »