News

അഫ്ഗാനിസ്ഥാന് വേണ്ടി പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവും ശക്തമാക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 30-08-2021 - Monday

വത്തിക്കാന്‍ സിറ്റി: തീവ്ര ഇസ്ലാമിക നിലപാട് പുലര്‍ത്തുന്ന താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാന് വേണ്ടി പ്രാർത്ഥനയും പ്രായശ്ചിത്തവും ഉപവാസവും ശക്തമാക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇന്നലെ ഓഗസ്റ്റ് 29 ത്രികാലജപ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ശേഷം ശേഷം പങ്കുവെച്ച സന്ദേശത്തിലാണ് കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ ദൈവകാരുണ്യത്തിലേക്ക് സമര്‍പ്പിച്ചുകൊണ്ട് പാപ്പ അഫ്ഗാനിസ്ഥാന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഉപവസിക്കുവാനും അഭ്യര്‍ത്ഥിച്ചത്.

ചരിത്രപരമായ ഇത്തരം നിമിഷങ്ങളില്‍ മുഖം തിരിച്ചിരിക്കുവാന്‍ നമുക്ക് കഴിയുകയില്ല. ഇതാണ് സഭാചരിത്രം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരെന്ന നിലയിൽ ഈ ചുമതല നമ്മളിലാണെന്നു പറഞ്ഞ പാപ്പ അതുകൊണ്ടാണ് എല്ലാവരോടും തങ്ങളുടെ പ്രാര്‍ത്ഥന ഊര്‍ജ്ജിതപ്പെടുത്തുവാനും, ഉപവസിക്കുവാനും താന്‍ ആവശ്യപ്പെടുന്നതെന്നും കൂട്ടിച്ചേര്‍ത്തു. വളരെ ആശങ്കയോടെയാണ് താൻ അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ നോക്കി കാണുന്നത്. ചാവേറാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും, സഹായവും സംരക്ഷണവും തേടുന്നവർക്കായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരെ സർവശക്തനായ ദൈവത്തിന്റെ കരുണയിൽ ഞാന്‍ സമര്‍പ്പിക്കുന്നു. ദുരിതത്തില്‍ കഴിയുന്ന ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളേയും, കുട്ടികളേയും സഹായിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. ആവശ്യക്കാരെ സഹായിക്കുന്നത് തുടരുവാന്‍ ആഹ്വാനം ചെയ്ത പാപ്പ സമാധാന ചര്‍ച്ചകള്‍ നടത്തുവാനും, ഐക്യവും, സമാധാനപരവും സാഹോദര്യപരവുമായ സഹവർത്തിത്വം സ്ഥാപിക്കപ്പെടുവാനും, രാജ്യത്തിന്റെ ഭാവിയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു. ആഗസ്റ്റ് 15-നാണ് ഇസ്ലാമിക തീവ്രവാദ സംഘടനയായ താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

അമേരിക്കന്‍ സേനയുടെ പൂര്‍ണ്ണമായ പിന്‍മാറ്റത്തിന് മുന്‍പായി അഫ്ഗാന്‍ പൗരന്‍മാരും മറ്റുള്ളവരും രാജ്യം വിടുവാന്‍ തിരക്ക് കൂട്ടുന്നതിനിടയിലായിരുന്നു താലിബാന്റെ ദ്രുതഗതിയിലുള്ള ഈ മുന്നേറ്റം. ഇതിനിടയില്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ‘ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഖൊറാസാന്‍’ നടത്തിയ ചാവേറാക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെട്ടിരിന്നു. അഫ്ഗാന് പുറമേ, വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും കാരണം ദുരിതമനുഭവിക്കുന്നു വെനിസ്വേലന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും പാപ്പ പ്രകടിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പാപ്പ പറഞ്ഞു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »