Daily Saints.

June 26: രക്തസാക്ഷികളായ വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും

സ്വന്തം ലേഖകന്‍ 26-06-2023 - Monday

മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥന്‍മാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്തോലന്‍മാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധര്‍ക്കു ബന്ധമില്ല. ആ സമയത്തെ റോമന്‍ മുഖ്യനും, ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴില്‍ ഏതാണ്ട് 362-ലാണ് വിശുദ്ധന്‍മാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഇരട്ട വിജയം കൊണ്ടാണ് ഈ രണ്ടുവിശുദ്ധരും ദൈവത്തെ മഹത്വപ്പെടുത്തിയത്: ഈ ലോകത്തിന്റെ ആദരവിനെയും പ്രകീര്‍ത്തിയേയും ത്യജിക്കുകയും, അവയെ ഭീഷണികളുടേയും, സഹനങ്ങളുടേയും മേല്‍ വിജയം കൈവരിക്കുകയും ചെയ്തു.

ദുഷ്ടരായ നിരവധി പേര്‍ തങ്ങളുടെ അവിശ്വാസത്തില്‍ പുരോഗമിക്കുന്നതായി അവര്‍ കണ്ടു. പക്ഷേ അവരുടെ പാപത്തിന്റെ മാതൃക ഈ വിശുദ്ധര്‍ പതറിയില്ല. ഭൗതീകമായ പുരോഗതികള്‍ കൊണ്ട് പാപത്തില്‍ നിന്നും മോചനം നേടുവാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ ശിക്ഷാവിധിക്ക് കാരണമാവുമെന്നാണ് ഈ വിശുദ്ധര്‍ കരുതിയിരുന്നത്. അവരുടെ വീരോചിതമായ ക്ഷമയും, അജയ്യമായ നന്മയും, വിശ്വസ്തതയും വഴി അവരുടെ യാതനകള്‍ ദൈവത്തിന് അത്ഭുതകരമായൊരു ദൃശ്യവിരുന്നായി മാറി. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരുന്നു ദൈവം അവരെ നോക്കുകയും, അവരെ ശക്തിപ്പെടുത്തുവാനായി തന്റെ കരങ്ങള്‍ നീട്ടുകയും, അവരുടെ വിജയത്തിന്റെ സന്തോഷകരമായ നിമിഷത്തില്‍ അമര്‍ത്യ കിരീടം അവരുടെ ശിരസ്സില്‍ അണിയിക്കുകയും ചെയ്തു.ഈ രക്തസാക്ഷികള്‍ തങ്ങളുടെ നൈമിഷികമായ യാതനകളുടെ സഹനത്തിലൂടെ, അളക്കാനാവാത്ത വിധത്തില്‍ ഒരിക്കലും മായാത്ത മഹത്വത്തെ ശേഖരിക്കുകയാണ് ചെയ്തത്.

ഫാദര്‍ ഫ്രോണ്ടോ പ്രസിദ്ധീകരിച്ച പട്ടികയില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് റോമിലെ വിശുദ്ധ പത്രോസിന്റേയും, പൗലോസിന്റേയും പഴയ ദേവാലയത്തിനരികിലായി ഈ വിശുദ്ധന്‍മാരുടെ നാമധേയത്തിലും ഒരു ദേവാലയം ഉള്ളതായി കരുതുന്നു. വിശുദ്ധ ജെലാസിയൂസിന്റെയും, മഹാനായ വിശുദ്ധ ഗ്രിഗറിയുടേയും ആരാധനക്രമങ്ങളില്‍ ഈ വിശുദ്ധരോടുള്ള ഭക്തിപ്രകടമായിരുന്നു; കൂടാതെ പുരാതന ഗാല്ലിക്കന്‍ ആരാധനക്രമങ്ങളിലും ഈ വിശുദ്ധരോടുള്ള ഭക്തിയാചരണങ്ങള്‍ കാണാവുന്നതാണ്.

അഞ്ചാം നൂറ്റാണ്ടിനു ശേഷം ഈ വിശുദ്ധരുടെ നാമങ്ങള്‍ തിരുസഭയില്‍ വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തിയും തീക്ഷണമായ പ്രേരണയില്‍ നിന്നുമുള്ളതും, നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ചു കൊണ്ടുള്ള ദൈവീക സേവനത്തിനായി സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ളതുമായിരിക്കണമെന്ന്‍ ഈ വിശുദ്ധര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥക്ക് നാം ദൈവത്തോട്’ കടപ്പെട്ടിരിക്കുന്നുവെന്ന കാര്യം എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടായിരിക്കണം. നമ്മുടെ അലസതയും, നന്ദികേടും മൂലം നമ്മുടെ ദൗത്യങ്ങളിലും, നമ്മുടെ ഭക്തിയിലും വീഴ്ചകള്‍ വന്നാല്‍ ഈ വിശുദ്ധര്‍ ചിന്തിയ രക്തം നമ്മുടെ ആ ഉത്സാഹകുറവിനുള്ള ഒരു അധിക്ഷേപമായി മാറും എന്ന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ ബബോളെനൂസ്

2. ഐറിഷുകാരനായ കോര്‍ബിക്കാന്‍

3. മെസോപ്പൊട്ടാമിയായിലെ ഡേവിഡ്

4. സ്പാനിഷ്‌ ഗലീസിയായിലെ ഹെര്‍മോജിയൂസ്

5. ദക്ഷിണ റഷ്യയിലെ ഗോത്തുകളുടെ ജോണ്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »