News - 2024

ചൈനീസ് സർക്കാരിന്റെ സമ്മർദ്ധം: ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ പിൻവലിച്ചു

പ്രവാചകശബ്ദം 19-10-2021 - Tuesday

ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സമ്മർദ്ധത്തെ തുടർന്ന് ആപ്പിൾ സ്റ്റോറിൽ നിന്നും ബൈബിൾ ആപ്ലിക്കേഷൻ, ആപ്ലിക്കേഷന്റെ നിർമ്മാതാക്കളായ ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ എന്ന കമ്പനി പിൻവലിച്ചു. അമേരിക്കയിലെ സ്പോക്കേയിൻ ആസ്ഥാനമായി ദീർഘനാളായി ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ. ഇവരുടേതായി നിരവധി ബൈബിൾ തർജ്ജമകള്‍ ലഭ്യമാക്കിയിരിന്നു. ഖുർആൻ മജീദ് എന്ന ഖുർആൻ ആപ്ലിക്കേഷനും സമാനമായി ആപ്പിൾ സ്റ്റോറിൽ നിന്നും പിൻവലിക്കപെട്ടിരിന്നു.

പുസ്തകങ്ങളിലെയോ, മാസികകളിലെയോ ഉള്ളടക്കങ്ങൾ ബൈബിൾ ആപ്ലിക്കേഷനിൽ നൽകാൻ പ്രത്യേക അനുവാദം ലഭിച്ചതിന് തെളിവായി രേഖ ഹാജരാക്കാൻ ആപ്പിൾ സ്റ്റോറിലെ വിവിധ ആപ്ലിക്കേഷനുകൾ പരിശോധിക്കുന്നതിനിടയിൽ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഒലിവ് ട്രീ ബൈബിൾ സോഫ്റ്റ്‌വെയർ ബിബിസിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബൈബിൾ ആപ്ലിക്കേഷൻ പിൻവലിക്കാൻ കമ്പനി നിർബന്ധിതരായത്. വിശദീകരണത്തിനു വേണ്ടി ബിബിസി ആപ്പിളിനെ സമീപിച്ചെങ്കിലും അവർ വിശദീകരണം നൽകാൻ തയാറായില്ല.

സെപ്റ്റംബർ മാസം ഓഡിബിൾ എന്ന ആമസോണിന്റെ ആപ്ലിക്കേഷനും ചൈനയിലെ ആപ്പിൾ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. ശക്തമായ നിയന്ത്രണങ്ങൾ മൂലം ലിങ്ക്ഡ് ഇൻ എന്ന തങ്ങളുടെ സാമൂഹ്യ മാധ്യമത്തിന്റെ ചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റും അടുത്തിടെ വ്യക്തമാക്കിയിരുന്നു. മറ്റ് നിരവധി ആപ്ലിക്കേഷനുകൾക്കും രാജ്യത്ത് നിയന്ത്രണമുണ്ട്. മതങ്ങൾക്ക് ശക്തമായ നിയന്ത്രണങ്ങൾ നിലവിലുള്ള രാജ്യമാണ് ചൈന. ചൈനയിലെ ക്രൈസ്തവ സമൂഹം വലിയ രീതിയിലുള്ള പീഡനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരിന്നു.


Related Articles »