News

തിരുപ്പിറവി പ്രധാനപ്പെട്ട പാരമ്പര്യം: സ്കൂളുകള്‍ തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കരുതെന്ന് ബ്രിട്ടീഷ് മന്ത്രി റോബിന്‍ വാക്കര്‍

പ്രവാചകശബ്ദം 26-11-2021 - Friday

ലണ്ടന്‍: കോവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പരമ്പരാഗതമായി നടന്നുവരുന്ന പ്രധാനപ്പെട്ട കാര്യമെന്ന നിലയില്‍ സ്കൂളുകള്‍ കഴിയുന്നിടത്തോളം വിദ്യാര്‍ത്ഥികളുടെ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുകെ മന്ത്രി. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ എസ്സെക്സ്‌ കൗണ്ടിയിലെ വിറ്റ്‌മോര്‍ പ്രൈമറി സ്കൂള്‍ ഇക്കൊല്ലം പൊതുവായ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കുകയില്ലെന്നും പകരം ക്ലാസ്സ് തലത്തില്‍ സംഘടിപ്പിക്കുന്ന തിരുപ്പിറവി നാടകങ്ങള്‍ മാതാപിതാക്കള്‍ക്കായി റെക്കോര്‍ഡ് ചെയ്യുവാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും അറിയിച്ച സാഹചര്യത്തിലാണ് സ്കൂള്‍ സ്റ്റാന്‍ഡര്‍ഡ് വിഭാഗം മന്ത്രിയായ റോബിന്‍ വാക്കറിന്റെ അഭ്യര്‍ത്ഥന. വിറ്റ്‌മോര്‍ പ്രൈമറി സ്കൂളിന് പുറമേ, ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ ക്രാന്‍ബോണേ പ്രൈമറി സ്കൂളും ഇക്കൊല്ലത്തെ തിരുപ്പിറവി നാടകങ്ങള്‍ ഓണ്‍ലൈനിലൂടെയായിരിക്കും സംഘടിപ്പിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.

തിരുപ്പിറവി നാടകങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അവ റദ്ദാക്കാതെ സുരക്ഷിതമായ രീതിയില്‍ സംഘടിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുപ്പിറവി നാടകങ്ങള്‍ പോലെയുള്ളവ റദ്ദാക്കുന്നത് ശരിയാണോ? എന്ന ചോദ്യത്തിന് ഇതുപോലെയുള്ള പ്രധാനപ്പെട്ട പാരമ്പര്യങ്ങള്‍ അതിന്റേതായ രീതിയില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന്‍ പറഞ്ഞ വാക്കര്‍, പ്രായപൂര്‍ത്തിയായവര്‍ സ്കൂളിലേക്ക് വരുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിവരുമെന്നതും, പ്രാദേശിക സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടി വരുമെന്നതും തനിക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു.

തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കുന്നതിന് പകരം കൊറോണ പകര്‍ച്ചവ്യാധി സമയത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസ്സുകള്‍ മുന്നോട്ട് കൊണ്ടുപോയപോലെ ഇത്തരം പരിപാടികളും വിര്‍ച്ച്വലായി നടത്താമെന്നു സ്കൂള്‍സ് ആന്‍ഡ്‌ കോളേജ് ലീഡേഴ്സ് അസോസിയേഷനിലെ ജിയോ ബാര്‍ട്ടണ്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം കൊറോണ പകര്‍ച്ചവ്യാധി കാരണം നിരവധി സ്കൂളുകള്‍ തങ്ങളുടെ തിരുപ്പിറവി നാടകങ്ങള്‍ റദ്ദാക്കിയപ്പോള്‍ ചില സ്കൂളുകള്‍ ഓണ്‍ലൈന്‍ വഴിയാണ് തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിച്ചത്.

പ്രാദേശിക തലത്തില്‍ കോവിഡ് വ്യാപനം കൂടികൊണ്ടിരിക്കുന്നതിനാല്‍ തങ്ങളുടെ ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയോ, വീഡിയോ വഴിയോ ആയിരിക്കും കുട്ടികളുടെ തിരുപ്പിറവി നാടകങ്ങള്‍ സംഘടിപ്പിക്കുകയെന്ന് സ്കൂള്‍ ലീഡേഴ്സ് യൂണിയന്‍ (എന്‍.എ.എച്ച്.ടി) അറിയിച്ചിട്ടുണ്ട്. തിങ്ങിനിറഞ്ഞ ഹാളിലിരുന്ന് മാതാപിതാക്കള്‍ കുട്ടികളുടെ തിരുപ്പിറവി നാടകങ്ങള്‍ കാണണമെന്നതാണ് സ്കൂളുകളുടെ ആഗ്രഹമെങ്കിലും, ഇക്കൊല്ലത്തെ പ്രത്യേക സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സ്കൂളുകള്‍ക്ക് പലതും ആലോചിക്കേണ്ടി വരുമെന്നാണ് എന്‍.എ.എച്ച്.ടി യുടെ പോളിസി വിഭാഗം ഡയറക്ടറായ ജെയിംസ് ബോവന്‍ പറയുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »