Faith And Reason - 2024

യുദ്ധത്തിനിടെ ദിവ്യകാരുണ്യം ഭദ്രമായി സൂക്ഷിച്ച് കീവിൽ നിന്നും സന്യാസിനികളുടെ രക്ഷപ്പെടല്‍

പ്രവാചകശബ്ദം 05-03-2022 - Saturday

കീവ്: റഷ്യ - യുക്രൈൻ യുദ്ധം രൂക്ഷമായതിനിടെ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് മിഷ്ണറീസ് ഓഫ് ദ കോൺഗ്രിഗേഷൻ ഓഫ് സെന്റ് ഡൊമിനിക് എന്ന സന്യാസിനി സഭയിലെ മൂന്ന് സന്യാസിനികൾ. മരിയ, മരിയ ജീസസ്, ആൻറ്റോണിയ എന്നീ മൂന്നു പേർ കഴിഞ്ഞയാഴ്ചയാണ് രക്ഷപ്പെട്ടത്. കീവിൽ കുട്ടികൾക്കുവേണ്ടി ഒരു ആഫ്റ്റർ സ്കൂൾ നടത്തിവരികയായിരുന്നു ഇവര്‍. രക്ഷപ്പെടുമ്പോള്‍ ദിവ്യകാരുണ്യ ഈശോ തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് സന്യാസിനികള്‍ പറയുന്നു. കടന്നുപോയ സാഹചര്യങ്ങള്‍ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസിനോട് പങ്കുവെയ്ക്കുകയായിരിന്നു സന്യാസിനികൾ. 25 വർഷങ്ങൾക്കു മുൻപ് സിസ്റ്റർ ആൻറ്റോണിയയാണ് ആഫ്ടർ സ്കൂൾ ആരംഭിച്ചത്.

ബോംബാക്രമണം രൂക്ഷമായതിനെത്തുടർന്ന് അധികൃതരുടെ നിർദ്ദേശം അനുസരിച്ചാണ് താമസസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ സന്യാസിനികൾ തീരുമാനിക്കുന്നത്. 85 വയസ്സുള്ള സിസ്റ്റർ ആൻറ്റോണിയ ഇതിനിടയിൽ ചാപ്പലിൽ എത്തുകയും അവിടെ കൂദാശ ചെയ്ത നിരവധി തിരുവോസ്തി കണ്ടെത്തുകയും ചെയ്തു. അതെല്ലാം സ്വീകരിക്കാൻ സാധിക്കാത്തതിനാൽ തിരുവോസ്തി ഭദ്രമായി അവർ കൊണ്ടുപോയി. അതിനാൽ തങ്ങളുടെ യാത്രയിൽ ഈശോ തങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്ന് സിസ്റ്റർ ആൻറ്റോണിയ പറയുന്നു. രക്ഷ തേടിയുള്ള തങ്ങളുടെ യാത്രയെ 'പുറപ്പാട്' എന്നാണ് സന്യാസിനികൾ വിശേഷിപ്പിച്ചത്.

കീവിലെ സ്പാനിഷ് എംബസിയിലേക്കാണ് ആദ്യ യാത്രയെന്ന് ഇവര്‍ പറയുന്നു . തങ്ങൾ ഇപ്പോൾ സ്പെയിനിലാണെന്നും തങ്ങൾക്ക് കീവിൽ ആയിരിക്കാനാണ് ആഗ്രഹമെന്നു സിസ്റ്റർ മരിയ പറഞ്ഞു. കീവിൽ നിന്നും പോകണമെന്ന് എംബസി ഒരുപാട് നാൾ മുമ്പേ പറഞ്ഞിരുന്നെങ്കിലും തങ്ങൾ ഒരു സ്ഥലത്ത് പോലും മിഷൻ ഉപേക്ഷിച്ച് പോകാത്തതിനാൽ അവിടെത്തന്നെ തുടരുകയായിരിന്നു. ഇതിനുമുമ്പ് കോംഗോയിൽ മൂന്ന് പേരും ഒരുമിച്ച് സേവനം ചെയ്തിട്ടുണ്ട്. തങ്ങളെക്കൊണ്ട് ഏറ്റവും ആവശ്യമുള്ള സ്ഥലത്ത് ആയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും, പ്രായമായതിനാലാണ് യുക്രൈൻ തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് അയച്ചതെന്നും, അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ ആഗ്രഹമില്ലെന്നും സന്യാസിനികൾ കൂട്ടിച്ചേർത്തു. അതേസമയം ഭീഷണികള്‍ക്ക് നടുവിലും അനേകം സന്യസ്തര്‍ യുക്രൈനില്‍ സേവനം തുടരുന്നുണ്ട്.


Related Articles »