News

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ വിശുദ്ധപദവി ആഘോഷിക്കാൻ പ്രത്യേക പരിപാടികൾ

പ്രവാചകശബ്ദം 13-05-2022 - Friday

ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാൻസിസ് പാപ്പ വിശുദ്ധനായി നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി സ്തോത്രഗീതം ആലപിക്കപ്പെടും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2:30ന് കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മിനിറ്റ് സമയത്തേക്ക് പള്ളിമണികൾ മുഴക്കണമെന്നും തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

ഇതുകൂടാതെ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന അതേദിവസം തന്നെ വൈകുന്നേരം 5 മണിക്ക് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി ഉണ്ടായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. രക്തസാക്ഷിയായ ദൈവസഹായം എന്ന പുണ്യാത്മാവിന്റെ ജീവിതത്തെക്കുറിച്ചും, കൊടും പീഡനങ്ങളുടെയും കഠിന യാതനകളുടെയും മധ്യേ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം അവസാനശ്വാസംവരെ ധീരതയോടെ പ്രഘോഷിച്ച ഉജ്ജ്വല മാതൃകയെ കുറിച്ചും നാം എല്ലാവരും, പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങൾ ആഴത്തിൽ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാമകരണത്തോടനുബന്ധിച്ച് ഭാരത സഭ ദേശീയ തലത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്. കോട്ടാർ രൂപതയിൽ പ്രവർത്തിച്ചു വരുന്ന വിശുദ്ധ നാമകരണ കമ്മിറ്റിയോട് സഹകരിച്ച് സി.സി.ബി.ഐ ദേശീയ ക്വിസ് മത്സരവും, ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ, കോളേജ്- യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, പൊതു യുവജനങ്ങൾ, വിവാഹിതരായ അല്മായർ എന്നീ വിഭാഗങ്ങൾക്കായി ദേശീയ ലേഖന മത്സരവും സംഘടിപ്പിക്കുന്നു.

മഹാമാരി സമയത്ത് ദേശീയതലത്തിൽ നടത്തപ്പെട്ട തിരു മണിക്കൂറിന് സമാനമായി 2022 ജൂൺ 24 വെള്ളിയാഴ്ച തിരുഹൃദയ തിരുനാൾ ദിനത്തിൽ ഒരു മണിക്കൂർ വിദേശത്തും സ്വദേശത്തും ആയിരിക്കുന്ന എല്ലാവരും സംയുക്തമായി പ്രാർത്ഥനാ മണിക്കൂർ ആചരിക്കണമെന്ന് നിർദ്ദേശം നൽകി. വിശുദ്ധപദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് 2022 ജൂൺ അഞ്ചിന് വൈകിട്ട് 4 മണിക്ക് ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്താൽ പാവനമാക്കപ്പെട്ട സ്ഥലത്ത് കോട്ടാർ, കുഴിത്തുറ രൂപതകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദേശീയ കൃതജ്ഞതാ ആഘോഷങ്ങളിൽ ഭാരത സഭയും പങ്കു ചേരുമെന്ന് കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ അറിയിച്ചു.

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്തായിരിന്നു അദ്ദേഹത്തിന്റെ ജനനം. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. ഡച്ച് സൈന്യാധിപൻ ഡിലനോയിൽ നിന്നു ക്രിസ്തുവിനെ അറിഞ്ഞ പിള്ള തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു.

രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചത് രാജസേവകരെയും സഹപ്രവര്‍ത്തകരെയും ചൊടിപ്പിക്കുകയായിരിന്നു. പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി അവര്‍ രാജദ്രോഹക്കുറ്റം ചാര്‍ത്തി. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. നാലു കൊല്ലത്തോളം ജയില്‍ വാസം.

1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലേക്ക് കൊണ്ടുപോയി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി മാറി.