Faith And Reason

അന്ന് ആ അമ്മ ഭ്രൂണഹത്യ തെരഞ്ഞെടുത്തിരിന്നെങ്കില്‍..!: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജനനം ഇന്നും ചര്‍ച്ചാവിഷയം

പ്രവാചകശബ്ദം 19-05-2022 - Thursday

വാര്‍സോ: ജീവന് ഭീഷണിയായ ഗര്‍ഭധാരണമെന്നും ഭ്രൂണഹത്യ അനിവാര്യമാണെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും, അതിനു സമ്മതിക്കാതെയാണ് എമിലിയ വോജ്ടില തന്റെ രണ്ടാമത്തെ മകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ പ്രസവിച്ചതെന്ന വെളിപ്പെടുത്തലുമായി ഇറങ്ങിയ പോളിഷ് പുസ്തകത്തിലെ വിവരണം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നു. ഇന്നലെ മെയ് 18 വിശുദ്ധന്റെ നൂറ്റിരണ്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഒരു നൂറ്റാണ്ട് മുന്‍പുള്ള സംഭവം വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. പോളിഷ് എഴുത്തുകാരിയായ മിലേന കിന്‍ഡ്സിയൂകാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാതാവിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ രചയിതാവ്.

''തന്റെ ജീവനും താന്‍ ഉദരത്തില്‍ വഹിക്കുന്ന കുരുന്നിന്റെ ജീവനും ഇടയില്‍ തീരുമാനമെടുക്കേണ്ട അവസ്ഥയിലായിരുന്നു എമിലിയ. അവളുടെ അഗാധമായ വിശ്വാസം ഗര്‍ഭഛിദ്രം തെരഞ്ഞെടുക്കുന്നതില്‍ നിന്നും അവളെ വിലക്കി. തന്റെ കുരുന്നിന് വേണ്ടി ഈ ത്യാഗം സഹിക്കുവാന്‍ അവള്‍ മനസ്സില്‍ തീരുമാനിക്കുകയായിരുന്നു''. മിഡ്വൈഫായിരുന്ന ടാറ്റരോവയുടേയും, അവളുടെ സുഹൃത്തുക്കളായ ഹെലെന സെപ്പാന്‍സ്കാ, മരിയ കാക്കോറോവയുടേയും സാക്ഷ്യങ്ങളുടേയും, വാഡോവിസ് നിവാസികളുടെ ഓര്‍മ്മകളുടേയും അടിസ്ഥാനത്തിലാണ് കിന്‍ഡ്സിയൂക് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം എഴുതിയത്. ഇത് വിശുദ്ധന്‍ തന്റെ ജീവിതകാലയളവില്‍ തന്നെ തന്റെ പേഴ്സണല്‍ സെക്രട്ടറി സ്റ്റാനിസ്ലോ ഡിസിവിസിനോട് പറഞ്ഞിരിന്നു.

ഗര്‍ഭഛിദ്രം ആവശ്യമാണെന്ന് തന്റെ ആദ്യ ഡോക്ടറായിരുന്ന ഡോ. ജാന്‍ മോസ്കാലയുടെ വെളിപ്പെടുത്തലില്‍ എമിലിയ അസ്വസ്ഥയായിരുന്നെന്നു കിന്‍ഡ്സിയൂകിന്റെ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ എന്തൊക്കെ വന്നാലും തങ്ങളുടെ കുഞ്ഞിനെ നശിപ്പിക്കുകയില്ലെന്ന ഉറച്ച തീരുമാനം ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളായ കരോള്‍ വോയ്റ്റീല - എമിലിയ ദമ്പതികള്‍ എടുക്കുകയായിരുന്നു. പിന്നീടാണ് അവര്‍ യഹൂദ ഡോക്ടറായ സാമുവല്‍ ടാവുബിനെ കാണുന്നത്. പ്രസവത്തിനിടയില്‍ എമിലിയയുടെ മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന കാര്യം ഡോക്ടര്‍ പറഞ്ഞിരിന്നു. എന്നാല്‍ അവര്‍ പ്രാര്‍ത്ഥനയില്‍ അവര്‍ ആഴപ്പെടുകയായിരിന്നു.

1920 മെയ് 18ന് കോസിയല്‍നാ സ്ട്രീറ്റിലെ തങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്റെ ലിവിംഗ് റൂമില്‍ നേഴ്സുമാരുടെ സാന്നിധ്യത്തില്‍ കിടക്കുമ്പോഴാണ് എമിലിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ പ്രസവിക്കുന്നത്. ഈ സമയം ഭര്‍ത്താവും, മൂത്തമകന്‍ എഡ്മണ്ടും ഇടവക ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പോയിരിക്കുകയായിരുന്നു. തന്റെ മകന്‍ ആദ്യമായി കേള്‍ക്കുന്നത് മരിയന്‍ സ്തുതി ആയിരിക്കണമെന്ന ആഗ്രഹത്തോടെ ജനാല തുറന്നിടുവാന്‍ എമിലിയ തന്നോട് ആവശ്യപ്പെട്ടതായും, മാതാവിന്റെ ലുത്തീനിയ കേട്ടുകൊണ്ടാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പിറന്നതെന്നും മിഡ്വൈഫ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

1906 ഫെബ്രുവരി 10-നാണ് കരോള്‍ - എമിലിയ ദമ്പതികള്‍ വിവാഹിതരാകുന്നത്. ഇവര്‍ക്കുണ്ടായ മൂന്ന്‍ മക്കളില്‍ മകളായ ഓള്‍ഗ ജനിച്ച് അധികം കഴിയുന്നതിന് മുന്‍പ് മരണമടഞ്ഞു. അടിയുറച്ച ദൈവവിശ്വാസത്തിലാണ് ഈ ദമ്പതികള്‍ തങ്ങളുടെ മക്കളെ വളര്‍ത്തിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിന് ഒരു മാസം മുന്‍പാണ് എമിലിയ മരിക്കുന്നത്. അന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജനനത്തിലേക്ക് ആ മാതാപിതാക്കളെ നയിച്ചത് അടിയുറച്ച ക്രിസ്തു വിശ്വാസവും ഭ്രൂണഹത്യ എന്ന തിന്‍മയോടുള്ള എതിര്‍പ്പുമായിരിന്നു.

ചോദ്യം പ്രസക്തമാണ്, അന്ന് ആ മാതാപിതാക്കള്‍ ഭ്രൂണഹത്യ തെരഞ്ഞെടുത്തിരിന്നെങ്കില്‍ ആഗോള സമൂഹത്തെ സ്വാധീനിച്ച ഒരു പാപ്പയെ, സര്‍വ്വോപരി ഒരു വിശുദ്ധനെ ലഭിക്കുമായിരിന്നോ?. ‍

കരോള്‍-എമിലിയ ദമ്പതികളുടെ നാമകരണ നടപടികള്‍ പോളണ്ടില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »