News - 2024

വ്യാജ മതനിന്ദ കേസ്: ഒരു ദശാബ്ദത്തിലേറെ ജയിലില്‍ കഴിഞ്ഞ പാക് ക്രൈസ്തവ സഹോദരങ്ങള്‍ക്കു വധശിക്ഷ

പ്രവാചകശബ്ദം 22-06-2022 - Wednesday

ലാഹോര്‍: ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദ നിയമത്തിനു ഇരയായ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ കോടതി ശരിവെച്ചു. മതനിന്ദാപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്കുവെച്ചു എന്ന ആരോപണം ഉന്നയിച്ചു ഒരു മുസ്ലീം വിശ്വാസി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സഹോദരങ്ങള്‍ അറസ്റ്റിലായത്. 2011 മുതല്‍ ജയിലില്‍ കഴിയുന്ന ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷയാണ് ലാഹോര്‍ ഹൈക്കോടതി ഇക്കഴിഞ്ഞയാഴ്ച ശരിവെച്ചത്. 2018-ല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിന്നുവെങ്കിലും അപ്പീലില്‍ കേസ് പരിഗണിക്കുകയായിരിന്നു. മതനിന്ദാപരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റിന്റെ ഉത്തരവാദികള്‍ ഈ ക്രിസ്ത്യന്‍ സഹോദരന്‍മാരാണെന്ന് തെളിയിക്കുവാന്‍ ഉതകുന്ന യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ട് കൂടിയാണ് കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍ക്ക് വേണമെങ്കിലും അത്തരമൊരു വെബ്സൈറ്റ് ഉണ്ടാക്കുവാന്‍ കഴിയുമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിലെ (ഇ.സി.എല്‍.ജെ) അഭിഭാഷകര്‍ പറഞ്ഞു. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിന്റെ രചയിതാവിനെ കുറിച്ചുള്ള യാതൊരു വിവരവും ലഭ്യമല്ലെന്നാണ് കമ്പ്യൂട്ടര്‍ ക്രൈംസ് ഡിപ്പാര്‍ട്ട്മെന്റ് പോലും പറയുന്നത്. ബ്ലോഗ്‌ പ്രസിദ്ധീകരിക്കുന്നതിന് തൊട്ടു മുന്നായി ചില മുസ്ലീം സുഹൃത്തുക്കളുമായി വാഗ്വാദം നടത്തിയിരുന്നുവെന്നു സഹോദരങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പ്രതികാരമെന്നോണം ഈ ക്രിസ്ത്യന്‍ സഹോദരങ്ങളുടെ പേരും മേല്‍വിലാസവുംവെച്ച് മുസ്ലീം സുഹൃത്തുക്കളായിരിക്കാം വെബ്സൈറ്റ് സൃഷ്ടിച്ചതെന്നാണ് ആരോപണം ഉയരുന്നത്.

അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകുവാനാണ് ‘ഇ.സി.എല്‍.ജെ’യുടെ പദ്ധതി. കുപ്രസിദ്ധമായ മതനിന്ദാ നിയമം വഴി ക്രൈസ്തവരെ അന്യായമായി പീഡിപ്പിക്കുന്ന പ്രവണത പാക്കിസ്ഥാനില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. തെളിവുകളുടെ അഭാവത്തില്‍ ശരിയായ നിയമനടപടികള്‍ പോലും പാലിക്കാതെയാണ് മതനിന്ദ ആരോപിക്കപ്പെട്ടവരെ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്യുന്നത്. ദുരുപയോഗ സാധ്യതകള്‍ ഏറെയുള്ള മതനിന്ദാ നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍തന്നെ പ്രതിഷേധങ്ങളുണ്ടെങ്കിലും നിയമം റദ്ദാക്കാനോ ഭേദഗതിചെയ്യാനോ പാക്ക് ഭരണകൂടം ഇതുവരെ തയാറായിട്ടില്ല.