India - 2024

അൽഫോൻസാമ്മ സഹനത്തിന്റെ സമര്‍പ്പിത മാതൃക: കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി

പ്രവാചകശബ്ദം 29-07-2022 - Friday

ഭരണങ്ങാനം: മനുഷ്യ ജീവിതത്തിന്റെ അതിപ്രധാന ഭാഗമായ സഹനത്തിന്റെ ശാസ്ത്രമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത ദർശനങ്ങളിൽ നാം കാണുന്നതെന്ന് മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ ഇന്നലെ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി. ദൈവശാസ്ത്ര പണ്ഡിതയല്ലാത്ത അമ്മയുടെ ജീവിതത്തിൽ സഹന സുവിശേഷത്തിന്റെ മറ്റൊരു ക്രിസ്തു ശാസ്ത്രം നന്നായി വിളക്കിചേർക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവം നമുക്ക് നൽകുന്ന ദാനമാണ് സഹനങ്ങൾ. ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ പ്രഭാതം മുതൽ പ്രദോഷംവരെ സഹനങ്ങളുടെ നീണ്ട പരമ്പരയുണ്ട്. ദൈവികജ്ഞാനം ലഭിച്ച വ്യക്തി കൾ സഹനങ്ങളെ വിശുദ്ധിക്കുള്ള മാർഗമായി തെരഞ്ഞെടുക്കുന്നു. പൗലോസ് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ നാമും ക്രൂശിതനായ യേശുവിനോടോപ്പം ക്രൂശിക്കപ്പെടുന്നു. അതു വിശുദ്ധിയിലേയ്ക്കുള്ള പാതയാണ്. സഹിക്കുന്ന ക കരയുന്ന സഭയുടെ ചിത്രമാണ് ഇന്ന് ലോകമെങ്ങും നാം കാണുന്നത്. ലോകത്തിനു ലഭിക്കുന്ന പീഡ ദൈവത്തിന്റെ ദാനമാണ്. അൽഫോൻസാമ്മ ഈ ലോകത്തെ സഹനത്താൽ വെട്ടിപ്പിടിച്ചു. നമുക്കു ലഭിക്കുന്ന സഹനങ്ങളെ വിശുദ്ധിക്കുള്ള മാർഗമാക്കി മാറ്റിയെടുക്കാൻ സാധിക്കണമെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.

ഫാ. ജോസഫ് മൂത്തനാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളിൽ എന്നിവർ സഹകാർമികരായി റാസ കുർബാനയ്ക്കുശേഷ നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തിരുനാൾ സമാപന ദിനമായ ഇന്നലെ വെളുപ്പിനു മുതൽ രാത്രി വൈകുംവരെ ആയിരക്കണക്കിനു വിശ്വാസികളാണ് വിശുദ്ധ അൽഫോൻസാമ്മയുടെ സവിധത്തിൽ എത്തിയത്. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിച്ചു. ജോൺ ജോസഫ് തടത്തിൽ, മോൺ സെബാൻ വേത്താനത്ത്, മോൺ, ജോസഫ് കണിയോടിക്കൽ, മോൺ ജോസഫ് മലേപ്പറമ്പിൽ, ഫാ.ജോസ് വാ പുരയിടത്തിൽ, ഫാ. അഗസ്റ്റിൻ തെരുവത്ത്, ഫാ. ജോസഫ് വെള്ളച്ചാലിൽ, ഫാ.എബ്രഹാം കൊല്ലിത്താനത്തുമലയിൽ, ഫാ.ജോസ് കാക്കല്ലിൽ, ഫാ ജോൺസൺ പുള്ളീറ്റ്, ഫാ.ജോൺ ചാവേലിൽ, ഫാ.ജോസഫ് കിരാതടത്തിൽ എന്നിവർ വിവിധ സമയങ്ങളിൽ കുർബാന അർപ്പിച്ചു.


Related Articles »