India - 2024

കടലിലും കരയിലും ഇന്ന് പ്രതിഷേധ തിരകളുയരും

പ്രവാചകശബ്ദം 29-08-2022 - Monday

വിഴിഞ്ഞം; ഉപരോധ സമരം പതിനാലു ദിവസം പിന്നിടുമ്പോൾ കടലും കരയും ഉപരോധിച്ചുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകുകയാണ് മത്സ്യത്തൊഴിലാളികൾ. പുതുക്കുറിച്ചി, ശാന്തിപുരം താഴമ്പള്ളി, പൂത്തുറ എന്നിങ്ങനെ അഞ്ച് ഇടവകയിൽനിന്ന് മൂവായിരത്തിൽപ്പരം മത്സ്യത്തൊഴിലാളികൾ സമരമുഖത്തേക്ക് കടന്നു വരുമെന്ന് സംഘാടകർ അറിയിച്ചു.രാവിലെ തന്നെ കടൽ മാർഗ്ഗമുള്ള പ്രതിഷേധ യാത്രയ്ക്ക് തുടക്കം കുറിക്കുന്നതോടൊപ്പംതന്നെ കര മാർഗ്ഗമുള്ള പ്രതിഷേധ വാഹന യാത്രയും സമരമുഖത്തേക്ക് പുറപ്പെടും. പൂത്തുറ ഇടവകയിൽ നിന്ന് മുപ്പതോളം താങ്ങു വള്ളങ്ങൾ കടൽ മാർഗ്ഗം സഞ്ചരിച്ച് വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനെ വലയം ചെയ്ത് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതും വ്യത്യസ്തതയാകും.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടന്നുവരുന്ന രാപ്പകൽ സമരത്തിന് പൊതുസമൂഹമാകമാനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു കടന്നുവരുന്നു വെന്നുള്ളത് സമരത്തിന്റെ ശക്തി കൂട്ടുന്നുണ്ട്.

കടലിന്റെ മക്കളുടെ പോരാട്ട വേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പണ്ഡിതനും ആക്ടിവിസ്റ്റും ഐതിഹാസിക കർഷക സമര നായകനുമായ യോഗേന്ദ്ര യാദവ് ഇന്ന് സമരമുഖത്തേക്ക് കടന്നു വരും. അതിരൂപതയിലെ അജപാലന ശുശ്രൂഷ അംഗങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരമുഖത്തെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ ബീമാ പള്ളിയിലെ ജമാഅത്ത് ഭാരവാഹികളും അംഗങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തുന്നതും സമരത്തിന് ശക്തമായ പിന്തുണയാകും.

അതോടൊപ്പം തൃശ്ശൂർ ജില്ലയിലെ കോട്ടപ്പുറം രൂപതയിൽ നിന്നുമുള്ള സംഘവും, സൈക്കിൾ യാത്രയായി ഇന്നെത്തുന്ന വൈദികനും സമരത്തിന് ഊർജ്ജം പകരുമെന്നതിൽ സംശയമുണ്ടാവില്ല. ഇന്ന് മന്ത്രിസഭാ ഉപസമിതിയുമായി ചർച്ചയുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരമുഖത്ത് നിന്ന് പിന്നോട്ട് മാറില്ലെന്ന് സംഘാടകർ അറിയിച്ചു.


Related Articles »