News

ചാള്‍സ് മൂന്നാമന്‍ രാജാവ് പീഡിത ക്രൈസ്തവര്‍ക്കായി രംഗത്തു വരും?; മുന്‍കാല ചരിത്രം ചര്‍ച്ചയാകുന്നു

പ്രവാചകശബ്ദം 16-09-2022 - Friday

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മൂത്തമകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവാകുന്നതോടെ മതപീഡനം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളില്‍ ഒരാളായിട്ടാണ് ചാള്‍സ് മൂന്നാമനെ കണക്കാക്കിവരുന്നത്. 2013-ല്‍ സിറിയയിലും, ഇറാഖിലും ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയപ്പോള്‍ ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു അദ്ദേഹം നടത്തിയത്. ആ വർഷം ചാള്‍സ് രാജകുമാരന്‍ ലണ്ടനിലെ തന്റെ വസതിയായ ക്ലാരൻസ് ഹൗസിൽ മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള ക്രൈസ്തവര്‍ക്ക് വിരുന്നൊരുക്കിക്കൊണ്ട് പീഡിത ക്രൈസ്തവരോടുള്ള തന്റെ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികളില്‍ ചാള്‍സ് മൂന്നാമന്‍ ഏറെ ആശങ്കാകുലനായിരുന്നു. 2013 മുതല്‍ അദ്ദേഹം മതപീഡനത്തിനിരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. 2014-ല്‍ മതസ്വാതന്ത്ര്യത്തേക്കുറിച്ച് ‘എയിഡ് റ്റു ദിചര്‍ച്ച് ഇന്‍ നീഡ്‌’ (യു.കെ) ഒരു റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനോട് അനുബന്ധിച്ച് ചാള്‍സ് മൂന്നാമന്‍ ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ 2000 വർഷങ്ങളായി മധ്യപൂര്‍വ്വേഷ്യയില്‍ കഴിയുന്ന ക്രൈസ്തവര്‍ ഭീഷണിയുടെ നിഴലിലാണെന്നത് വിവരിക്കാനാവാത്ത ദുരന്തമാണെന്നായിരുന്നു ആ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

2 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ബി.ബി.സി റേഡിയോ 4’ന്റെ പരിപാടിയില്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം ഇല്ലാതായിക്കൊണ്ടിരിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തിയിരിന്നു. 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹം ഇല്ലാതാകുമെന്ന്‍ ഒരു ജെസ്യൂട്ട് വൈദികന്‍ തന്നോട് പറഞ്ഞതായി അന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017-ല്‍ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ വിശ്വാസികള്‍ ലണ്ടനില്‍ ഒരുക്കിയ ഒരു ചടങ്ങിന് മുന്നോടിയായി ചാള്‍സ് മൂന്നാമന്‍, മതപീഡനത്തിനിരയായ ക്രൈസ്തവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാലത്തും ക്രൈസ്തവര്‍ വേദനയും, കഷ്ടപ്പാടും സഹിക്കുകയാണെന്നും, മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം വളര്‍ത്തുവാന്‍ തന്നേകൊണ്ട് കഴിയുന്നത് താന്‍ ചെയ്യുമെന്നുമാണ് അന്നദ്ദേഹം പറഞ്ഞത്.

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ നേതാക്കളുമായി ചാള്‍സ് രാജകുമാരന്‍ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്താറുണ്ടെന്നു 2018-ല്‍ ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരിന്നു. 2018-ലെ തന്റെ ഈസ്റ്റര്‍ ദിന സന്ദേശത്തിലും ചാള്‍സ് മൂന്നാമന്‍ പീഡിത ക്രൈസ്തവരോടുള്ള തന്റെ ഐക്യം പ്രഖ്യാപിക്കുകയുണ്ടായി. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് അനുകമ്പയുള്ള ഒരാളാണ് പുതിയ രാജാവെന്നു ക്രൈസ്തവ സന്നദ്ധ സംഘടനയായ എ.സി.എന്‍ (യു.കെ) യുടെ പ്രസ്സ് ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ വിഭാഗം തലവനായ ജോണ്‍ പൊന്തിഫിക്സ് ‘ദി പില്ലര്‍’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ക്രൈസ്തവര്‍ അനുഭവിക്കുന്ന വലിയ തോതിലുള്ള അടിച്ചമര്‍ത്തലിനെ അപലപിക്കുവാനും ഇടപെടല്‍ നടത്തുവാനും പുതിയ പദവിയില്‍ അദ്ദേഹം മുന്നിട്ട് ഇറങ്ങുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ.


Related Articles »