Arts

ഫ്രഞ്ച് ജെസ്യൂട്ട് വൈദികനും അമേരിക്കയിലെ നിയമ പണ്ഡിതനും 2022-ലെ റാറ്റ്സിംഗര്‍ പുരസ്കാരം

പ്രവാചകശബ്ദം 08-10-2022 - Saturday

വത്തിക്കാന്‍ സിറ്റി: ഫ്രഞ്ച് ജെസ്യൂട്ട് വൈദികനായ ഫാ. മിഷേല്‍ ഫെഡോയും, അമേരിക്കയിലെ നിയമ പണ്ഡിതനായ ജോസഫ് എച്ച്.എച്ച് വീലറും, ജോസഫ് റാറ്റ്സിംഗര്‍-ബെനഡിക്ട് XVI ഫൗണ്ടേഷന്റെ 2022-ലെ റാറ്റ്സിംഗര്‍ പുരസ്കാരത്തിന് അര്‍ഹരായി. ഇന്നലെ ഒക്ടോബര്‍ 7-നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഫൗണ്ടേഷന്‍ നടത്തിയത്. ഡിസംബര്‍ 1-ന് ഫ്രാന്‍സിസ് പാപ്പ പുരസ്കാരം കൈമാറും. കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ എന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആത്മീയത ഉള്‍കൊണ്ടുകൊണ്ട് ദൈവശാസ്ത്രത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്ന പണ്ഡിതന്‍മാരെ ആദരിക്കുന്നതിനായി 2011 മുതലാണ് റാറ്റ്സിംഗര്‍ പുരസ്കാരം നല്‍കിത്തുടങ്ങിയത്.

1987 മുതല്‍ പാരീസിലെ ജെസ്യൂട്ട് സ്ഥാപനമായ ‘സെന്റര്‍ സെവ്രെസ്’ല്‍ സൈദ്ധാന്തിക ദൈവശാസ്ത്രം പഠിപ്പിച്ചുക്കൊണ്ടിരിക്കുന്ന ഫാ. ഫെഡോ, ലൂഥറന്‍ ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായുള്ള സഭാപരമായ സംവാദങ്ങള്‍ നടത്തുന്ന നിരവധി ദൈവശാസ്ത്ര സംഘടനകളിലും, കമ്മീഷനുകളിലും അംഗമാണെന്ന് വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നു. ഫ്രാന്‍സിലെ ലിയോണ്‍ സ്വദേശിയും അറുപത്തിയൊന്‍പതുകാരനുമായ ഫാ. ഫെഡോ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

യൂറോപ്യന്‍ മനുഷ്യാവകാശ കോടതി മുന്‍പാകെ പൊതു സ്കൂളുകളില്‍ കുരിശു രൂപം പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ശബ്ദമുയര്‍ത്തിയ പ്രൊഫസ്സര്‍ ജോസഫ് എച്ച്.എച്ച് വീലര്‍, ഹാര്‍വാര്‍ഡ്‌, ന്യൂയോര്‍ക്ക് സര്‍വ്വകലാശാല അടക്കമുള്ള അമേരിക്കയിലെയും, യുകെയിലെയും നിരവധി പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ നിയമ പണ്ഡിതനായും, ഫ്ലോറന്‍സിലെ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. റാറ്റ്സിംഗര്‍ ഫൗണ്ടേഷന്റെ സയന്റിഫിക് കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന 5 പേരില്‍ നിന്നും ഫ്രാന്‍സിസ് പാപ്പയാണ് വിജയികളായവരെ തിരഞ്ഞെടുക്കുന്നത്. ഫൗണ്ടേഷന്റെ സയന്റിഫിക് കമ്മിറ്റിയെ നിയമിക്കുന്നതും പാപ്പ തന്നെയാണ്.

നാമകരണ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോ, ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ തലവന്‍ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയീസ് ലഡാരിയ, പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറിന്റെ പ്രസിഡന്റായ ജിയാന്‍ഫ്രാങ്കോ റാവാസി, ജര്‍മ്മന്‍ മെത്രാന്‍ റുഡോള്‍ഫ് വോഡെര്‍ഹോള്‍സര്‍, ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സാല്‍വട്ടോര്‍ ഫിസിഷെല്ല എന്നിവരാണ് പുരസ്കാര നിര്‍ണ്ണയം നടത്തിയ സയന്റിഫിക് കമ്മിറ്റിയിലെ നിലവിലെ അംഗങ്ങള്‍.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »