India - 2024

വിശുദ്ധ ബൈബിൾ കത്തിച്ച സംഭവത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ മൗനം ഭയപ്പെടുത്തുന്നു: സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പ്രവാചകശബ്ദം 03-02-2023 - Friday

കൊച്ചി: കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങൾക്കും വിശുദ്ധ വസ്തുക്കൾക്കും നേരെ തുടർച്ചയായി അവഹേളനങ്ങളും അതിക്രമങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വിഷയത്തില്‍ രാഷ്ട്രീയ കേരളത്തിൻ്റെ മൗനം ഭയപ്പെടുത്തുകയാണെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. ക്രിസ്തുമസ് കാലത്ത് ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായപ്പോൾ വേണ്ടത്ര ഗൗരവത്തോടെ അധികാരികളും പൊതുസമൂഹവും ഇടപെട്ടിരുന്നെങ്കിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ബൈബിൾ കത്തിക്കലെന്ന അത്യന്തം ഗുരുതര സ്വഭാവമുള്ള ക്രിമിനൽ - വർഗീയ കുറ്റകൃത്യം സംഭവിക്കില്ലായിരുന്നു.

ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിക്കുകയും അതിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. ക്രൈസ്തവ വിശ്വാസികളെ വ്രണപ്പെടുത്തിയ ഈ സംഭവത്തിൽ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. കേരളത്തിലെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾ അവഹേളിക്കപ്പെടുകയും അതിക്രമങ്ങൾക്ക്‌ ഇരയാകുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മൗനം അവലംബിക്കുന്നത് ക്രൈസ്തവരുടെ ഇടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ബൈബിൾ കത്തിച്ചതിനെ കക്ഷി രാഷ്ട്രീയ ഭേദമന്യേ അപലപിക്കുകയും തള്ളിപ്പറയുകയും വേണം. തീവ്രവാദത്തേക്കാൾ ഭയാനകമാണ് ജനാധിപത്യത്തിൻ്റെ തൂണുകൾ അതിനോട് സന്ധി ചെയ്യുന്ന തരത്തിൽ പുലർത്തുന്ന നിശബ്ദതയും നിസംഗതയുമെന്ന് പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 1 ബുധനാഴ്ച ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ, കൺവീനർ ബിഷപ് മാർ തോമസ് തറയിൽ, സെക്രട്ടറിമാരായ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ സംബന്ധിച്ചു.


Related Articles »