Life In Christ - 2024

ഫിലിപ്പീന്‍സിലെ 10 കത്തോലിക്കരില്‍ 7 പേരും അനുദിനവും പ്രാര്‍ത്ഥിക്കുന്നവര്‍: വെളിപ്പെടുത്തലുമായി സര്‍വ്വേ ഫലം പുറത്ത്

പ്രവാചകശബ്ദം 23-02-2023 - Thursday

മനില: തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രമായ ഫിലിപ്പീന്‍സിലെ കത്തോലിക്ക വിശ്വാസികളില്‍ 10 പേരില്‍ 7 പേരും ദിവസവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്ന് പഠനഫലം. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ‘സോഷ്യല്‍ വെതര്‍ സ്റ്റേഷന്‍സ്’ എന്ന സ്വകാര്യ സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെമ്പാടും നിന്നുള്ള 1,200 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. “നിങ്ങള്‍ എത്ര തവണ പ്രാര്‍ത്ഥിക്കും?” എന്നായിരുന്നു സര്‍വ്വേയില്‍ പങ്കെടുത്തവരോടുള്ള ചോദ്യം. സര്‍വ്വേയില്‍ പങ്കെടുത്ത 35%വും തങ്ങള്‍ ദിവസത്തില്‍ പലപ്രാവശ്യം പ്രാര്‍ത്ഥിക്കുമെന്ന്‍ പറഞ്ഞപ്പോള്‍, 34% തങ്ങള്‍ ദിവസത്തില്‍ ഒരു തവണ പ്രാര്‍ത്ഥിക്കുമെന്നു വെളിപ്പെടുത്തി.

ഇത് പ്രകാരം ഫിലിപ്പീന്‍സിലെ കത്തോലിക്കരില്‍ 69% ദിവസത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്നാണ് സോഷ്യല്‍ വെതര്‍ സ്റ്റേഷന്‍സിന്റെ ഫെബ്രുവരി 20-ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. ഭക്ഷണം കഴിക്കുന്നത് ഒരു ഫിലിപ്പീനോ കുടുംബത്തിന്റെ കൂട്ടായ കത്തോലിക്കാ വിശ്വാസ ആചരണങ്ങളില്‍ ഒന്നാണെന്നു ഫിലിപ്പീനോ നരവംശശാസ്ത്രജ്ഞനും ജെസ്യൂട്ട് സമൂഹാംഗവുമായ ഫാ. ആല്‍ബെര്‍ട്ട് അലേജോ പറഞ്ഞു.

“ധനികനോ, പാവപ്പെട്ടവനോ, സാധാരണ തൊഴിലാളിയോ, ബാങ്ക് മാനേജരോ, തീന്‍ മേശയില്‍ ഭക്ഷണമുണ്ടെങ്കില്‍, ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോടു നന്ദി പറഞ്ഞ ശേഷമാണ് കഴിക്കുക. വാഹനം ഓടിക്കുന്നതിന് മുന്‍പും, ജോലി ചെയ്യുന്നതിന് മുന്‍പും, പരീക്ഷക്ക് മുന്‍പും പ്രാര്‍ത്ഥിക്കുന്നവര്‍ ഉണ്ടെന്നും, ഫിലിപ്പീന്‍സിലെ ഡ്രൈവര്‍മാര്‍ ഇപ്പോഴും ഒരു ദേവാലയത്തിനു മുന്നിലൂടെ പോകുമ്പോള്‍ കുരിശു വരക്കുമെന്നും റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയായ ഫാ. അലേജോ യു.സി.എ ന്യൂസിനോട് പറഞ്ഞു. ഫിലിപ്പീനോ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഫിലിപ്പീന്‍സിലെ 81.04% ജനങളും കത്തോലിക്കരാണ്.


Related Articles »