Arts

വിശുദ്ധ പാദ്രേ പിയോയുടെയും ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കിയ ചലച്ചിത്രം തിയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 03-03-2023 - Friday

മെക്സിക്കോ സിറ്റി: വിശുദ്ധ പാദ്രേ പിയോയുടെയും, വിശുദ്ധ ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം തിയേറ്ററുകളിലേക്ക്. 'പുർഗേറ്റോറിയോ' എന്ന സ്പാനിഷ് പേരിൽ അറിയപ്പെടുന്ന ഡോക്യുമെന്‍ററി ചിത്രം ലാറ്റിൻ അമേരിക്കയിലും, സ്പെയിനിലുമാണ് പ്രദർശനത്തിന് എത്തുന്നത്. ഫ്രാൻസിസ്കൻ വൈദികനും പഞ്ചക്ഷതധാരിയുമായിരിന്ന വിശുദ്ധ പാദ്രേ പിയോയുടെ ദർശനങ്ങളും, കരുണയുടെ അപ്പസ്തോലയായി അറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ദർശനങ്ങളും കൂടാതെ പോളിഷ് മിസ്റ്റിക് ആയിരുന്ന ഫുള്ളാ ഹൊറാക്കിന്റെ ദർശനങ്ങളും 'പുർഗേറ്റോറിയോ'യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോസ്കോ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

മരണശേഷം എന്താണെന്ന് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണെന്നും ഇതുവരെയായിട്ടും ആർക്കും ആ രഹസ്യത്തിന്റെ ഉള്ളിലേക്ക് പൂർണ്ണമായി ഇറങ്ങി ചെല്ലാൻ സാധിച്ചിട്ടില്ലെങ്കിലും, ഇതിനെപ്പറ്റി കൂടുതൽ ഉൾക്കാഴ്ച ലഭിച്ച നിരവധി ആളുകൾ ഉണ്ടായിരുന്നുവെന്ന് പോളിഷ് സംവിധായകൻ മൈക്കിൾ കോൺറാട്ട് പറഞ്ഞു. വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ ഫൗസ്റ്റീന, ഫുളളാ ഹൊറാക്ക് എന്നീ മിസ്റ്റിക്കുകൾ ശുദ്ധീകരണ സ്ഥലത്ത് ആത്മാക്കളെ കാണാൻ കൃപ ലഭിച്ചവരാണ്. പുർഗേറ്റോറിയോ മാർച്ച് പത്താം തീയതിയായിരിക്കും സ്പെയിനിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. മെക്സിക്കോയിലെ തിയേറ്ററുകളിൽ മാർച്ച് 23നു ചിത്രം പ്രദർശനത്തിന് എത്തും. അർജൻറീന, കോസ്റ്റാറിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല, പനാമ, പരാഗ്വേ, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽ മാർച്ച് 30നാണ് പ്രദർശന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.


Related Articles »