News - 2024

പത്തു വര്‍ഷത്തിനിടെ ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ചത് 2,55,000 മൈല്‍ ദൂരം: ചന്ദ്രനിലേക്കുള്ള ദൂരത്തിലും അധികം

പ്രവാചകശബ്ദം 07-03-2023 - Tuesday

വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ, പരിശുദ്ധ സിംഹാസനത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുവാനിരിക്കെ പാപ്പ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ സഞ്ചരിച്ച ദൂരം വാര്‍ത്തകളില്‍ ഇടം നേടുന്നു. ഏതാണ്ട് 2,55,000-മൈലുകളാണ് ഇക്കാലയളവില്‍ നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ചത്. ഓസ്ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ നാല്‍പ്പതോളം അന്താരാഷ്ട്ര സന്ദര്‍ശനങ്ങളാണ് പാപ്പ നടത്തിയിരിക്കുന്നത്. ഇതില്‍ 10 ആഫ്രിക്കന്‍ രാജ്യങ്ങളും, 18 ഏഷ്യന്‍ രാജ്യങ്ങളും, 20 യൂറോപ്യന്‍ രാജ്യങ്ങളും, 12 അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും.

ഇക്കാലയളവില്‍ സഞ്ചരിച്ച മൊത്തം ദൂരം കണക്കിലെടുത്താല്‍ ചന്ദ്രനിലേക്കുള്ള ദൂരത്തിന് തുല്യമാകുമെന്നാണ് വത്തിക്കാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ ‘റോം റിപ്പോര്‍ട്ട്സ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വത്തിക്കാന്‍ പ്രസ്സ് ഓഫീസ് നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഓരോ സന്ദര്‍ശനത്തിലും പാപ്പ സഞ്ചരിച്ച കിലോമീറ്ററുകളെ അടിസ്ഥാനമാക്കിയാണ് റോം റിപ്പോര്‍ട്ട്സ് ദൂരം കണക്കാക്കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 2,38,855 മൈല്‍ (3,84,400 കിലോമീറ്റര്‍) അകലെയാണ് ചന്ദ്രന്‍.

കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ 2015-ല്‍ കരുണയുടെ വര്‍ഷം എന്ന പേരില്‍ ഒരു അസാധാരണ ജൂബിലിക്ക് തുടക്കം കുറിച്ച ഫ്രാന്‍സിസ് പാപ്പ- കുടുംബം, യുവജനങ്ങള്‍, ആമസോണ്‍, സിനഡാലിറ്റിഎന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നാല് സൂനഹദോസുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇതിനുപുറമേ, മൂന്ന്‍ ചാക്രിക ലേഖനങ്ങളും (ഇതില്‍ ഒരെണ്ണം അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമനൊപ്പം), 5 ശ്ലൈഹീക ലേഖനങ്ങളും പാപ്പ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ കോളേജിലെ നിലവിലെ 233 കര്‍ദ്ദിനാള്‍മാരില്‍ 111 പേരെ ഫ്രാന്‍സിസ് പാപ്പയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. 911 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ പേരെ വിശുദ്ധരായി പ്രഖ്യാപിച്ച പാപ്പമാരില്‍ ഒരാളായി ഫ്രാന്‍സിസ് പാപ്പ മാറി. ഇതില്‍ 812 പേര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ തുറമുഖത്തുവെച്ച് തുര്‍ക്കികള്‍ കൊലപ്പെടുത്തിയ ഒട്രാന്റോ രക്തസാക്ഷികളാണ്.


Related Articles »