News - 2024

വിശുദ്ധ നാട്ടിലെ ഗത്‌സമനി ദേവാലയത്തിൽ മെത്രാനും വൈദികർക്കും നേരെ ആക്രമണം; സംരക്ഷണം ആവശ്യപ്പെട്ട് ജെറുസലേം പാത്രിയർക്കീസ്

പ്രവാചകശബ്ദം 22-03-2023 - Wednesday

ജെറുസലേം: കിഴക്കൻ ജെറുസലേമിലെ ഏറെ പ്രസിദ്ധമായ ഗത്‌സമനി ദേവാലയത്തിൽ രണ്ട് ഇസ്രായേലി യുവാക്കൾ അതിക്രമിച്ചു കയറി ആക്രമണം നടത്തി. മാർച്ച് 19നാണ് സംഭവം. ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ച അക്രമികള്‍ തിരുകർമ്മങ്ങൾ അർപ്പിച്ചു കൊണ്ടിരുന്ന ഒരു മെത്രാനെയും, രണ്ട് വൈദികരെയും ആക്രമിക്കുകയും ചെയ്തു. ദേവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികൾ തന്നെ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിശുദ്ധ സ്ഥലങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ പ്രസ്താവന ഇറക്കി. ദൈവമാതാവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ ഞായറാഴ്ച നടന്ന അക്രമത്തെ അദ്ദേഹം അപലപിച്ചു.

ക്രൈസ്തവ ദേവാലയങ്ങളെയും, വസ്തുവകകളെയും, വൈദികരെയും ലക്ഷ്യമിട്ട് തീവ്ര യഹൂദവാദികൾ നടത്തുന്ന അക്രമം തുടർക്കഥയായി മാറിയിരിക്കുകയാണെന്നും, ക്രൈസ്തവർക്ക് പരിപാവനമായ ദിവസങ്ങളിൽ ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി. പരാതികൾ നൽകിയിട്ടും, പ്രാദേശിക തലത്തിലോ, അന്താരാഷ്ട്ര തലത്തിലോ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. ക്രൈസ്തവരുടെ പുണ്യ സ്ഥലങ്ങളും, വസ്തുവകകളും, ആക്രമിക്കപ്പെടുന്നത് പുണ്യ സ്ഥലങ്ങൾക്ക് സംരക്ഷണവും, അവിടെ പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് മതസ്വാതന്ത്ര്യവും നൽകണമെന്ന് നിഷ്കർഷിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് തെയോഫിലസ് മൂന്നാമൻ പറഞ്ഞു.



തിരുകല്ലറ ദേവാലയം അടക്കമുള്ള ക്രൈസ്തവ കേന്ദ്രങ്ങൾക്കും, ജെറുസലേമിലെ ക്രൈസ്തവർക്കും സംരക്ഷണം നൽകാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പാത്രിയാർക്കീസ് പറഞ്ഞു. യഹൂദ മൗലികവാദി സംഘടനകളുടെ ആക്രമണ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാര്‍ നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരിന്നു.

ഇതിനിടെ മാർച്ച് 16 വ്യാഴാഴ്ച, നസ്രത്തിലെ ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സിന്റെ സ്‌കൂളും കോൺവെന്റും അജ്ഞാതർ അക്രമത്തിനിരയാക്കിയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം ആറരയോട് കൂടി ബൈക്കുകളിൽ എത്തിയ രണ്ടംഗസംഘമാണ് യന്ത്രത്തോക്കുകളിൽനിന്നും വെടിയുതിർത്തത്. അതേസമയം സ്കൂളിൽ കുട്ടികളില്ലാതിരുന്നതും, സന്യാസിനിമാർ പ്രാർത്ഥനയിൽ ആയിരുന്നതിനാലും ആളപായമുണ്ടായില്ല. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇസ്രായേലിലെ ലത്തീൻ പാത്രീയാർക്കൽ വികാരി മോൺ.റഫീഖ് നഹറ ഇസ്രായേൽ വിദ്യാഭ്യാസ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് പരാതി കൈമാറിയിട്ടുണ്ട്.


Related Articles »