News - 2024

നിക്കരാഗ്വേയില്‍ തടങ്കലിലാക്കിയ ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പ്രവാചകശബ്ദം 25-03-2023 - Saturday

മനാഗ്വേ: ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയര്‍ത്തിയതിനും, ജനാധിപത്യമൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിനും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം 26 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിച്ച മതഗല്‍പ്പ രൂപതാ മെത്രാന്‍ മോണ്‍. റോളണ്ടോ അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മാര്‍ച്ച് 23 വ്യാഴാഴ്ച അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നടന്ന 2024-ലേക്കുള്ള വാര്‍ഷിക ബജറ്റ് അവതരണത്തിനിടെയാണ്, കാന്‍സാസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ജേക്ക് ലാറ്റര്‍ണറിന്റെ ചോദ്യത്തിനുത്തരമായി ബ്ലിങ്കന്‍ ഇക്കാര്യം പറഞ്ഞത്. ഡാനിയല്‍ ഒര്‍ട്ടേഗയുടെ ജനാധിപത്യ വിരുദ്ധ അടിച്ചമര്‍ത്തലിനെതിരെ ധൈര്യപൂര്‍വ്വം ശബ്ദമുയര്‍ത്തിയതിനാണ് ബിഷപ്പ് റോളണ്ടോ ജയിലിലടക്കപ്പെട്ടതെന്ന് ബ്ലിങ്കന്‍ പറഞ്ഞു.

ബിഷപ്പ് റോളണ്ടോ ഏത് ജയിലിലാണെന്ന കാര്യം പോലും അറിയുവാന്‍ കഴിഞ്ഞിട്ടില്ലെന്നും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് മെത്രാനുമായി സംസാരിക്കുവാന്‍ പോലും കഴിയുന്നില്ലെന്നും ജേക്ക് ലാറ്റര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലെ അംബാസിഡര്‍ കെവിന്‍ സുള്ളിവന്‍, ''ബിഷപ്പ് അല്‍വാരസിന്റെ മോചനം സാധ്യമാക്കുന്നതിനായി എന്തെങ്കിലും ശക്തമായ നടപടികള്‍ കൈകൊള്ളുന്നുണ്ടോ? അദ്ദേഹത്തിന് ഈ കേസുമായി പരിചയമുണ്ടോ?'' എന്ന റിപ്പബ്ലിക്കന്‍ പ്രതിനിധിയുടെ ചോദ്യത്തിന്, “ഈ കേസുമായി ശരിക്കും പരിചിതനാണ്” എന്നായിരുന്നു ബ്ലിങ്കന്റെ മറുപടി.

മനാഗ്വേയിലെ യു‌എസ് എംബസിയും ഈ കേസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിക്കരാഗ്വേന്‍ സര്‍ക്കാരില്‍ നമുക്കുള്ള സ്വാധീനം പരിമിതമാണ്, എന്നാല്‍ മെത്രാനെ മോചിപ്പിക്കണമെന്ന താല്‍പ്പര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബ്ലിങ്കന്‍ പറഞ്ഞു. വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിക്കാരാഗ്വേയില്‍ നിന്നും നാടുകടത്തപ്പെട്ട 222 രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള ചോദ്യത്തിന്, സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍വെച്ച് അവരില്‍ ചിലരെ താന്‍ കണ്ടുവെന്ന്‍ പറഞ്ഞ ബ്ലിങ്കന്‍, അവര്‍ ജയിലിന് പുറത്തെത്തിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. സ്വേച്ഛാധിപത്യത്തിനെതിരെയും സാമൂഹ്യ സുരക്ഷ സംവിധാനങ്ങളിലെ അഴിച്ചുപണിയിലും രാജ്യവ്യാപകമായ ഉയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് ബിഷപ്പ് അല്‍വാരസിനെ തടങ്കലിലാക്കിയത്.


Related Articles »