Life In Christ - 2024

ബുറുണ്ടിയില്‍ ക്രിസ്തു വിശ്വാസം എത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട്

പ്രവാചകശബ്ദം 26-03-2023 - Sunday

ഗിടെഗ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ 125-മത് വാര്‍ഷികം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പില്‍ ക്രൈസ്തവ സമൂഹം. 1898-ലാണ് ബുറുണ്ടിയിലെ മുയാഗയില്‍ ഒരു മിഷ്ണറി ഭവനം സ്ഥാപിക്കപ്പെടുന്നത്. മുയാഗയില്‍ ആരംഭിച്ച് ഗിടേഗയിലൂടെ ബുറുണ്ടിയില്‍ കത്തോലിക്ക വിശ്വാസം വ്യാപിക്കുകയായിരിന്നു. ജനങ്ങളുടെ വിശ്വാസം പുതുക്കുന്നതിനും രാജ്യത്തിന്റെ ക്രിസ്തീയ ചരിത്രത്തേക്കുറിച്ച് വിചിന്തനം ചെയ്യുവാനുള്ള അവസരമായിട്ടുമാണ് സഭ ഈ വാര്‍ഷികാഘോഷത്തേ കാണുന്നതെന്നു ബുറുണ്ടി മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗിടേഗ മെത്രാപ്പോലീത്തയുമായ ബൊനവന്തൂര നഹിമാന ഫിദെസ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യം സ്ഥാപിക്കപ്പെട്ട അഞ്ചു ദേവാലയങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നുണ്ട്. 1881-ല്‍ വിദേശ മിഷണറിമാര്‍ കൊലചെയ്യപ്പെട്ട റുമോങ്ങേയിലേക്കും തീര്‍ത്ഥാടനം നടക്കും. വാര്‍ഷികാഘോഷത്തിന്റെ ആദ്യഫലങ്ങളാണ് കൊലചെയ്യപ്പെട്ട ആദ്യകാല പിതാക്കന്മാരെന്നു ആര്‍ച്ച് ബിഷപ്പ് നഹിമാന അനുസ്മരിച്ചു. ബുറുണ്ടി സഭയുടെ ആദ്യ കോശം കുടുംബമായതിനാല്‍ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത അറിയിച്ചു.

1879-ലാണ് ആദ്യ കത്തോലിക്ക മിഷ്ണറിമാര്‍ രാജ്യത്ത് കാലുകുത്തുന്നത്. എന്നാല്‍ അവര്‍ക്ക് പ്രദേശവാസികളുടെ കടുത്ത എതിര്‍പ്പിനെ നേരിടേണ്ടി വരികയും മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 1898-ല്‍ മിഷ്ണറി ഭവനം സ്ഥാപിതമായതോടെ രാജ്യത്തു ക്രൈസ്തവ വിശ്വാസം വ്യാപിക്കുവാന്‍ തുടങ്ങുകയായിരിന്നു. ഇന്ന് ഏതാണ്ട് 40 ലക്ഷത്തോളം ക്രിസ്ത്യാനികളാണ് ബുറുണ്ടിയില്‍ ഉള്ളത്. 8 രൂപതകളും, മുന്നൂറോളം ഇടവകകളുമായി കത്തോലിക്ക സഭ സേവനം തുടരുകയാണ്. ആദ്യ അപ്പസ്തോലിക വികാരിയായിരുന്ന ബിഷപ്പ് ജൂലിയന്‍ ലൂയിസ് എഡ്വാര്‍ഡ് മേരി ഗോര്‍ജു സ്ഥാപിച്ച സോയൂഴ്സ് ബെനെ തെരെസിയ സന്യാസ സമൂഹം ഉള്‍പ്പെടെ നിരവധി പൗരോഹിത്യ സന്യാസ സഭകളും ബുറുണ്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കാമറൂണ്‍, ചാഡ്‌, സ്പെയിന്‍, ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ബുറുണ്ടിയില്‍ നിന്നുള്ള വൈദികര്‍ ദൈവരാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. നിരവധി സ്കൂളുകളും, ആശുപത്രികളും നടത്തുന്നതിനു പുറമേ, വിവിധ തരത്തിലുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളും ബുറുണ്ടിയിലെ കത്തോലിക്കാ സഭ നടത്തിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ തന്റെ റോം സന്ദര്‍ശനത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ബുറുണ്ടി സന്ദര്‍ശിക്കുവാന്‍ താന്‍ പാപ്പയെ ക്ഷണിച്ചുവെന്നും തന്റെ ക്ഷണം പാപ്പ സ്വീകരിച്ചുവെന്നും മെത്രാപ്പോലീത്ത അറിയിച്ചു. അധികം വൈകാതെ പാപ്പയെ സ്വീകരിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബുറുണ്ടി ജനത.


Related Articles »