Youth Zone - 2024

കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്‍ക്ക് സഹായ നിര്‍ദ്ദേശങ്ങളുമായി പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകന്‍

പ്രവാചകശബ്ദം 15-04-2023 - Saturday

വത്തിക്കാന്‍ സിറ്റി: കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്‍ക്ക് കത്തോലിക്ക ഭൂതോച്ചാടകന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധ നേടുന്നു. 12 മക്കളുടെ അമ്മയായ ഡോരിയോ ലൌരിടഡോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭൂതോച്ചാടന പ്രേഷിത രംഗത്ത് അറിയപ്പെടുന്ന കത്തോലിക്ക വൈദികനായ ഫാ. ജോസ് അന്റോണിയോ ഫോര്‍ട്ടെ ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഭയം, ഉത്കണ്ഠ, അവ്യക്തത എന്നിവ ഒരുപോലെ ഉളവാക്കുന്ന ഒരു വാക്കാണ്‌ കൗമാരമെന്നും, കുട്ടികളുടെ കൗമാരക്കാലം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടം തന്നെയാണെന്നും ഫാ. ഫോര്‍ട്ടെ ചൂണ്ടികാട്ടി.

കുട്ടികളുടെ കൗമാരത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും മൂന്ന്‍ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഫാ. ഫോര്‍ട്ടെ പറയുന്നു. ഹോര്‍മോണ്‍, പിശാച്, സമൂഹം എന്നിവയാണ് ആ മൂന്ന്‍ കാര്യങ്ങള്‍. ഹോര്‍മോണ്‍ വിപ്ലവത്തേത്തുടര്‍ന്നാണ് ആനക്ക് മദമിളകുന്നതെന്നും, അതുപോലെ തന്നെയാണ് മനുഷ്യരിലും ഹോര്‍മോണ്‍പരമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. “രണ്ടാമത്തെ കാര്യമായ പിശാചാണ് ഈ അഗ്നിയിലേക്ക് കൂടുതല്‍ എണ്ണയൊഴിക്കുന്നത്. പിശാച് നമ്മളെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിശാച് ദൈവത്താല്‍ കെട്ടപ്പെട്ടിരിക്കുകയാണ്, അതിനാല്‍, നമ്മുടെ കർത്താവിന്റെ ശക്തിക്കും അപ്പുറം അവന് നമ്മളേയോ കൗമാരക്കാരേയോ പ്രലോഭിപ്പിക്കുവാന്‍ കഴിയുകയില്ലാ"യെന്ന് അദ്ദേഹം പറയുന്നു.

മൂന്നാമത്തെ കാര്യമായ സമൂഹമാണ് ഇതില്‍ ഏറ്റവും പ്രധാനമെന്ന് പറഞ്ഞ ഫാ. ഫോര്‍ട്ടെ, തിന്മയുടെ സ്കൂളില്‍ സാമൂഹിക സ്വാധീനങ്ങള്‍ക്കു കാര്യമായ പ്രാധാന്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എന്ത് നിര്‍ദ്ദേശങ്ങളാണ് അങ്ങേക്ക് നല്‍കുവാനുള്ളത്? എന്ന ചോദ്യത്തിന്, അടയപ്പെട്ട ഒരു മനസ്സിനോട് ഒരേകാര്യം തന്നെ പല പ്രാവശ്യം ആവര്‍ത്തിക്കുന്നത് കൊണ്ട് യാതൊരു ഫലവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൗമാരക്കാലത്ത് എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ തെറ്റായ സാഹചര്യത്തിലേക്ക് നയിക്കുവാന്‍ സാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ ചില കൗമാരക്കാരുടെ ദൈവവുമായുള്ള ബന്ധവും ഇല്ലാതാകുന്നു. എന്നാല്‍ മാതാപിതാക്കളുടെ പ്രാര്‍ത്ഥന അവരെ നരകത്തില്‍ നിന്നും രക്ഷിക്കും.

അതുപോലെ തന്നെ ഇതേ ആശങ്കകള്‍ ഉള്ള സമാനമനസ്കരുമായി ചേര്‍ന്ന്‍ കുട്ടികളെ സംരക്ഷിക്കുവാനുള്ള നടപടികള്‍ കൈകൊള്ളുന്നത് നല്ലതാണെന്നും, ഇടവക കാര്യങ്ങളിലും, ഒപുസ് ദേയി ക്ലബ്ബ് പോലെയുള്ള ക്ലബ്ബില്‍ ചേര്‍ന്ന്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നതും നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു അമ്മക്ക് കുടുംബത്തിലുള്ള പങ്ക് എന്താണെന്ന ചോദ്യത്തിന്, കുട്ടികളെ ശ്രദ്ധിക്കുവാനും അവരെ സ്വാഗതം ചെയ്യുവാനും അവരോട് ക്ഷമിക്കുവാനും നിര്‍ദ്ദേശിച്ച വൈദികന്‍, പരിശുദ്ധ കന്യകാമാതാവ് സഭയില്‍ വഹിക്കുന്ന പങ്കിനെ അനുകരിക്കുവാനും അമ്മമാരോട് ആഹ്വാനം ചെയ്തു.


Related Articles »