News - 2024

ക്രൈസ്തവരുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധ: ജോര്‍ദ്ദാന്‍ രാജാവിന് നന്ദിയര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 05-05-2023 - Friday

വത്തിക്കാന്‍ സിറ്റി: സംഘര്‍ഷവും, അക്രമവും കൊണ്ട് രൂക്ഷമായ സമയങ്ങളില്‍ പോലും ജോര്‍ദ്ദാനിലും മധ്യപൂര്‍വ്വേഷ്യ മുഴുവനായും ക്രൈസ്തവരുടെ കാര്യത്തില്‍ കാണിച്ച ശ്രദ്ധയുടെ പേരില്‍ ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവിന് ഫ്രാന്‍സിസ് പാപ്പയുടെ അഭിനന്ദനവും നന്ദിയും. മതാന്തര സംവാദത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയും, റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍-ഫെയിത്ത് സ്റ്റഡീസും തമ്മില്‍ നടന്ന ആറാമത് സംവാദത്തില്‍ പങ്കെടുത്തവരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് പാപ്പ ജോര്‍ദ്ദാന്‍ രാജാവിന് നന്ദിയും, അഭിനന്ദനവും അറിയിച്ചത്.

'അനുഗ്രഹീതമായ തങ്ങളുടെ രാജ്യത്തെ തദ്ദേശീയര്‍ തന്നെയാണ് ക്രിസ്ത്യാനികള്‍' എന്ന് അബ്ദുള്ള രാജാവ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടിയ പാപ്പ, അറബ് ക്രിസ്ത്യന്‍ പൈതൃകത്തിന്റെ സംരക്ഷണവും, വികാസവും ലക്ഷ്യമാക്കിക്കൊണ്ട് ഹസന്‍ ബിന്‍ തലാല്‍ രാജകുമാരന്റെ നേതൃത്വത്തില്‍ 1994-ല്‍ തലസ്ഥാനമായ അമാനില്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍-ഫെയിത്ത് സ്റ്റഡീസ് സ്ഥാപിക്കപ്പെട്ടതും പരാമര്‍ശിച്ചു.

എനിക്ക് നന്ദി പ്രകടിപ്പിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ. റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍-ഫെയിത്ത് സ്റ്റഡീസ് കൊണ്ട് ഇന്നലകളിലെയും, ഇന്നത്തേയും ക്രിസ്ത്യന്‍ പൗരന്‍മാര്‍ക്ക് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന്‍ മാത്രമല്ല, മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പൈതൃകത്തെ സംരക്ഷിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ക്രൈസ്തവരും, മുസ്ലീങ്ങളും തമ്മിലുള്ള സംവാദം ആത്മാര്‍ത്ഥവും, പരസ്പര ബഹുമാനത്തോടും കൂടിയായാല്‍ മാത്രമേ കൂടുതല്‍ ഫലമുണ്ടാവുയെന്ന കാര്യവും പാപ്പ ഓര്‍മ്മിപ്പിച്ചു.


Related Articles »