News

''കത്തോലിക്ക സഭയുമായി പ്രശ്നമുണ്ടാക്കാന്‍ താല്‍പര്യമില്ല'': കോംഗോയില്‍ തട്ടിക്കൊണ്ടുവന്ന കന്യാസ്ത്രീയെ ഗുണ്ടാത്തലവന്‍ മോചിപ്പിച്ചു

പ്രവാചകശബ്ദം 13-05-2023 - Saturday

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയും, മെത്രാപ്പോലീത്തയും, കത്തോലിക്ക സഭയുമായി യാതൊരു പ്രശ്നമുണ്ടാക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞ് സംഘാംഗങ്ങള്‍ തട്ടിക്കൊണ്ടു വന്ന കത്തോലിക്ക കന്യാസ്ത്രീയെ ഗുണ്ടാത്തലവന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് തെക്കു കിഴക്കന്‍ കോംഗോയിലെ ലുബുംബാഷി നഗരത്തില്‍ വെച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് വിര്‍ജിന്‍ മേരി ഓഫ് കോംഗോ സമൂഹാംഗമായ സിസ്റ്റര്‍ ലൂസി എംവാസെങ്ങായാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മോചിതയായതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വിഭാഗമായ 'എ‌സി‌ഐ ആഫ്രിക്ക' റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് 10-ന് ലുബുംബാഷി അതിരൂപത മെത്രാപ്പോലീത്ത ഫുള്‍ജെന്‍സ് മുതേബ മുഗാലു സിസ്റ്റര്‍ ലൂസിയെ സന്ദര്‍ശിച്ചു. സിസ്റ്റര്‍ ലൂസി സഭയുടെ മകളാണെന്നും തന്നെ സംബന്ധിച്ചിടത്തോളം ഇത് അജപാലന പ്രാധാന്യമുള്ള ഒരു സന്ദര്‍ശനമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പഴഞ്ചൊല്ലില്‍ പറയുന്ന പോലെ ദൗര്‍ഭാഗ്യം വരുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ സുഹൃത്തിനെ മനസ്സിലാക്കുന്നത്. അതുപോലെ തന്നെ കഷ്ടത വരുമ്പോള്‍ നമ്മള്‍ നമ്മുടെ യഥാര്‍ത്ഥ പിതാവിനെയും തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് മുതേബ പറഞ്ഞു. ലുബുംബാഷി സര്‍വ്വകലാശാലയിലെ മെഡിക്കല്‍ പഠനം കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ കോണ്‍വെന്റിലേക്ക് പോകുന്ന വഴിക്കാണ് അക്രമികള്‍ സിസ്റ്റര്‍ ലൂസിയെ കാറില്‍ കടത്തികൊണ്ടു പോയത്.

വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന്‍ തലകറക്കം അനുഭവപ്പെട്ട സിസ്റ്റര്‍ ലൂസിക്ക് സംസാരിക്കുവാന്‍ പോലും കഴിയാതെ ബോധരഹിതയായി വീണു. ബോധം വീഴുമ്പോള്‍ ഒരു വലിയ വീട്ടിലായിരുന്നുവെന്ന് സിസ്റ്റര്‍ പറയുന്നു. നിരവധി യുവതീ-യുവാക്കളെ അവിടെ ബന്ധനസ്ഥരായ നിലയില്‍ കണ്ടു. സിസ്റ്റര്‍ ലൂസിയെ കണ്ടമാത്രയില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന്റെ നേതാവ് അണികളോട് രോഷാകുലനായി. “മാര്‍പാപ്പയുമായും, മെത്രാപ്പോലീത്തയുമായും, പ്രത്യേകിച്ച് കത്തോലിക്ക സഭയുമായും യാതൊരു പ്രശ്നവും ഉണ്ടാക്കുവാന്‍ എനിക്കാഗ്രഹമില്ല. എന്റെ തൊഴിലില്‍ ശാപം വീഴ്ത്തുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, എവിടെ നിന്ന് കൊണ്ടുവന്നുവോ, ഇവരെ അവിടെ വിട്ടേക്കു” എന്ന് അയാള്‍ തന്റെ സംഘാംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന്‍ തട്ടിക്കൊണ്ടു പോയവര്‍ സിസ്റ്റര്‍ ലൂസിയെ മറ്റൊരു കാറില്‍ ഒരു ഗ്യാസ് സ്റ്റേഷനില്‍ വിട്ടു. സിസ്റ്റര്‍ ലൂസിയുടെ സഭാവസ്ത്രം തിരിച്ചറിഞ്ഞ മറ്റൊരു കാര്‍ ഡ്രൈവറാണ് അവരെ കോണ്‍വെന്റില്‍ എത്തിച്ചത്. കോംഗോയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ലിബുംബാഷിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളെ ആര്‍ച്ച് ബിഷപ്പ് മുതേബ അപലപിച്ചു. തന്റെ അജപാലന പരിധിയില്‍ വരുന്ന ജനങ്ങള്‍ സ്വന്തം വീട്ടില്‍ അടിമകളെപ്പോലെയാണ് ജീവിക്കുന്നതെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ആഭ്യന്തര കലാപത്തിന് പുറമേ ഇസ്ലാമിക തീവ്രവാദവും കോംഗോയിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കിക്വിറ്റ് രൂപതയിലെ സെന്റ്‌ ജോസഫ് മുള്‍കാസ ഇടവക വികാരിയായ ഫാ. ഗോഡ് ഫ്രോയിഡ് എന്ന വൈദികന്‍ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടിരുന്നു.


Related Articles »