News

മാർപാപ്പയുടെ കത്തീഡ്രൽ എന്നറിയപ്പെടുന്ന ജോൺ ലാറ്ററൻ ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച് കോപ്റ്റിക് സഭാതലവൻ

പ്രവാചകശബ്ദം 15-05-2023 - Monday

വത്തിക്കാന്‍ സിറ്റി: മാർപാപ്പയുടെ കത്തീഡ്രൽ എന്നറിയപ്പെടുന്ന റോമിലെ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ ഈജിപ്ത് ആസ്ഥാനമായി ഏകദേശം ഒരു കോടിയോളം വിശ്വാസികളുള്ള കോപ്റ്റിക് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ ദിവ്യബലി അർപ്പിച്ചു. കാല്‍സിഡോണ്‍ സൂനഹദോസിൽ ഇരുസഭകളും വേർപിരിഞ്ഞതിന് 1500 വർഷങ്ങൾക്ക് ശേഷം കത്തോലിക്ക സഭയുടെ തലവനായ മാർപാപ്പയും, കോപ്റ്റിക് സഭയുടെ തലവനും പരസ്പരം കൂടിക്കാഴ്ച നടത്തിയതിന്റെ ഓർമ്മ ആചരിക്കാൻ ആയിട്ടാണ് തവദ്രോസ് രണ്ടാമൻ റോമിലെത്തിയത്. സന്ദര്‍ശനത്തിനിടെ കത്തോലിക്ക സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ നടന്ന ബലിയര്‍പ്പണം ഏറെ ശ്രദ്ധേയമായി.

രണ്ടാം വത്തിക്കാൻ സൂനഹദോസിൽ നിരീക്ഷകരായി പങ്കെടുക്കാൻ കോപ്റ്റിക് സഭയുടെ പ്രതിനിധികൾക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതിനുശേഷമാണ് ഇരു സഭകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ ആരംഭിച്ചത്. 1968ൽ പാത്രിയാർക്കീസ് സിറിൽ ആറാമൻ ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിൽ പുതിയ കോപ്റ്റിക്ക് കത്തീഡ്രൽ ഉദ്ഘാടനം ചെയ്യപ്പെട്ട സമയത്ത് അന്ന് മാർപാപ്പയായിരുന്ന പോൾ ആറാമനെ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. അന്ന് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, ഒമ്പതാം നൂറ്റാണ്ടിൽ കോപ്റ്റുകളിൽ നിന്ന് വെനീസിലെ വ്യാപാരികൾ കൈപ്പറ്റിയ വിശുദ്ധ മർക്കോസിന്റെ തിരുശേഷിപ്പുകൾ മാർപാപ്പ, കോപ്റ്റിക്ക് സഭക്ക് തിരികെ കൈമാറി.

1973ൽ അലക്സാൺഡ്രിയയിലെ വിശുദ്ധ അത്തനേഷ്യസ് മരണമടഞ്ഞതിന്റെ ആയിരത്തിയറൂനൂറാം വാർഷികം കൊണ്ടാടുന്ന വേളയിൽ പോൾ ആറാമൻ മാർപാപ്പ പാത്രിയാർക്കീസ് ഷെനൂദയെ റോമിലേയ്ക്ക് ക്ഷണിക്കുകയും, കാല്‍സിഡോണ്‍ സൂനഹദോസിൽ ഉണ്ടായ തർക്കങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. മനുഷ്യനും, ദൈവവും ആയിരുന്ന ക്രിസ്തുവിലുളള വിശ്വാസം ഇരു സഭകളിലെയും ആളുകൾ പങ്കിടുന്നതായി അന്ന് തയാറാക്കിയ കരാറിൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽവെച്ച് കൊലപ്പെടുത്തിയ കോപ്റ്റിക് വിശ്വാസികളെ കത്തോലിക്കാ സഭ വിശുദ്ധരുടെ വണക്ക പട്ടികയിലേക്ക് ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്.


Related Articles »