News - 2024

കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം വീണ്ടും; 8 ക്രൈസ്തവർക്ക് ദാരുണാന്ത്യം

പ്രവാചകശബ്ദം 20-05-2023 - Saturday

ബ്രസാവില്ലെ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണത്തിൽ എട്ട് ക്രൈസ്തവർ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള 'ദ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്' എന്ന തീവ്രവാദ സംഘടനയാണ് ക്രൈസ്തവ കൂട്ടക്കൊലക്ക് പിന്നില്‍. ഉത്തര കിവു പ്രവിശ്യയിലെ, ബെനി പ്രദേശത്ത് മെയ് പന്ത്രണ്ടാം തീയതിയാണ് തീവ്രവാദികള്‍ അക്രമം അഴിച്ചുവിടാൻ ആരംഭിച്ചത്. അന്നു മൂന്നു ക്രൈസ്തവരെ വധിക്കുകയും, കാറുകളും മോട്ടോർസൈക്കിളുകളും തീവെച്ച് നശിപ്പിക്കുകയും ചെയ്തു.

പിറ്റേദിവസം കട്ടോൺഗോ ഗ്രാമത്തിൽ തീവ്രവാദികൾ മൂന്നു ക്രൈസ്തവരെ കൊലപ്പെടുത്തി. പ്രാദേശിക സുവിശേഷ പ്രഘോഷകനായ ബുൻവിക്കാനേ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിനോട് കൊലപാതകങ്ങൾ സ്ഥിരീകരിച്ചു. മെയ് പതിനാലാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടടുത്താണ് മൂന്നാമത്തെ അക്രമണം ഉണ്ടായത്. മീൻ കൊണ്ടുപോവുകയായിരുന്നു ഒരു വണ്ടിക്ക് ഇസ്ലാമിക തീവ്രവാദികൾ തീ കൊളുത്തുകയായിരുന്നു. വണ്ടിയോടിച്ചിരുന്ന 36 വയസ്സുള്ള പലിക്കൂ ലൂക്ക് എന്നയാളും, മറ്റൊരു യാത്രികനുമാണ് കൊല്ലപ്പെട്ടത്.

ബുൻവിക്കാനേ വചനപ്രഘോഷണം നടത്തുന്ന ദേവാലയത്തിലായിരുന്നു പലിക്കൂ ലൂക്ക് ആരാധനയ്ക്ക് വന്നിരുന്നത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് പലിക്കൂ ദേവാലയത്തിൽ ആരാധനയ്ക്ക് വന്നതായി ബുൻവിക്കാനേ വെളിപ്പെടുത്തി. അതേസമയം പ്രാദേശിക മാധ്യമങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും അക്രമങ്ങൾ സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നുമുണ്ടായിട്ടില്ല. രാജ്യത്തെ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ഈ മാസം ആദ്യമാണ് സതേൺ ആഫ്രിക്കൻ ഡെവലമെന്റ് കമ്യൂണിറ്റി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് തങ്ങളുടെ പട്ടാളത്തെ അയച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഫ്രാന്‍സിസ് പാപ്പ കോംഗോയില്‍ സന്ദര്‍ശനം നടത്തിയിരിന്നു.


Related Articles »