News - 2024

ഉദര ശസ്ത്രക്രിയക്ക് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പ്രാര്‍ത്ഥനയോടെ ആഗോള സമൂഹം

പ്രവാചകശബ്ദം 07-06-2023 - Wednesday

ഉദര സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ബുധനാഴ്ച ജനറൽ അനസ്തേഷ്യ നല്‍കി പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഹെർണിയയെ തുടര്‍ന്നുള്ള കഠിനമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങളെ അറിയിച്ചു. ശസ്ത്രക്രിയയ്ക്കുശേഷം ദിവസങ്ങളോളം ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് സൂചന.

ഇന്നലെ ജൂൺ 6ന് ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രിയിൽ സന്ദര്‍ശനം നടത്തിയത് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിന്നു. ഇതിനു പിന്നാലെയാണ് ഇന്നു ഫ്രാൻസിസ് മാർപാപ്പയുടെ ശസ്ത്രക്രിയ വാർത്ത പുറത്തു വരുന്നത്. 86-കാരനായ ഫ്രാൻസിസ് മാർപാപ്പ വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് മാർച്ചിൽ നാല് ദിവസം ആശുപത്രിയിൽ കഴിഞ്ഞ പാപ്പ, ആ ദിവസങ്ങളിലെ എല്ലാ പരിപാടികളും റദ്ദാക്കിയിരിന്നു.

2022-ന്റെ തുടക്കം മുതൽ മാർപാപ്പയ്ക്ക് കാൽമുട്ട് വേദനയെ തുടര്‍ന്നു ഒത്തിരിയേറെ ബുദ്ധിമുട്ട് നേരിട്ടിരിന്നു. നിൽക്കാനും നടക്കാനും ഏറെ പണിപ്പെട്ട പാപ്പ ഊന്നുവടിയും വീല്‍ചെയറും ഏറെ നാള്‍ ഉപയോഗിച്ചിരിന്നു. ഇതിന്റെ ബുദ്ധിമുട്ടുകള്‍ പാപ്പ ഇപ്പോഴും നേരിടുന്നുണ്ട്. 2021 ജൂലൈയിൽ വൻകുടലിലെ വീക്കത്തെ തുടര്‍ന്നും പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിന്നു. ആരോഗ്യ വെല്ലുവിളികൾക്കിടയിലും മംഗോളിയ സന്ദര്‍ശനം, ആഗസ്ത് 2-6 തീയതികളിൽ ലോക യുവജന ദിനത്തിനായി പോർച്ചുഗലിലെ ലിസ്ബണ്‍ സന്ദര്‍ശനവും അടുത്ത ദിവസങ്ങളില്‍ വത്തിക്കാന്‍ സ്ഥിരീകരിച്ചിരിന്നു. അതേസമയം പാപ്പയുടെ ആരോഗ്യത്തിനായി ലോകമെമ്പാടും പ്രാര്‍ത്ഥനക്കു ആഹ്വാനവുമുണ്ട്.


Related Articles »