News

അന്ന് ഇസ്ലാം മത വിശ്വാസി, സ്വവര്‍ഗ്ഗാനുരാഗി; ഇന്ന് വചനപ്രഘോഷകന്‍: ഡൊണോവന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 13-04-2024 - Saturday

മിഷിഗണ്‍: സ്വവര്‍ഗ്ഗാനുരാഗിയും ഇസ്ലാം മതവിശ്വാസിയുമായിരിന്ന വ്യക്തി യേശുവിനെ രക്ഷകനായി സ്വീകരിച്ച് പ്രേഷിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ 3,78,000 സബ്സ്ക്രൈബേഴ്സുള്ള ഗ്ലോബല്‍ ഇവാഞ്ചലിക്കല്‍ പരിപാടിയായ ഡെലാഫെ ടെസ്റ്റിമണീസിന്റെ ഇക്കഴിഞ്ഞ ജൂണ്‍ 8-ലെ എപ്പിസോഡില്‍വെച്ചാണ് ഡൊണോവന്‍ ആര്‍ച്ചി എന്ന വ്യക്തി യേശു ക്രിസ്തു തന്റെ ജീവിതത്തില്‍ വരുത്തിയ സമഗ്ര മാറ്റത്തേക്കുറിച്ചുള്ള അസാധാരണ കഥ വിവരിച്ചത്. യേശുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചതാണ് ആര്‍ച്ചിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്.

അമേരിക്കയിലെ മിഷിഗണില്‍ ഇസ്ലാം മതവിശ്വാസിയായി ജനിച്ചു വളര്‍ന്ന ആര്‍ച്ചി സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിത ശൈലിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. എന്നിരുന്നാലും തന്റെ ജീവിതത്തില്‍ ഒരു സംതൃപ്തി കണ്ടെത്തുവാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്ന്‍ ആര്‍ച്ചി തുറന്നു പറയുന്നു. "ദൈവ സാന്നിധ്യത്തില്‍ ആയിരിക്കുന്നതിനും, ദൈവം എന്നെ സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനുമായി പല കാര്യങ്ങളും എനിക്ക് ചെയ്യുവാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും, അതില്‍ സംതൃപ്തിയില്ലെന്നും എനിക്ക് തോന്നി”- ആര്‍ച്ചി പറയുന്നു.

ഇസ്ലാമില്‍ വിശ്വസിക്കുന്ന സ്വവര്‍ഗ്ഗാനുരാഗിയായതിനാല്‍ തനിക്ക് ദൈവത്തേക്കുറിച്ച് വലിയ കാഴ്ചപ്പാടൊന്നും ഇല്ലായിരുന്നു. ചെറുപ്പം മുതലേ തനിക്ക് സ്വവര്‍ഗ്ഗാനുരാഗത്തോട് ഒരു ആഭിമുഖ്യമുണ്ടായിരിന്നു. ഇതിന്റെ പേരില്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നു. കോളേജില്‍ എത്തുമ്പോള്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറായി ജോലി ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ക്രിസ്ത്യന്‍ ആരാധനാലയം ഡാന്‍സ് പരിപാടിക്കായി ക്ഷണിക്കുന്നത്. പരിപാടിക്കിടെ തന്റെ ഊഴം കാത്ത് നില്‍ക്കുമ്പോള്‍ പാസ്റ്റര്‍ പങ്കുവെച്ച സന്ദേശമാണ് യേശുവിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത്.

“ദൈവം ആളുകളെ തന്റെ സത്യത്തിലേക്ക് തിരികെ വിളിക്കുന്നതും", ജനത്തെ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ഈ പാസ്റ്റര്‍ എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ആര്‍ച്ചി ചിന്തിച്ചു. തന്റെ സ്നേഹത്തോട് പ്രതികരിക്കുവാന്‍ ദൈവം ആളുകളെ ക്ഷണിക്കുന്നു. ദൈവം നമ്മുടെ ഹൃദയത്തെ പിന്തുടരുന്നു, അവന്റെ രാജ്യത്തിന്റെ കാവല്‍ക്കാരായ ആളുകളെ വിളിക്കുന്നു” - ഈ ഒരു ചിന്ത മനസ്സില്‍ സ്പർശിച്ചു. സന്ദേശം ആകര്‍ഷിച്ചുവെങ്കിലും യേശുവിനെ അറിയുവാന്‍ അപ്പോഴൊന്നും താന്‍ തയ്യാറായിരുന്നില്ലെന്ന് ആര്‍ച്ചി ഓര്‍മ്മിക്കുന്നു. പരിപാടിക്ക് ശേഷം ആര്‍ച്ചി സ്വന്തം ഭവനത്തിലെത്തി ഉറങ്ങാന്‍ കിടന്നപ്പോഴാണ്‌ അവന്റെ ജീവിതത്തിലെ വഴിത്തിരിവായ ആ ദര്‍ശനം ഉണ്ടാകുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി അവന്‍ യേശുവിനെ സ്വപ്നത്തില്‍ കണ്ടു.

“സ്വപ്നത്തില്‍ ഞാന്‍ ഉറങ്ങുകയാണ്, ഉണര്‍ന്ന ഞാന്‍ എന്റെ ജീവിതത്തിനായി പോരാടുകയാണ്. ഒപ്പം ഉച്ചത്തിലുള്ള ശബ്ദങ്ങളും ഉയരുന്നുണ്ട്. ഞാന്‍ ഉറങ്ങുന്ന മുറി ചൂടാകുകയാണ്. എന്റെ കണ്ണുകള്‍ ചുവന്ന്‍ തുടുത്തു. എനിക്ക് ചുവപ്പല്ലാതെ മറ്റൊന്നും കാണുവാന്‍ കഴിയുന്നില്ല. ഞാന്‍ എന്റെ സുഹൃത്തുകളെ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ അമ്മയെ, പിതാവിനെ എല്ലാവരേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. എന്റെ ആത്മീയ വഴികാട്ടിയായിരുന്ന ഒരു ഇമാമിനേയും ഞാന്‍ വിളിക്കുവാന്‍ ശ്രമിച്ചു. പക്ഷേ എന്റെ കയ്യിലിരുന്നു ഫോണ്‍ ഉരുകുകയായിരുന്നു. അവസാനം മറ്റൊരു മാര്‍ഗ്ഗവും കാണുവാന്‍ കഴിയാതെ ഞാന്‍ യേശുവിനെ വിളിച്ചു. ഞാന്‍ പറഞ്ഞു ‘യേശുവേ, യേശുവേ, യേശുവേ, യേശുവേ’ പെട്ടെന്ന് തന്നെ എനിക്ക് ചുറ്റുമുണ്ടായിരുന്ന ബന്ധനങ്ങളുടെ കോട്ട തകര്‍ന്നു”- താന്‍ കണ്ട സ്വപ്നത്തേക്കുറിച്ച് ആര്‍ച്ചി വിവരിച്ചു.

സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ആര്‍ച്ചി യേശു യാഥാര്‍ത്ഥ്യമാണെന്ന വസ്തുത തിരിച്ചറിയുകയായിരിന്നു. “ഞാന്‍ നിന്നെ പുനഃസ്ഥാപിക്കുകയാണ്, നിന്റെ ബന്ധനങ്ങള്‍ തകരും” എന്ന് ക്രിസ്തു തന്നോട് പറയുന്നതായി വ്യക്തമായും കേട്ടിരുന്നുവെന്നും ഇദ്ദേഹം സമ്മതിക്കുന്നു. ദൈവത്തിന്റെ ശബ്ദം കേട്ടത് എന്റെ ജീവിതത്തിന്റെ തറക്കല്ലിടലിന് സമമായിരുന്നുവെന്നാണ് ആര്‍ച്ചി പറയുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ പതാകകളും, ഇസ്സ്ലാമിക പ്രാര്‍ത്ഥനകളും നിറഞ്ഞ തന്റെ മുറി വൃത്തിയാക്കി സാധനങ്ങള്‍ മാലിന്യ കൂടയില്‍ നിക്ഷേപിക്കുകയാണ് ആര്‍ച്ചി ആദ്യമായി ചെയ്തത്.

എങ്കിലും ദൈവം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ അലട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഒരു സുഹൃത്താണ് ആര്‍ച്ചിയെ ബൈബിള്‍ പഠന ക്ലാസ്സില്‍ ചേര്‍ത്തത്. മനസ്സിനെ നവീകരിച്ച് പരിവര്‍ത്തനം വരുത്തുന്നതിനെക്കുറിച്ചായിരുന്നു ക്ലാസ്സ്. ''നിങ്ങള്‍ ഈ ലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും'' (റോമാ 12 : 2) എന്ന വചനം ഈ യുവാവില്‍ ശക്തമായ സ്വാധീനം ചെലുത്തി. ബൈബിള്‍ പഠന ക്ലാസ് യേശു തന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്ന്‍ മനസ്സിലാക്കുവാന്‍ ആര്‍ച്ചിയെ സഹായിച്ചു. ഇന്ന് ക്രിസ്തുവിനെ അനേകര്‍ക്ക് പകരുവാന്‍ വേണ്ടി ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് ഈ യുവാവ്.

More Archives >>

Page 1 of 853