India - 2024

ഇറ്റാവാ മിഷൻ സുവർണ ജൂബിലി നിറവിൽ

27-04-2024 - Saturday

ഇറ്റാവ: ചങ്ങനാശേരി അതിരൂപതയുടെ ഉത്തരേന്ത്യൻ മിഷനായി ആരംഭിച്ച് ഉത്തരേന്ത്യയിൽ സീറോമലബാർ സഭയുടെയും ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ മുഴുവനും അഭിമാനമായി നിലകൊള്ളുന്ന ഇറ്റാവാ മിഷൻ സുവർണ ജൂബിലി നിറവിൽ. സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ ഔറയ്യ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ തുടക്കമാകും. രാവിലെ 10.30ന് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.

ഉച്ചകഴിഞ്ഞ് 2.30ന് ഔറയ്യ സെന്റ് ഫ്രാൻസിസ് ദേവാലയ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സുവർണ ജൂബിലി വർഷത്തിൻ്റെ ഉദ്ഘാടനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആഗ്ര ആർച്ച് ബിഷപ്പ് എമെരിറ്റസ് ഡോ. ആൽബർട്ട് ഡിസൂസ പ്രസംഗിക്കും. ഇറ്റാവ-രാജസ്ഥാൻ റീജണിൻ്റെ പ്രത്യേക ചുമതലയുള്ള ഷംഷാബാദ് രൂപത സഹായ മെത്രാൻ മാർ തോമസ് പാടിയത്ത് സ്വാഗതമാശംസിക്കും.

ഇറ്റാവാ മിഷനിൽ ശുശ്രൂഷ ചെയ്‌തുകൊണ്ടിരിക്കുന്നതും മിഷൻ്റെ അഭ്യുദയ കാംക്ഷികളുമായ വൈദികർ, സന്യസ്‌തർ, അല്‌മായർ, പ്രത്യേക ക്ഷണിതാ ക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ഇറ്റാവാ മിഷൻ സന്ദർശിക്കുന്ന മാർ റാഫേൽ തട്ടിലിന് ഔദ്യോഗികമായി സ്വീകരണവും നൽകും. സുവർണജൂബിലിയോടനുബന്ധിച്ച് ഇറ്റാവാ-രാജസ്ഥാൻ റീജണിൻ്റെ സുപ്പീരിയർ ഫാ. തോമസ് എഴിക്കാടിൻ്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആത്മീയവും അജപാലനപരവും സാമൂഹ്യക്ഷേമകരവുമായ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

1974ൽ കൊൽക്കത്തയിൽ നടന്ന സിബിസിഐ സമ്മേളനത്തിലെ ചർച്ചകളുടെ വെളിച്ചത്തിൽ അന്നത്തെ ആഗ്ര അതിരൂപതാധ്യക്ഷൻ ഡോ. ഡൊമിനിക് അത്തെയ്ഡ് ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ ആൻ്റണി പടിയറയ്ക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി നൽകിയ ക്ഷണമാണ് ഇറ്റാവാ മിഷന്റെ തുടക്കത്തിനു കാരണമായത്.

ഇറ്റാവാ, മെയ്ൻപുരി, ഫറൂഖാബാദ് തുടങ്ങിയ ആഗ്ര അതിരൂപതയുടെ മൂന്നു ജില്ലകളെ കേന്ദ്രീകരിച്ച് 1975 മേയ് മാസത്തിൽ ചങ്ങനാശേരി അതിരൂപതാംഗങ്ങളായിരുന്ന ഫാ. കുരുവിള കൊക്കാട്ട്, ഫാ. ജോസ് പൂവത്തിങ്കൽ എന്നീ വൈദികർ തുടക്കമിട്ട ഈ മിഷൻ 50 വർഷങ്ങൾ പിന്നിടുമ്പോൾ ഉത്തർപ്രദേശിലെ ആറു ജില്ലകളിൽ വിദ്യാഭ്യാസ-സാംസ്‌കാരിക-സമൂഹികസേവനരംഗ ങ്ങൾ, കുട്ടികൾ-യുവജനങ്ങൾ-സ്ത്രീകൾ എന്നിവരുടെ ഉന്നമനം മുതലായ മേഖലകളിലെല്ലാം തങ്ങളുടെ സേവനങ്ങൾ നൽകിവരുന്നു. 2017ൽ ഷംഷാബാദ് രൂപത സ്ഥാപിതമായതുമുതൽ ഇറ്റാവാ മിഷനും സ്വതന്ത്ര മിഷൻപ്രദേശമായി ഷംഷാബാദ് രൂപതയുടെ കീഴിൽ പ്രവർത്തിച്ചുവരു ന്നു.


Related Articles »