News

ബൊളീവിയയിൽ കൊല്ലപ്പെട്ട യുവ പോളിഷ് മിഷ്ണറിയുടെ നാമകരണ നടപടികൾക്ക് തുടക്കം

പ്രവാചകശബ്ദം 20-04-2024 - Saturday

ക്രാക്കോവ്: ബൊളീവിയയിൽ കൊല്ലപ്പെട്ട പോളിഷ് മിഷ്ണറിയുടെ നാമകരണ നടപടികൾക്ക് തുടക്കമായി. 2017-ല്‍ കൊല ചെയ്യപ്പെട്ട യുവ മിഷ്ണറി ഹെലേന ആഗ്നേസ്കയുടെ നാമകരണ നടപടികൾക്ക് ക്രാക്കോവ് അതിരൂപതയിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അതിരൂപതയുടെ ആർച്ച് ബിഷപ്പ് മരേക്ക് ജദ്രസീവ്സ്കിയാണ് പ്രഖ്യാപനം നടത്തിയത്. 2022 ഡിസംബറില്‍ ആരംഭിച്ച പ്രാഥമിക ഘട്ട അന്വേഷണങ്ങൾക്ക് ശേഷം ഔദ്യോഗികമായി നാമകരണ നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് മെത്രാൻ സമിതിയോട് അഭിപ്രായം ആരാഞ്ഞതിനു ശേഷം വത്തിക്കാന്റെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ അനുമതി കൂടി ലഭിച്ചതിന് പിന്നാലെ തീരുമാനമെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1991 ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ഹെലേന ക്രാക്കോവിലെ കത്തോലിക്ക കുടുംബത്തിൽ ജനിക്കുന്നത്. അവളുടെ ജനനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം അമ്മ മരണമടഞ്ഞു. പിന്നീട് പിതാവിന്റെയും രണ്ടാനമ്മയുടെയും കൂടിയാണ് ഹെലേന വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അവൾ സ്കോളർഷിപ്പോടെ ലണ്ടനിൽ ഉപരിപഠനം നടത്തുകയും പിന്നീട് തിരികെയെത്തി എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കുകയും ചെയ്തു. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ ഏതാണ്ട് എല്ലാ ദിവസവും തന്നെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഹെലേന ശ്രദ്ധിച്ചിരുന്നു.

യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് സാൽവതോറിയൻ വൈദികരുടെ സാൽവതോർ മിഷ്ണറി വോളണ്ടിയർ സർവീസിനെ പറ്റി ഹെലേന അറിയുന്നത്. 2013ൽ അവൾ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിൽ പോയി തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി സേവനം ചെയ്തു. 2014 റൊമാനിയയിൽ യുവജനങ്ങളുടെ ഇടയിലാണ് ഹെലേന പ്രവർത്തിച്ചത്. എനിക്ക് ദൈവത്തെ അറിയാം എന്നതാണ് ഏറ്റവും വലിയ സമ്മാനമെന്നും അതിനാൽ താനത് പങ്കുവെക്കണമെന്നും ഒരു മിഷ്ണറി യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് അവൾ എഴുതി.

ഇരുപത്തിയാറാം വയസ്സിൽ ബൊളീവിയയിൽ സന്യാസിനിമാർ നടത്തിയിരുന്ന എഡ്മുണ്ടു ബോജാനോവ്സ്കി സ്കൂളിൽ സേവനം ചെയ്യുന്ന കാലഘട്ടം. 2017 ജനുവരി 24 രാത്രിയായിരിന്നു ദാരുണമായ സംഭവം അരങ്ങേറിയത്. സ്കൂളിൽ കവർച്ച നടത്താൻ എത്തിയ രണ്ടുപേരിൽ ഒരാൾ ഹെലേനയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആകസ്മികമായ വിയോഗത്തിന് പിന്നാലെ വിശുദ്ധമായ ജീവിതം നയിച്ചുക്കൊണ്ടിരിന്ന ഹെലേനയെ കുറിച്ചുള്ള സ്മരണകളുമായി നിരവധി പേര്‍ രംഗത്തുവന്നിരിന്നു. നാമകരണ നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഏപ്രിൽ 21നു അതിരൂപതയിലെ ദേവാലയങ്ങളിലും, ചാപ്പലുകളിലും വായിക്കും.


Related Articles »