News

ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മാർ റാഫേൽ തട്ടിൽ റോമിലെത്തി

പ്രവാചകശബ്ദം 08-05-2024 - Wednesday

റോം: ഫ്രാൻസിസ് പാപ്പയുമായുള്ള ഔദ്യോഗിക സന്ദർശനത്തിനായി സീറോ മലബാർ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് റോമിലെത്തി. ഇന്നലെ മെയ് 7 ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായി, പൗരസ്ത്യ സഭകൾക്കായുള്ള റോമൻ ഡിക്കാസ്റ്ററി അധ്യക്ഷന്‍ കർദ്ദിനാൾ ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി റോം ഫ്യുമിച്ചീനോയിലുള്ള വിമാനത്താവളത്തിലെത്തി മാര്‍ റാഫേല്‍ തട്ടിലിനെ സ്വീകരിച്ചു. മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് മാർ റാഫേല്‍ തട്ടിൽ റോമിലെത്തുന്നത്.

യൂറോപ്പിലേക്കുള്ള സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററും, സഭയുടെ റോം പ്രോക്യൂറേറ്ററുമായ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കാസ്റ്ററിയിൽ സീറോമലബാർ സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള റവ. ഫാ. കിം ഡിസൂസ, സാന്താ അനസ്ത്യാസ്യാ റെക്ടർ ഫാ. ബാബു പാണാട്ടുപറമ്പിൽ, യൂറോപ്യൻ മിഷൻ കോർഡിനേറ്റർ ഫാ. ക്ലെമന്റ് സിറിയക് എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

മാർ തട്ടിലിന്റെ ഔദ്യോഗികസന്ദർശനവുമായി ബന്ധപ്പെട്ട് സീറോ മലബാർ സിനഡിൽനിന്നുള്ള മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പാംപ്ലാനി എന്നീ മെത്രാപ്പോലീത്താമാരും കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും റോമിൽ എത്തിച്ചേരും. പൗരസ്ത്യ പാത്രിയാർക്കൽ, മേജർ ആർക്കി എപ്പിസ്കോപ്പൽ സഭകളുടെ തലവന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവർ പരിശുദ്ധ പിതാവിനോടുള്ള ഐക്യവും വിധേയത്വവും ഏറ്റുപറയുന്നതിനായി റോമിലെത്തുന്നത് പതിവാണ്.


Related Articles »