Social Media - 2024

ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തിന്റെ രണ്ടാം വാർഷികം: ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ..!

കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍ 06-07-2023 - Thursday

അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് ഒരു കൊടും കുറ്റവാളിയെപ്പോലെ ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരണപ്പെട്ട ഈശോസഭാംഗമായ വന്ദ്യ വൈദികൻ ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു എന്ന് കഴിഞ്ഞ രണ്ടുവർഷങ്ങൾക്കിടെ കൂടുതൽ വ്യക്തമായിട്ടുണ്ട്.

ആരുമില്ലാത്തവർക്കുവേണ്ടി സംസാരിക്കുകയും അവരുടെ പക്ഷം ചേരുകയും ചെയ്തു എന്ന കാരണത്താൽ ഫാ. സ്റ്റാനിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുകയും, കേസിൽ അകപ്പെടുത്താൻ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയും ചെയ്തു എന്ന അമേരിക്കൻ അന്വേഷണ ഏജൻസി, ആഴ്‌സണൽ കൺസൾട്ടൻസിയുടെ കണ്ടെത്തൽ ഭീതിജനകമാണ്. ഫാ. സ്റ്റാൻ സ്വാമിക്കൊപ്പം പ്രതിചേർക്കപ്പെട്ടവർക്കെതിരെയും ഇത്തരത്തിൽ കൃത്രിമ തെളിവുകൾ സൃഷ്ടിക്കപ്പെട്ടതായി മുമ്പും വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഗൂഢ ലക്ഷ്യങ്ങളോടെ കേസുകളിൽ പെടുത്തി ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന അത്തരക്കാർക്കും നീതി ലഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾവഴിയായി ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ വിശ്വസ്തത കെടുത്തിക്കളയുന്ന സ്ഥാപിത താല്പര്യക്കാരെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും തിരിച്ചറിയാനും തള്ളിക്കളയാനും ഭാരതത്തിലെ മതേതര സമൂഹം തയ്യാറാകണം.

ഫാ. സ്റ്റാൻ സ്വാമിയുടെ വിയോഗത്തെ തുടർന്ന്, കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ 2021 ജൂലായ് 25 ന് നടന്ന വെബിനാറിൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ് നടത്തിയ പ്രഭാഷണം:

അറിവുള്ളവന്റെ നിശബ്ദതയാണ് അറിവില്ലാത്തവന്റെ അക്രമത്തേക്കാൾ ഭയാനകവും ഭീകരവും. ഇന്ന് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. അറിവുള്ളവൻ സംസാരിച്ചാൽ ആ തുറന്നു പറച്ചിലിനെ അടിച്ചമർത്തുന്ന സംസ്കാരം. അക്രമം ഒഴിവാക്കി ക്രമം ഉണ്ടാക്കാനും ശാന്തിയും സമാധാനവും സൃഷ്ടിക്കാനുമുള്ള നിയമങ്ങൾ ഉപയോഗിച്ചുകൊണ്ടുതന്നെ ഈ രാജ്യത്തെ ജനാധിപത്യത്തെയും സമാധാനത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്തുന്ന ഒരുതരം ഭീകരത. ആ ഭീകരതയിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത് എന്നുള്ളതിൻറെ അവസാനത്തെ തെളിവാണ് ഫാ. സ്റ്റാൻസ്വാമിയുടെ രക്തസാക്ഷിത്വം. അദ്ദേഹം നിലകൊണ്ടത് എല്ലാവരുടേയും നീതിയ്ക്കു വേണ്ടിയായിരുന്നു.

നീതി നിഷേധിക്കപ്പെട്ടവനുവേണ്ടി നിലകൊള്ളാനും നിലപാടെടുക്കാനും നിലപാടിൽ ഉറച്ചു നിൽക്കാനും എന്തു വിലകൊടുക്കാനും താൻ തയ്യാറാണ് എന്ന് അദ്ദേഹം ജീവിതം കൊണ്ട് കാണിച്ചു തന്നു. ഇങ്ങനെ വിലകൊടുക്കാനുള്ളവരുടെ എണ്ണമാണ് ഇന്നു കുറഞ്ഞുവരുന്നത്. ആ എണ്ണം കുറഞ്ഞുവരാൻ വേണ്ടിയാണ് അഥവാ എണ്ണത്തെ കുറയ്ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

ഫാ. സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ ഏറ്റവും കൂടുതൽ പരാജയപ്പെട്ടത് ഞാൻ ഉൾപ്പെടെ സേവനം ചെയ്ത ജുഡീഷ്യറിയാണ് എന്ന് വേദനയോടെ സൂചിപ്പിക്കട്ടെ. കാരണം കോടതിയാണ് ഈ ഭരണഘടനയുടെ ഗാർഡിയൻ. സംരക്ഷിക്കേണ്ടവൻ ഈ രാജ്യത്തെ സംരക്ഷിച്ചിരുന്നുവെങ്കിൽ ജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും വളരെയേറെ മാനിക്കപ്പെട്ടേനെ. സ്വാതന്ത്ര്യത്തെ ജീവൻ വിലകൊടുത്തു വാങ്ങിതന്ന ഒരു രാജ്യമാണ് നമ്മുടേത്. ആ നേട്ടത്തിൻറെ സംരക്ഷകരാകേണ്ടിയിരുന്നവർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. പുലർത്തിയ സന്ദർഭങ്ങളിൽ പോലും പലപ്പോഴും വിവേചനം കാണിച്ചുവെന്നതും മറ്റൊരു വസ്തുത.

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം മാത്രമല്ല അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഫാ. സ്റ്റാൻസ്വാമിക്കു നിഷേധിക്കപ്പെട്ടു. ചികിത്സാ സഹായം അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആ ചികിത്സ നേരത്തെ കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ ജയിലിൽ വെച്ച് അദ്ദേഹത്തിന് കോവിഡ് ബാധിക്കില്ലായിരുന്നു. 84 വയസ്സുള്ള, പാർക്കിൻസെൻസ് രോഗമുള്ള, കേൾവിക്കുറവുള്ള, ആരോഗ്യം ക്ഷയിച്ച, ശ്വാസകോശത്തിന് അസുഖമുള്ള ഒരു വ്യക്തിക്ക് സാധാരണ ജയിലിൽ കിട്ടേണ്ടിയിരുന്ന മിനിമം മാനുഷിക പരിഗണനപോലും കിട്ടിയില്ല എന്നു പറയുമ്പോൾ നീതിയുടെ നിഷേധം എവിടെവരെ പോകുന്നു എന്ന് ആലോചിക്കുക. ജയിലിലാണെങ്കിൽ പോലും നീതി നിഷേധിക്കാനോ മനുഷ്യവകാശം നിഷേധിക്കാനോ പാടില്ല. പക്ഷെ സ്റ്റാൻസ്വാമി അച്ചൻറെ കാര്യത്തിൽ ജയിലിൽ മനുഷ്യവകാശത്തിൻറെ സംരക്ഷണം ഉണ്ടായിട്ടില്ല.

ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു പൗരനുണ്ടാകേണ്ട അവകാശങ്ങൾ എന്തുമാത്രം തമസ്കരിക്കപ്പെടുന്നുണ്ടെന്നും എന്തുമാത്രം അടിച്ചമർത്തപ്പെടുന്നുണ്ടെന്നും ചിന്തിക്കേണ്ടകാര്യമാണ്. എന്തുകൊണ്ട് നമ്മൾ ആരും ഇത് നമ്മെ ബാധിക്കുന്ന കാര്യമായി എടുത്തില്ല? നമ്മുടെ ഈ നിശബ്ദതയും നിർവികാരതയും വളരെ ഞെട്ടിക്കുന്നതാണ്. ഇപ്രകാരമുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കണം. അതുകൊണ്ട് ഫാ. സ്റ്റാൻസ്വാമിയെപോലുള്ളവരുടെ രക്തസാക്ഷിത്വം നമുക്ക് പ്രചോദനം മാത്രമല്ല ആവേശം കൂടിയാവണം.

2021 ൽ പുറത്തു വന്ന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് യുഎപിഎ (അൺലോഫുൾ ആക്ടിവിറ്റിസ് പ്രിവൻഷൻസ് ആക്ട് ) പ്രകാരം 2361 കേസുകളാണ് 2019 ൽ രജിസ്റ്റർ ചെയ്തത്. ഈ 2361 കേസുകളിൽ 113 കേസുകൾ മാത്രമാണ് വിചാരണ ചെയ്യപ്പെട്ടുള്ളത്. ആ 113 കേസുകളിൽ 33 കേസുകൾ മാത്രമേ ശിക്ഷിക്കപ്പെട്ടുള്ളു. 64 കേസുകളും വെറുതെ വിടുകയായിരുന്നു. അപ്പോൾ അതിൻറെ കൺവിക്ഷൻ റേറ്റ് 29.2 മാത്രമേയുള്ളൂ. അപ്പോൾ യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന ഭീകരത എത്ര ഭയാനകമാണ്.

യുഎപിഎ ചുമത്തപ്പെടുന്ന വ്യക്തിക്ക് 60 ദിവസത്തിനകം കുറ്റപത്രം കൊടുത്തിരിക്കണമെന്നുള്ള വ്യവസ്ഥകൾ ഒന്നും ബധകമല്ല. എത്രനാൾ വേണമെങ്കിലും ഒരു വിചാരണ തടവുകാരനായി അദ്ദേഹത്തെ ജയിലിലടയ്ക്കാൻ കഴിയും. സ്റ്റാൻ സാമി അച്ചൻറെ കാര്യത്തിലും സംഭവിച്ചത് മറിച്ചല്ല. അദ്ദേഹം മരിച്ചപ്പോൾ ജയിലിൽ അടക്കപ്പെട്ട കുറ്റവാളിയായിരുന്നു. അക്യൂസ്ഡായി മരിക്കേണ്ടി വന്ന വ്യക്തിക്ക് നിഷേധിക്കപ്പെട്ട നീതി, നിഷേധിക്കപ്പെട്ട അന്തസ്സ് ഇവ രണ്ടും മാനിക്കപ്പെടണം. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നമ്മുടെ ക്രിമിനൽ നടപടിക്രമങ്ങൾ ഒന്നും അനുവദിക്കുന്നില്ലെങ്കിൽ കൂടി അദ്ദേഹത്തിൻറെ മേൽ ചുമത്തപ്പെട്ട കേസുകളുടെ വിചാരണ തുടരണം. അദ്ദേഹം ജീവിച്ചിരുന്നാൽ എങ്ങനെയോ അതുപോലതന്നെ. അദ്ദേഹം കുറ്റക്കാരനായിരുന്നോ അല്ലയോ എന്ന് തെളിയിക്കപ്പെടേണ്ടത് അദ്ദേഹത്തിൻറെ സമൂഹത്തിൻറെയും കുടുംബത്തിൻറെയും ഈ രാജ്യത്തെ ഒരോ പൗരൻറെയും ആവശ്യമാണ്.

കാരണം ഒരാളുടെ ക്രമിനൽ കേസ് ആ വ്യക്തിയുടെ മരണത്തോടുകൂടി ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇല്ലാതാകുകയാണ് ചെയ്യുന്നത്. പക്ഷെ ഇപ്രകാരം നീതി നിഷേധിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ട ഫാ. സ്റ്റാൻസ്വാമിയെപോലുള്ളവരുടെ സംഭവങ്ങൾക്ക് നീതിനിഷേധിക്കപ്പെടാൻ പാടില്ല. വിചാരണ തുടരണം. അതിന് ആവശ്യമായിട്ടുള്ള പ്രത്യേക ഉത്തരവ് തന്നെ നമ്മുടെ കോടതികളിൽ നിന്നുണ്ടാകേണ്ടതാണ്.

അദ്ദേഹത്തിൻറെ ഇപ്രകാരം നീണ്ടുപോകുന്ന ജയിൽവാസത്തെക്കുറിച്ച് അന്വേഷിച്ച് പരാതി സമർപ്പിക്കാനായി പ്രധാനമന്ത്രിയുൾപ്പെടെയുള്ളവരോട് സംസാരിച്ചപ്പോൾ അറിയിച്ച ഒരു നിരീക്ഷണം അദ്ദേഹത്തിന് മവോയിസ്റ്റ് ബന്ധമുണ്ടെന്നാണ്. ആരാണ് മാവോയിസ്റ്റുകൾ? മാവോയിസ്റ്റുകൾ ഈ കോടതിയെ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ ഒരിക്കലും മാവോയിസ്റ്റുകളാകുമായിരുന്നില്ല. കാരണം അവർക്ക് കോടതിയിലോ നിയമനിർമ്മാണത്തിലോ നിയമവ്യാഖ്യാനത്തിലോ നിയമനടത്തിപ്പിലോ വിശ്വാസമില്ല. രാഷ്ട്രത്തിന്റെ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന് ആരോപിച്ച് അവർ അവരുടേതായ ഒരു നീതി നിർവ്വഹണ സംവിധാനം സൃഷ്ടിച്ചിരിക്കുകയാണ്. ആ സംവിധാനത്തിലാണ് അവർക്ക് വിശ്വാസം.

എന്നാൽ സ്റ്റാൻസ്വാമി അച്ചൻ എന്താണ് ചെയ്തത്. അദ്ദേഹം ജാർഖണ്ഡ് ഹൈകോടതിയിൽ എത്ര ആളുകൾക്ക് വേണ്ടി ജാമ്യം അപേക്ഷിച്ചു. വിചാരണ കൂടാതെ ജയിലിൽ കഴിയുന്ന ചെറുപ്പക്കാരായിട്ടുള്ള ആദിവാസികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിടത്തെ സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും നൂറുകണക്കിന് അപക്ഷേകൾ അദ്ദേഹം കൊടുത്തിട്ടുണ്ട്. അദ്ദേഹം എപ്പോഴും പറയുന്നത് എനിക്ക് കോടതിയിൽ വിശ്വാസമുണ്ട് എന്നാണ്. റൂൾ ഓഫ് ലോ ഉണ്ട് എന്നു ഉറപ്പാക്കേണ്ടത് കോടതിയാണ്. ആ റൂളിൽ വിശ്വാസം അർപ്പിച്ചിട്ടാണ് അച്ചൻ ഇപ്രകാരമുള്ളവരെ മോചിപ്പിക്കാനായി കോടതിയിൽപോയത്. അപ്പോൾ അച്ചൻ മാവോയിസ്റ്റാണോ? മാവോയിസ്റ്റാണെങ്കിൽ അച്ചൻ കോടതിയെ സമീപിക്കുമായിരുന്നോ? തനിക്ക് വിശ്വാസംപോലും ഇല്ലാത്ത ഒരു സംഗതിയിലേക്ക് പോകുമായിരുന്നില്ല. അപ്പോൾ എന്തിനു വേണ്ടിയിട്ടാണ് അദ്ദേഹത്തെ ജയിലിൽ അടച്ചത്. അപ്പോൾ ഇതിനു പിന്നിലുള്ള ഗൂഢാലോചന എന്താണ് എന്ന് പുറത്തു വരേണ്ടിയിരിക്കുന്നു.

എൻറെ വീനീതമായ അഭിപ്രായം പൊതുചർച്ചകളിലൂടെ ഈ ചോദ്യങ്ങൾ പാർലമെൻറിലടക്കം ഉയർന്നു വരേണ്ടിയിരിക്കുന്നു എന്നാണ്. നീതി കൊലചെയ്യപ്പെടുകയാണന്ന് ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ അതിനാവശ്യമായ പൊതുജന മുന്നേറ്റങ്ങൾ ഉണ്ടാകണം. എവിടെ നമ്മുടെ ശബ്ദം ഉയരുന്നുവോ അവിടെ മാത്രമേ നീതി ഒരു നിലവിളിയായി ശ്രദ്ധിക്കപ്പെടുകയുള്ളൂ. എവിടെ നിശബ്ദതയുണ്ടോ അവിടെ അനീതി പെരുകും. നീതി നിഷേധിക്കുന്നവന് നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം എൻറെയും നിങ്ങളുടേതുമാണ്. ഞാനും നിങ്ങളും നിശബ്ദരായിരുന്നാൽ അനീതി ഇനിയും പെരുകും. അതുകൊണ്ട് അന്തസ്സോടെ ജീവിക്കാനും, അപരൻറെ അന്തസ്സ് ഉറപ്പാക്കാനും സ്റ്റാൻസ്വാമി അച്ചനെപ്പോലുള്ളവരുടെ മരിക്കാത്ത ഓർമ്മകൾ നമുക്ക് സഹായകമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

More Archives >>

Page 1 of 40