News - 2024

കമ്മ്യൂണിസ്റ്റ് ഭരണകൂടം നിയമിച്ച ഷാങ്ഹായ് മെത്രാന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം

പ്രവാചകശബ്ദം 17-07-2023 - Monday

ബെയ്ജിംഗ്: വത്തിക്കാനും ചൈനയും തമ്മിൽ നിലവിലുള്ള കരാർ ലംഘിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഷാങ്ഹായ് മെത്രാനായി നിയമിച്ച ജോസഫ് ഷെൻ ബിന്നിന്റെ നിയമനത്തിന് ഫ്രാൻസിസ് പാപ്പയുടെ അംഗീകാരം. ഇത് രണ്ടാമത്തെ തവണയാണ് മെത്രാന്മാരുടെ നിയമനം സംബന്ധിച്ച കരാർ ലംഘിച്ച് ഒരു മെത്രാനെ ചൈനീസ് ഭരണകൂടം നിയമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം നിയമനം ലഭിച്ച ജോസഫ് ഷെൻ ബിന്നിനെ ജൂലൈ പതിനഞ്ചാം തീയതിയാണ് ഔദ്യോഗികമായി ഫ്രാൻസിസ് മാർപാപ്പ ഷാങ്ഹായ് മെത്രാനായി അംഗീകരിച്ചത്. രൂപതയുടെ നന്മ മുന്നിൽകണ്ടും, മെത്രാന് ഇടയ ദൗത്യം ഫലദായകമായി നിർവഹിക്കാനുമാണ് ഷാങ്ഹായിലെ കാനോനികമായ ക്രമരാഹിത്യം പരിഹരിക്കാൻ ഫ്രാൻസിസ് മാർപാപ്പ തീരുമാനമെടുത്തതെന്ന് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പറഞ്ഞു.

ചൈനയിലെ മെത്രാൻ നിയമനങ്ങൾ, സ്ഥലം മാറ്റങ്ങൾ ഉൾപ്പെടെയുളളവ നേരത്തെ അംഗീകരിച്ചിട്ടുള്ളത് പോലെ സംവാദത്തിന്റെ ആത്മാവ് നിലനിർത്തിക്കൊണ്ട് പരസ്പര ധാരണയോടെ നിർവഹിക്കുകയെന്നത് അനിവാര്യമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ദശാബ്ദങ്ങളായി ചൈനീസ് സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനും, ചൈനയും തമ്മിൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന ആദ്യത്തെ കരാർ ഒപ്പുവച്ചത് 2018 ലാണ്. പിന്നീട് 2020ലും, 2022ലും കരാർ പുതുക്കി.

കഴിഞ്ഞവർഷം കരാർ പുതുക്കി ഒരു മാസത്തിനുശേഷം കരാർ ലംഘിച്ചുകൊണ്ട് വത്തിക്കാൻ അംഗീകരിക്കാത്ത ജിയാൻസി രൂപതയുടെ സഹായ മെത്രാനായി ജോൺ പെങിനെ ചൈനീസ് ഭരണകൂടം നിയമിച്ചുവെന്ന് വത്തിക്കാൻ ആരോപണം ഉന്നയിച്ചിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് കരാർ ലംഘനങ്ങൾ ഉണ്ടായെങ്കിലും, അവരുമായി സംവാദം തുടരാനുള്ള ആഗ്രഹത്തിലാണ് തങ്ങളെന്ന് സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ വിശദീകരിച്ചു. 2010ൽ, വത്തിക്കാന്റെയും, ചൈനയുടെയും അനുമതിയോടുകൂടിയാണ് ജോസഫ് ഷെൻ മെത്രാനായി നിയമിതനാകുന്നത്. ഹെയ്മൻ രൂപതയുടെ മെത്രാനായി ഏപ്രിൽ മാസം വരെ തുടർന്നതിന് ശേഷമാണ് അദ്ദേഹത്തെ വത്തിക്കാൻ അനുമതിയില്ലാതെ ഷാങ്ഹായിലേയ്ക്ക് ചൈനീസ് ഭരണകൂടം മാറ്റിയത്. വത്തിക്കാൻ അംഗീകരിക്കാത്ത, സർക്കാർ അംഗീകരിച്ച, കൗൺസിൽ ഓഫ് ചൈനീസ് ബിഷപ്സ് എന്നറിയപ്പെടുന്ന ചൈനയിലെ മെത്രാൻ സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് ബിഷപ്പ് ഷെൻ.


Related Articles »